
പാൽവില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കർഷകർ മിൽമ ഡയറിയിലേക്ക് മാർച്ച് നടത്തി
പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ക്ഷീര കർഷകർ മിൽമയുടെ ചുഴലി പ്ലാന്റിലേക്ക് മാർച്ച് നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ക്ഷീര കർഷകർ മാർച്ചിൽ പങ്കെടുത്തു. കാലിത്തീറ്റ വില വർദ്ധവിന് ആനുപാതികമായി പാൽവില വർദ്ധിപ്പിക്കണമെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. ക്ഷീര കർഷകരും കൽപ്പറ്റ എം എൽ എ യുമായ സി.കെ ശശീന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.
പശുവളർത്തൽ വ്യാവസായിക മേഖലയിൽ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീർത്തും സാധാരണക്കാരായ ആളുകളാണ് പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. വ്യവസായികളുടെ കൂട്ടത്തിലാണ് കർഷകരെ കേന്ദ്രസർക്കാർ കാണുന്നതെന്ന് സി.കെ ശശീന്ദ്രൻ എംഎൽഎ കുറ്റപ്പെടുത്തി.
കഴിഞ്ഞ പ്രളയ കാലത്ത് വലിയ നഷ്ടമാണ് ക്ഷീരമേഖലയിൽ ഉണ്ടായത്. അതിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ് അടിക്കടി കാലിത്തീറ്റയ്ക്ക് വില വർധിക്കുന്നതന്നും അദ്ദേഹം പറഞ്ഞു. എച്ച്.ഡി പ്രദീപ് മാസ്റ്റർ ,പി.പി ആലി തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Leave a Reply