Thursday, 12th December 2024
സസ്യാരോഗ്യ പരിപാലനം എന്ന വിഷയത്തില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഹൈദ്രാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റിന് സമാനമായി കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് യാഥാര്‍ത്ഥ്യമാക്കും.  ആലപ്പുഴ മങ്കൊമ്പിലെ പ്രാദേശിക നിരീക്ഷണ കേന്ദ്രമായ കെ.സി.പി.എംനെയാണ് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമായി ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നത്.  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ്-ഹൈദ്രാബാദും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി നടത്തുന്ന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് പാസ്സായ ഉദ്യോഗസ്ഥര്‍ക്കുള്ള ബിരുദദാന ചടങ്ങ് തിരുവനന്തപുരം സമേതിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷി മന്ത്രി. വി.എസ്. സുനില്‍കുമാര്‍.
പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് കോഴ്സ് ബിരുദം നേടിയ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് തങ്ങളുടെ മേഖലയില്‍ കാഴ്ചവയ്ക്കുന്നതെന്ന് ബിരുദദാന ചടങ്ങില്‍ സര്‍ട്ടിക്കറ്റ് വിതരണം നടത്തിയശേഷം കൃഷിമന്ത്രി പറയുകയുണ്ടായി.  നല്ല കൃഷിമുറ സമ്പ്രദായങ്ങള്‍, ജൈവ കൃഷിമുറകള്‍, കൃഷിയിടത്തിലെ ജൈവ ഉത്പാദനോപാധികളുടെ നിര്‍മ്മാണം എന്നിവ പ്രായോഗികമായി പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് ബിരുദം നേടിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശീലിപ്പിച്ചു വരുന്നുണ്ട്.  രാസ കീടനാശിനികളുടെ ഉപയോഗം കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ വളരെ ഗണ്യമായി കുറയ്ക്കുന്നതിനും സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്.  പാരിസ്ഥിതിക എഞ്ചിനീയറിംഗ്, ആവാസവ്യവസ്ഥാ അവലോകനം എന്നിവ പല കൃഷിയിടങ്ങളിലും നടത്തി വരുന്നുണ്ട്.  
കാര്‍ഷിക പാരിസ്ഥിതിക മേഖലകള്‍ തിരിച്ചുള്ള പഠനത്തിനാണ് വകുപ്പ് ഇപ്പോള്‍ ശ്രദ്ധ നല്‍കിയിരിക്കുന്നതെന്നും ഇതിന്‍റെ അടിസ്ഥാനത്തിലുള്ള വിള പരിപാലന ശുപാര്‍ശകള്‍ കര്‍ഷകര്‍ക്കായി പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.  കൃഷിവകുപ്പ് സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് 5-ാ മത്തെ ബാച്ചിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.  ബിരുദദാന ചടങ്ങില്‍ കാരഷികോത്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ് ഐ.എ.സ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍കേല്‍ക്കര്‍ ഐ.എ.എസ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് ഹെല്‍ത്ത് മാനേജ്മെന്‍റ് ഡയറക്ടര്‍ ജനറല്‍ ഡോ. ജയലക്ഷ്മി, ഐ.എ.എസ്, ഡയറക്ടര്‍ ഡോ. രവി.ജി, സമേതി ഡയറക്ടര്‍ ഫസീലാബീഗം എന്നിവര്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *