Friday, 19th April 2024
വിത്തുകൈമാറിക്കൊണ്ട് വിത്തുല്‍സവം സമാപിച്ചു

നാലാമത് വിത്തുല്‍സവത്തിന് വിത്തുകൈമാറ്റത്തിലൂടെ തിരശ്ശീല വീണു. പഴയതലമുറയിലെ കാരണവډാര്‍ പുതു തലമുറയിലെ കുട്ടികള്‍ക്ക് വിത്ത് കൈമാറ്റം നടത്തിക്കൊണ്ടും വരും തലമുറക്കായി വിത്ത് കരുതിവെക്കും എന്ന പ്രതിജ്ഞയോടെയുമാണ് വിത്തുല്‍സവത്തിന്‍റെ നാലാമത്തെ വര്‍ഷം അവസാനിച്ചത്. ജില്ലയിലെ എല്ലാ പഞ്ചായത്തില്‍ നിന്നും, മുന്‍സിപ്പാലിറ്റിയില്‍ നിന്നും കര്‍ഷകര്‍ അവരുടെ വിവിധങ്ങളായ വിള വിത്തു വൈവിധ്യം പ്രദര്‍ശിപ്പിക്കുകയും അവ ആവശ്യക്കാര്‍ക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് കര്‍ഷകരും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.
വിത്തുല്‍സവത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക ആവാസവ്യവസ്ഥകളും എന്ന വിഷയം ചര്‍ച്ച ചെയ്തു. നെല്‍ വിളയിലെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ഇനങ്ങളെക്കുറിച്ച് ഡോ.സിന്ധുമോള്‍(അസിസ്റ്റന്‍റ് പ്രൊഫസര്‍,കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി) സംസാരിച്ചു. വയനാടിന്‍റെ കാര്‍ഷിക ആവാസ വ്യവസ്ഥകളെക്കുറിച്ചും അവക്കുണ്ടായ മാറ്റത്തെക്കുറിച്ചും ഡോ.അനില്‍ സക്കറിയ (അസി.പ്രൊജക്ട് ഓഫീസര്‍,മൃഗസംരക്ഷണ വകുപ്പ്) പ്രബന്ധം അവതരിപ്പിച്ചു.

വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതിയും പരമ്പരാഗത കര്‍ഷകരുടെ സംഘടനയായ സീഡ്കെയറും വയനാട്ടിലെ ഗ്രാമപഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും നബാര്‍ഡും കേരള കുടുംബശ്രീ മിഷനും ചേര്‍ന്നാണ് വിത്തുല്‍സവം സംഘടിപ്പിച്ചത്. വൈകീട്ട് നടന്ന സമാപന ചടങ്ങ് പ്രൊഫ.എം.കെ.പ്രസാദ്,(ചെയര്‍മാന്‍ സ്റ്റിയറിംഗ് കമ്മറ്റി,സി.എ.ബി.സി.) ഉദ്ഘാടനം ചെയ്തു. ശ്രീമതി എ.ദേവകി അദ്ധ്യക്ഷത വഹിച്ചു. പങ്കെടുത്ത പഞ്ചായത്തുകള്‍ക്കും കര്‍ഷകര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *