
ഡോ. ജോണ്‍ ഏബ്രഹാം
വൈവിദ്ധ്യമാര്‍ന്ന നിറങ്ങളിലും വലുപ്പത്തിലും ഉള്ള പശുക്കള്‍ ഇന്ത്യയിലുണ്ട്. ഇവയെ ഉപയോഗമനുസരിച്ച് പാലുല്‍പാദനത്തിനുള്ളവ, കാര്‍ഷികാവശ്യത്തിനുള്ളവ, രണ്ട് ആവശ്യത്തിനും ഉതകുന്നവ എന്ന രീതിയില്‍ തരംതിരിക്കപ്പെട്ടിട്ടുണ്ട്. മുതുകിലുള്ള വലിയ പുഞ്ഞി, ഞൊറിപോലെ കഴുത്തിന് താഴെയുള്ള തൊലി, വലിയ ചെവി എന്നിവ ഇന്ത്യന്‍ ഗോക്കളുടെ പൊതുവായ പ്രത്യേകതയാണ്.
ഇന്ത്യന്‍ ജനുസ്സുകള്‍ പൊതുവേ ചൂട് സഹിക്കുവാന്‍ കഴിവുള്ളവയും, രോഗപ്രതിരോധ ശേഷി കൂടുതലുള്ളവയുമാണ്. സങ്കരയിനങ്ങളെ അപേക്ഷിച്ച് ചോരകുടിക്കുന്ന പരാദങ്ങളെ ചെറുക്കുന്നതിനുള്ള കഴിവും കൂടുതലാണ്. അതുകൊണ്ട് ഇന്ത്യയുടെ അഭിമാനമായ സാഹിവാള്‍, സിന്ധി, ഓങ്കോള്‍ എന്നീ ജനുസ്സുകളെ വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. ബ്രാഹ്മണ്‍ എന്ന ജനുസ്സ് രൂപപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും, ബ്രസീലിലും, ഓസ്‌ട്രേലിയയിലും ഇവയുടെ ഫാമുകള്‍ ഉണ്ട്. ഇന്ത്യയിലെ മികച്ച പാലുല്‍പാദന ജനുസ്സുകള്‍, സിന്ധു നദീതടങ്ങളില്‍ നിന്നും ഉത്ഭവിച്ചവയാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ: ചുവപ്പ് സിന്ധി, സാഹിവാള്‍, ഗീര്‍, താര്‍പാര്‍ക്കര്‍ എന്നിവയാണ്. ഇവയില്‍ സിന്ധി, സാഹിവാള്‍, ഗീര്‍ എന്നിവ കടും ചുവപ്പ് നിറവും, താര്‍പാര്‍ക്കര്‍ വെള്ള നിറവുമാണ്.
സിന്ധി
പാകിസ്ഥാനിലുള്ള സിന്ധ് പ്രവിശ്യയായ കറാച്ചി, ഹൈദരാബാദ് ജില്ലകളില്‍ ഉത്ഭവം. ചുവപ്പ് കറാച്ചി എന്ന പേരിലും അറിയപ്പെടുന്നു. ഒരു കറവയില്‍ 1100-2600 പാല്‍ ഉല്‍പാദിപ്പിക്കുന്നു. ഏറ്റവും ലാഭകരമായി പാല്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യന്‍ ജനുസ്സ്
സാഹിവാള്‍
പാക്കിസ്ഥാനിലെ മോണ്ട്‌ഗോമരി ജില്ലയില്‍ നിന്നാണ് ഉത്ഭവം. ശരീരത്തില്‍ തൊലി വളരെ അയഞ്ഞു കിടക്കുന്നതിനാല്‍ ലോല എന്നും അറിയപ്പെടുന്നു. ഒരു കറവയില്‍ 2725 മുതല്‍ 3175 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീരജനുസ്സാണ്.
ഗീര്‍
ഗുജറാത്തിലെ, തെക്ക് കത്തിയവാര്‍ ജില്ലയിലെ ഗീര്‍ വനങ്ങളില്‍ ഉത്ഭവം. തല പന്ത് പോലെ ഉരുണ്ടിരിക്കും. ചെറിയ കൊമ്പുകള്‍ വളഞ്ഞ് ചന്ദ്രക്കല പോലെയിരിക്കും. ഉണങ്ങിയ കരിയില പോലുള്ള ചെവി. ഒരു കറവയില്‍ 1500 മുതല്‍ 2100 ലിറ്റര്‍ വരെ പാല്‍ ഉത്പാദനം.
താര്‍പാര്‍ക്കര്‍
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയില്‍ ഉത്ഭവം. വെള്ള സിന്ധി, തരായി എന്നീ പേരുകളിലും അറിയപ്പെടുന്നു. ചെറിയ കനമുള്ള കൊമ്പുകള്‍. ശരീരം മുഴുവന്‍ വെള്ള നിറമാണെങ്കിലും വാലിന്റെ അറ്റം കറുപ്പ്. ഒരു കറവയില്‍ 1800-2260 ലിറ്റര്‍ പാല്‍ ഉത്പാദനം.
ഹരിയാന
ഹരിയാനയിലെ റോത്തക്ക്, ഹിസ്സാര്‍, ഗുഡ്ഗാവ് ജില്ലകളില്‍ നിന്ന് ഉത്ഭവം. വെള്ള നിറം, ചെറിയ കൊമ്പ്, നീണ്ട മുഖം, ഒരു കറവയില്‍ 1000-1500 ലിറ്റര്‍ പാല്‍ ഉത്പാദനം.
ഓങ്കോള്‍
ആന്ധ്ര പ്രദേശിലെ നെല്ലൂര്‍, ഗുണ്ടൂര്‍, പ്രകാശം ജില്ലകളില്‍ ഉത്ഭവം. ഭാരം കൂടിയ വലിയ മൃഗം. മിനുമിനുത്ത വെള്ള നിറം. നീണ്ട മുഖം, ചെറിയ കൊമ്പ്. കറുത്ത വാലറ്റം. കിടാവുകള്‍ ജനിക്കുമ്പോള്‍ ചുവപ്പ് നിറം. ആറ് മാസം കഴിയുമ്പോള്‍ വെള്ള നിറമായി മാറും. ഒരു കറവയില്‍ 1000-2000 ലിറ്റര്‍ പാല്‍ ഉത്പാദനം. ഈ ഇനത്തിലെ മികച്ച പശുക്കളെ ഇപ്പോള്‍ ബ്രസീലില്‍ കാണാം.
കാങ്കറേജ്
ഗുജറാത്തിലെ കച്ചില്‍ ഉത്ഭവം. ഇന്ത്യയിലുള്ളതില്‍ ഏറ്റവും ഭാരം കൂടിയ ഇനം. വലിയ ചെവി, ചാരവെള്ളി നിറം മുതല്‍ കറുപ്പ് നിറങ്ങളില്‍ കാണാം. വില്ല് പോലുള്ള കൊമ്പുകള്‍. ഒരു കറവയില്‍ 1000-2000 ലിറ്റര്‍ പാല്‍ ഉത്പാദനം
ഡിയൊണി
മഹാരാഷ്ട്രയിലെ മറാത്തവാഡ ജില്ലയില്‍ ഉത്ഭവം. വെള്ള നിറമുള്ള ശരീരത്തില്‍, കറുപ്പ് പാണ്ടുകള്‍. ചെറിയ കനമുള്ള കൊമ്പുകള്‍. കറുത്ത വാലറ്റം. ഒരു കറവയില്‍ 1000-2000 ലിറ്റര്‍ പാല്‍ ഉത്പാദനം.
Leave a Reply