അഹല്യ ഉണ്ണിപ്രവൻ
ഔഷധ ഗുണവും പോഷക സമ്പുഷ്ടവും നിറഞ്ഞ ഒരു ഫലമാണ് പാഷന്‍ ഫ്രൂട്ട്.ഏറെ സുപരിചിതമായ ഒരു ഫലം കൂടിയാണ്. ഇനിയിപ്പോ ക്ഷീണവും തളര്‍ച്ചയും ദാഹവുമൊക്കെ അനുഭവപ്പെടുന്നുണ്ടോ? ഒരു പാഷന്‍ ഫ്രൂട്ട് ജ്യൂസ് കഴിച്ചു നോക്കൂ.. എല്ലാം പമ്പ കടക്കും. നാരുകള്‍ ഉള്ള ഈ പഴം നാഡീസംബന്ധമായ രോഗങ്ങള്‍ക്കും ഉറക്കക്കുറവിനും സിദ്ധൗഷധമാണ്. പാഷന്‍ ഫ്രൂട്ട് കഴിക്കുന്നത് ശീലമാക്കി നോക്കൂ. ജീവിതം തന്നെ മാറിമറിയും. അത്രയെറേ ഗുണഫലങ്ങൾ നിറഞ്ഞതാണ് ഫാഷൻ ഫ്രൂട്ട് .
പാസിഫ്‌ലോറിന്‍ സമ്മര്‍ദ്ദം കുറയ്ക്കും
പാസിഫ്ലോറ കുടുംബത്തില്‍പ്പെട്ട പാഷന്‍ ഫ്രൂട്ടില്‍നിന്നും വേർതിരിച്ചെടുക്കുന്ന പാസിഫ്ലോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള ഒറ്റമൂലി കൂടിയാണ്. പല മരുന്നുകളിലേയും അവിഭാജ്യ ഘടകമാണിത്. ടെന്‍ഷന്‍ മാത്രമല്ല ഹൃദ്രോഗത്തേയും കാന്‍സറിനെയും പ്രതിരോധിക്കാന്‍ പാഷന്‍ ഫ്രൂട്ടിന് സാധിക്കും.
പാസിഫ്ലോറിന്‍ മാത്രമല്ല റൈസോഫ്ളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമെല്ലാം പാഷന്‍ ഫ്രൂട്ടിന്റെ രുചിയും ഗുണവും കൂട്ടുന്നതാണ്. ഇക്കാരണത്താല്‍ ലോക വിപണിയില്‍ പാഷന്‍ ഫ്രൂട്ടിന് ഡിമാന്‍ഡ് തന്നെ ഏറിവരുകയാണ്. ബ്രസീല്‍, ഓസ്ട്രേലിയ, ഫിജി എന്നീ രാജ്യങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. പാഷന്‍ ഫ്രൂട്ടിന്റെ സ്വന്തം നാടായ ബ്രസീലാണ് ഉത്പാദനത്തില്‍ ഒന്നാമത്.
മാനസിക സമ്മര്‍ദ്ദം
പുതിയ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന കാര്യമാണ് മാനസിക സമ്മര്‍ദ്ദം. ഓഫീസിലും വീട്ടിലും ഒരു പോലെ സമ്മര്‍ദ്ദം നേരിടുന്നവരാണ് നമുക്കിടയിൽ ഏറെയും. ചിലര്‍ യോഗയ്ക്കും മറ്റു ചിലരാവട്ടെ മനസ്സിനെ നിയന്ത്രിക്കാനുളള മാര്‍ഗ്ഗങ്ങളും തേടി പോകുന്നു. ഹൈപ്പര്‍ ടെൻഷൻനുളളവര്‍ അതിവേഗം മരുന്നുകളില്‍ അഭയം തേടുന്നു. ഇവരൊക്കെ പാഷന്‍ ഫ്രൂട്ടിന്റെ മഹത്വം അറിയാത്തവരായിരിക്കും.ഈ ഫ്രൂട്ട് ജ്യൂസായോ ജെല്ലിയായോ അല്ലെങ്കില്‍ നേരിട്ടോ ഒക്കെ കഴിച്ചാലുളള മാറ്റം അത്ഭുതകരമാണ്. അത്രയേറെ പ്രധാനപ്പെട്ടതാണ് പാഷന്‍ ഫ്രൂട്ടിന്റെ ഔഷധ ഗുണം. ഇതെല്ലാം നമ്മുടെ പഠനങ്ങൾതെളിയിച്ചതുമാണ്.
രക്തത്തിലെ കൗണ്ട് വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ടിന്റെ ജ്യൂസിനും ഡിമാന്‍ഡ് കൂടി. ക്ഷീണവും തളര്‍ച്ചയും മാറ്റാനും ഈ ജ്യൂസ് കഴിച്ചാല്‍ മതി. ഡെങ്കി പോലെയുളള പനികള്‍ നാട്ടില്‍ പടര്‍ന്നപ്പോഴാണ് എല്ലാവരും പാഷന്‍ ഫ്രൂട്ടിനെയും തിരിച്ചറിഞ്ഞത്. ചക്ക, പപ്പായ എന്നീ പഴങ്ങളെപ്പോലെ അവഗണനയില്‍ ആയിരുന്നു പാഷന്‍ ഫ്രൂട്ടും. മണവും നിറവും കൂട്ടാന്‍ രാസവസ്തുക്കള്‍ ഒന്നും ആവശ്യമില്ലെന്നതാണ് പാഷന്‍ ഫ്രൂട്ട് ജ്യൂസിന്റെ പ്രത്യേകത എന്നത്. മാമ്പഴ ജ്യൂസിനേക്കാള്‍ കൊതിപ്പിക്കുന്ന നിറമാണ് പാഷന്‍ ഫ്രൂട്ട് ജ്യൂസിന്റേത്.
വൈവിധ്യമേറിയ ഉത്പന്നങ്ങള്‍
പാഷന്‍ ഫ്രൂട്ടിന്റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാക്കാം. ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ് പാഷന്‍ ഫ്രൂട്ട്. മാത്രമല്ല തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനു മുമ്പായി പറിച്ചെടുത്താല്‍ പുളിക്ക് പകരമായി കറികളില്‍ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേര്‍ത്ത് പാനീയം ഉണ്ടാക്കി കുടിക്കാം. പച്ച കായ എടുത്ത് കാന്താരി മുളകും ഉപ്പും ചേര്‍ത്ത് അരച്ചെടുത്താല്‍ നല്ല ചമ്മന്തി തയ്യാറാക്കാം. പാഷന്‍ ഫ്രൂട്ടിന്റെ കാമ്പ്, പഞ്ചസാര, കാന്താരി മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യൂസിന് പ്രത്യേക രുചിയാണ്. മധുരം, ഉപ്പ്, പുളി, എരിവ് എന്നീ നാലു രുചികളും ചേര്‍ന്നു വരുന്ന അപൂര്‍വ്വ സ്വാദാണ് ഈ പാനീയത്തിന്.
*വ്യത്യസ്തയിനം പാഷൻ ഫ്രൂട്ടുകൾ*
പാഷന്‍ ഫ്രൂട്ട് മഞ്ഞയും പര്‍പ്പിളും
രണ്ടുതരം പാഷന്‍ ഫ്രൂട്ടിനും വ്യത്യസ്ത രുചികളാണുളളത്. സാധാരണയായി പാഷന്‍ ഫ്രൂട്ടെന്നു പറഞ്ഞാല്‍ മനസ്സില്‍ തെളിയുന്നത് കടും മഞ്ഞ നിറത്തിലുളള പഴമാണ്. പര്‍പ്പിള്‍ നിറത്തിലുളള പഴം പലര്‍ക്കും പരിചയമില്ല. മഞ്ഞ നിറത്തിലുളള പഴത്തിന് പുളി രസമാണ് മേമ്പൊടി. എന്നാല്‍ നന്നായി പാകമായ പര്‍പ്പിള്‍ പാഷന്‍ ഫ്രൂട്ടിന് കടും മധുരമാണ്. കഴിക്കാനായി പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ലെന്നര്‍ത്ഥം. കടും പച്ച നിറത്തിലുളള കായകള്‍ പഴുക്കുമ്പോഴാണ് നിറം മാറുന്നത്. പര്‍പ്പിള്‍ നിറത്തിലുളള പഴം പാകമായി തൊണ്ട് ചുളിഞ്ഞു തുടങ്ങിയാല്‍ കാമ്പ് നല്ല മധുരമായെന്ന് മനസ്സിലാക്കാം.
*കൃഷിരീതി*
നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഈ വള്ളിച്ചെടിയുടെ വിത്തു മുളപ്പിച്ച തൈകളാണ് നടാന്‍ നല്ലത്. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ഒരു കിലോഗ്രാം കുമ്മായമിട്ട് മണ്ണുമായി ഇളക്കിച്ചേര്‍ക്കണം. പത്തു ദിവസത്തിനുശേഷം 15 കിലോഗ്രാം ചാണകപ്പൊടിയും മേൽ മണ്ണിട്ട് കുഴി നിറയ്ക്കണം. പശുക്കളുടെ ചാണകവും കോഴിക്കാഷ്ഠവും അടിസ്ഥാനവളമായി നല്‍കാം. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. പുളിരസം തീരെ കുറഞ്ഞ മണ്ണാണ് വളരെ ഉത്തമം.
*പരിചരണം കൃത്യമായി*
മെയ്,ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍ ,ഒക്ടോബര്‍ മാസങ്ങളിലും പാഷന്‍ ഫ്രൂട്ട് പൂവിടും. മണ്ണില്‍ നട്ട് ടെറസ്സിലേക്ക് പടര്‍ത്തി പന്തലിടുന്ന രീതിയാണ് പൊതുവേ കാണപ്പെടുന്നത്. ചെടി പടര്‍ന്നു പന്തലിച്ചാല്‍ താഴെയുളള മുറികള്‍ ശീതീകരിച്ചതിനു തുല്യമാണ്. കൂടെക്കൂടെ ഇല കൊഴിഞ്ഞ് ടെറസ് വൃത്തിഹീനവുമാകില്ല. തൈകള്‍ വളര്‍ന്ന് എട്ടു മാസം കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും. തണ്ടുകള്‍ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുക.
നല്ല തൈകള്‍ നട്ടാല്‍ എട്ടു വര്‍ഷം വരെ മികച്ച വിളവു ലഭിക്കും. വിളവെടുപ്പ് കഴിയുമ്പോള്‍ പ്രൂണിംഗ് (കൊമ്പുകോതല്‍) നടത്തിയാല്‍ കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടിമുളയ്ക്കും. ഇതിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാം. ചെടികളുടെ വളര്‍ച്ചയ്ക്കും ഉത്പാദന വര്‍ധനവിനും തേനീച്ചകള്‍ സഹായിക്കുമെന്നതിനാല്‍ തേനിച്ച പെട്ടികള്‍ സ്ഥാപിക്കുകയുമാവാം.
Leave a Reply