വയനാടൻ കാപ്പിയുടെ രുചി ലേകത്തെ അറിയിച്ച ജ്വാലിനി നേമചന്ദ്രന് കാപ്പി ദിനത്തിൽ നാടിന്റെ ആദരവ്. റോബസ്റ്റ കാപ്പിക്ക് പ്രശസ്തമായ വയനാട്ടിലെ സ്വന്തം കാപ്പിത്തോട്ടത്തിൽ നിന്ന് വിളവെടുത്ത കാപ്പി സംസ്കരിച്ച് രുചിയേറും ചുടുകാപ്പിയായി കാപ്പി പ്രിയരിൽ എത്തിച്ചതിനാണ് 2017-ൽ കോഫി ബോർഡ് ജ്വാലിനിക്ക് ദേശീയ പുരസ്കാരം നൽകിയത്. കഴിഞ്ഞ വർഷത്തെ കാപ്പി ദിനത്തോടനുബന്ധിച്ചാണ് ഏറ്റവും രുചിയുള്ള കാപ്പി തയ്യാറാക്കുന്നതിന് ഫ്ളേവർ ഓഫ് ഇന്ത്യ ഫൈൻ കപ് അവാർഡ് ഏർപ്പെടുത്തിയത്. വയനാട്ടിലെ മാനന്തവാടിക്കടുത്ത് കൊയിലേരി പുതിയിടത്ത് സ്വന്തമായി 15 ഏക്കർ കാപ്പിത്തോട്ടം ഉള്ള ജ്വാലിനി കുടുംബം പാരമ്പര്യ കാപ്പി കർഷകരാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി കൃഷിയുള്ളത് വയനാട്ടിലാണ്. ഏകദേശം 60,000 കർഷകർ 67642 ഹെക്ടർ സ്ഥലത്താണ് വയനാട്ടിൽ റോബസ്റ്റ കാപ്പി കൃഷി ചെയ്യുന്നത്. ജ്വാലിനിയെ പോലെ സ്ത്രീകൾ തന്നെയാണ് കൃഷിയിലും വിളവെടുപ്പിലും സംസ്കരണത്തിലും വിപണനത്തിനും മുന്നിൽ നില്ക്കുന്നത്. ഇവരെ പോലുള്ളവർക്ക് വലിയ ആദരവായാണ് വുമൺ ഇൻ കോഫി എന്ന വിഷയം ഇപ്രാവശ്യത്തെ അന്താരാഷ്ട്ര കാപ്പി ദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിട്ടുള്ളത്. കോഫി ബോർഡിന്റെയും നബാർഡിന് കീഴിലെ വേവിൻ കാർഷികോൽപാദക കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റയിൽ നടക്കുന്ന അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിൽ ജ്വാലിനിയെ കൂടാതെ മൂന്ന് വനിതാ സംരംഭകരെയും പുരസ്കാരം നൽകി ആദരിച്ചു.
അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായുള്ള ഈ വർഷത്തെ മികച്ച കാപ്പി സംരംഭകക്കുള്ള പുരസ്കാരം തമിഴ്നാട്ടിലെ ഗൂഡല്ലൂർ സ്വദേശിനിയും റോക്ക്ലാൻഡ്സ് കോഫി കമ്പനി ഉടമയുമായ ഡോ: എം. സ്മിതക്ക് നൽകി.. ഡെഹ്റാഡൂണിലെ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫോറസ്റ്റ് ബയോടെക്നോളജിയിൽ പി.എച്ച്.ഡി. നേടിയ ശേഷം ബാംഗ്ളൂരിൽ നിന്ന് കോഫി റോസ്റ്റിംഗിൽ സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയാക്കിയ ശേഷമാണ് 2016ൽ ഇവർ സംരംഭക യായി ബിസിനസിൽ തുടക്കം കുറിച്ചത്. പശ്ചിമഘട്ട മേഖലയിലെ നീലഗിരി ബയോസ്ഫിയറിൽപ്പെട്ട കാപ്പി തോട്ടങ്ങളിൽ നിന്നും സ്വന്തമായുള്ള അമ്പത് ഏക്കർ തോട്ടത്തിൽ നിന്നും ഉള്ള കാപ്പിയാണ് റോസ്റ്റഡ് സിയന്ന എന്ന പേരിൽ ഇവർ ബ്രാൻഡ് ചെയ്ത് വിൽക്കുന്നത്. റോബസ്റ്റയും അറബിക്കയും മാത്രമായും ഇവ രണ്ടും ബ്ലൻഡ് ചെയ്തും വ്യത്യസ്ത രുചികളിലായി ആവശ്യക്കാരിലെത്തിക്കുന്നുണ്ട്. ഗുണമേന്മയുള്ള കാപ്പി ഉല്പാദനത്തിൽ കർഷകർക്കിടയിൽ ഡോ: സ്മിതയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും നടത്തി വരുന്നുണ്ട്.
അന്താരാഷ്ട്ര കാപ്പി ദിനത്തോടനുബന്ധിച്ച് മികച്ച സ്ത്രീ സംരംഭകരെ ആദരിക്കുന്നതിന്റെ ഭാഗമായി മികച്ച കാപ്പി കയറ്റുമതി സംരംഭകയായി കൽപ്പറ്റ മണിയ ങ്കോട് ഗ്രീൻ ഗോൾഡ് എക്സ്പോർട്ടേഴ്സ് ഉടമ ശാന്തി പാലക്കലിനെ തിരഞ്ഞെടുത്തു. പത്ത് ഏക്കർ സ്വന്തം കാപ്പി തോട്ടത്തിലെ റോബസ്റ്റ കാപ്പി സംസ്കരിച്ച് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. കാപ്പി കർഷക പാരമ്പര്യത്തിൽ ജനിച്ചു വളർന്ന ശാന്തി രണ്ട് വർഷം മുമ്പാണ് സംരംഭം തുടങ്ങിയത്. വയനാടൻ കാപ്പി പ്രത്യേകം ഗ്രേഡുകളിൽ ഉയർന്ന ഗുണമേന്മയിൽ ആവശ്യക്കാരിലെത്തിക്കുന്നു. സിംഗപ്പൂർ ആസ്ഥാനമായ മെർസ് ക് എന്ന കപ്പൽ കമ്പനി അവരുടെ കപ്പലുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നത് ശാന്തിയുടെ നേതൃത്വത്തിലുള്ള ഗ്രീൻ ഗോൾഡ് എക്സ് പോർട്ടേഴ്സിന്റെ വയനാടൻ കാപ്പിയാണ്. കോഫീ ബോർഡിന്റെ സഹകരണത്തോടെ നബാർഡിന് കീഴിൽ രൂപീകരിച്ച കാർഷികോൽപ്പാദക കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനിയും അഗ്രികൾച്ചർ വേൾഡും ചേർന്നാണ് ശാന്തി ഉൾപ്പടെ നാല് വനിതകളെ ആദരിക്കുന്നത്. ഇന്ന് കൽപ്പറ്റ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ അവാർഡ് സമ്മാനിച്ചു. .
സ്ത്രീകൾ കാപ്പിയിൽ എന്ന ലോക സന്ദേശവുമായി ഇന്ന് അന്തർദേശീയ കാപ്പി ദിനം ആഘോഷിക്കപ്പെടുകയാണ്. കാപ്പി മില്ലിൽ തൊഴിലാളിയായി ജോലി ആരംഭിച്ച് സംരംഭകയായി വിജയ ഗാഥ രചിച്ചിരിക്കുകയാണ് രമാവതി എന്ന വീട്ടമ്മ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി രമാവതിയുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ് കാപ്പി. വെള്ളമുണ്ട മംഗലശ്ശേരി മേച്ചിലാട്ട് രമാവതി യാദൃശ്ചികമായാണ് സംരംഭകയായി മാറിയത്. കോഴിക്കോട് സ്വദേശി മക്കിയാട് ആരംഭിച്ച കാപ്പി മില്ലിൽ തൊഴിലാളിയായിരുന്നു രമാവതി. പിന്നീട് ഇദ്ദേഹം വയനാട് വിട്ടപ്പോൾ മില്ല് ഇവരെ ഏൽപ്പിച്ച് പോകുകയായിരുന്നു. ജീവിതം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടമായിരുന്നു അത്. പകച്ച് നിൽ ക്കാതെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. രമാവതി ആരംഭിച്ച പ്രണവം കോഫി വർക്ക് സി ലെ വയനാടൻ കാപ്പിയുടെ രുചി അറിഞവർ വീണ്ടും പ്രണവത്തിലെത്തി. ഇപ്പോൾ ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ഈ സംരംഭത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. മികച്ച ചെറുകിട കാപ്പി സംരംഭകയായി തിരഞ്ഞെടുത്ത് കാപ്പി ദിനമായ തിങ്കളാഴ്ച രമാവതിയെ ആദരിച്ചു.. കോഫീ ബോർഡിന്റെ സഹകരണത്തോടെ നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷികോൽപ്പാദന കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ നേത്യത്വത്തിൽ അഗ്രികൾച്ചർ വേൾഡുമായി ചേർന്നാണ് കാപ്പി ദിനാചരണ പരിപാടിയും മികച്ച സംരംഭകരെ ആദരിക്കലും സംഘടിപ്പിച്ചത്.
Leave a Reply