ഡോ. ജോണ്‍ ഏബ്രഹാം
പാലുത്പാദനം കുറഞ്ഞ് ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍. ജലദൗര്‍ബല്യവും പച്ചപ്പുല്ലിന്റെ അഭാവവും വേനല്‍ക്കാലത്ത് പശുക്കളേയും അവയുടെ ഉല്‍പാദനത്തേയും ബാധിക്കും എന്നതിന് യാതൊരു സംശയവും ഇല്ല. കാലിത്തീറ്റക്കും, വൈക്കോലിനും മറ്റ് അനുബന്ധ തീറ്റവസ്തുക്കള്‍ക്കും വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ പ്രതിഭാസം, വേനല്‍ക്കാലത്ത് ക്ഷീരകര്‍ഷകരെപ്രതിസന്ധിയുടെ വക്കിലെത്തിക്കും. എന്നാല്‍ ശാസ്ത്രീയ പരിപാലനമുറകള്‍ അവലംബിച്ചാല്‍ കടുത്ത വേനല്‍ക്കാലത്തും ഒരു പരിധിവരെ പാല്‍ ഉല്‍പാദനം നിലനിര്‍ത്താന്‍ സാധിക്കും.
സൂര്യാഘാതം
മനുഷ്യരെപോലെ മൃഗങ്ങള്‍ക്കും വേനല്‍ക്കാലത്ത് സൂര്യാഘാതമേല്‍ക്കാം. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 3.30വരെ മൃഗങ്ങള്‍ക്ക് നിര്‍ബന്ധമായും തണല്‍ ലഭ്യമാക്കണം. അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനം ഒരു പരിധിവരെ മനുഷ്യനെ പോലെ മൃഗങ്ങള്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ ഒരു പരിധിക്കപ്പുറം താപനില ഉയര്‍ന്നാല്‍ ഈ പ്രവര്‍ത്തനം പരാജയപ്പെടും. ഇതാണ് സൂര്യാഘാതം. രോമാവൃതമായ ശരീരമുള്ള കന്നുകാലികള്‍ക്ക് പെട്ടെന്ന് സൂര്യാഘാതമേല്‍ക്കും. നട്ടുച്ച സമയത്ത് വെയിലത്ത് കെട്ടിയിടുകയോ, ഉയരം കുറഞ്ഞതും വായുസഞ്ചാരം കുറഞ്ഞതുമായ ആസ്‌ബെസറ്റോസോ, തകര ഷീറ്റോ മേഞ്ഞതുമായ ഉയരം കുറഞ്ഞ തൊഴുത്തില്‍ പാര്‍പ്പിക്കുന്നതും സൂര്യാഘാതത്തിന് കാരണമാകും. പശുക്കളുടെ ശരീരതാപനില 39 ഡിഗ്രി സെന്റീഗ്രേഡില്‍ എത്തുമ്പോള്‍ ശാരീരിക അസ്വസ്തത, കാലിടര്‍ച്ച, കിതപ്പ്, നാക്ക് പുറത്തേക്ക് തള്ളുക, പതയോട് കൂടിയ ഉമിനീര്‍ ഒലിപ്പ്, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, ഉണങ്ങി വരണ്ട മൂക്ക് എന്നിവ പ്രകടമാകും. വെള്ളം കുടിക്കാന്‍ ആര്‍ത്തികാണിക്കുമെങ്കിലും കാലിത്തീറ്റയോ പുല്ലോ തിന്നുകയില്ല. പാല്‍ ഉല്‍പാദനം ഗണ്യമായി കുറയുകയും, പാലിന് ചൂട് അനുഭവപ്പെടുകയും ചെയ്യും. ശരീരോഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസ് എത്തിയാല്‍ അനിയന്ത്രിതമായ കിതപ്പ്, നുരയും പതയും നിറഞ്ഞ ഉമിനീരൊലിപ്പ്, ശ്വാസതടസം, വിറയല്‍ എന്നിവ കാണിക്കും. ചില സമയങ്ങളില്‍ അപസ്മാരം പോലുള്ള ലക്ഷണങ്ങളും കാണാം. ശരീര താപനില കുറച്ചുകൂടി കൂടിയാല്‍ മരണം വരെ സംഭവിക്കാം.
കാലികള്‍ക്ക് വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതിനാല്‍ ഉയര്‍ന്ന താപനില അസ്വസ്തത ഉണ്ടാക്കും. പശുക്കള്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന താപനില 17-21 ഡിഗ്രി സെല്‍ഷ്യസ് ആണ്. അന്തരീക്ഷ താപനില 21 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമ്പോള്‍ പാല്‍ ഉല്‍പാദനം കുറഞ്ഞുതുടങ്ങും. 27 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ 10 ശതമാനം കുറവ് അനുഭവപ്പെടും. 32 ഡിഗ്രി സെല്‍ഷ്യസ് ആകുമ്പോള്‍ പാല്‍ ഉത്പാദനം 35 ശതമാനത്തില്‍ അധികം കുറയും.
സങ്കര ഇനങ്ങളില്‍ കൂടുതല്‍ ചൂട് സഹിക്കാനുള്ള കഴിവ് ബ്രൗണ്‍സ്വിസ്സ് ഇനത്തിനാണ്. 28 ഡിഗ്രി സെല്‍ഷ്യസ് വരെ. ജേര്‍സി സങ്കരയിനം 25 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് സഹിക്കും. എന്നാല്‍ ഏറ്റവും കൂടുല്‍ വ്യാപകമായ ഹൊള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനത്തിന് 22 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് സഹിക്കാനുള്ള കഴിവേ ഉള്ളൂ. എന്നാല്‍ തനി നാടന്‍ പശുക്കള്‍ക്ക് 32 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് സഹിക്കാനുള്ള കഴിവുണ്ട്.
കേരളത്തിലെ ചൂടും ഈര്‍പ്പവും കൂടിയ ഭൂരിഭാഗം പ്രദേശങ്ങളിലും പകലും രാത്രിയിലും ഉള്ള താപനില തമ്മില്‍ വലിയ വ്യത്യാസമില്ല. അതുകൊണ്ട് പശുക്കള്‍ക്ക് പകലും രാത്രിയിലും ചൂട് അനുഭവപ്പെടുന്നു. എന്നാല്‍ വയനാട്, ഇടുക്കി പോലുള്ള ഉയര്‍ന്ന സ്ഥലങ്ങളില്‍ പകലും രാത്രിയിലും ഉള്ള താപനില തമ്മില്‍ വലിയ അന്തരമുണ്ട്. അതുകൊണ്ടാണ് വയനാടും ഇടുക്കിയും പശുവളര്‍ത്തലിന് അനുയോജ്യമായ സ്ഥലമായി തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റുള്ള സ്ഥലങ്ങളില്‍ പശുക്കളെ രാത്രി തൊഴുത്തിന് പുറത്തിറക്കി കെട്ടിയാല്‍ പശുക്കള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കും.
Thursday, 12th December 2024
Leave a Reply