Thursday, 12th December 2024
കല്‍പറ്റ-ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ 1997ല്‍ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം എന്ന സങ്കല്‍പ്പത്തില്‍ ലോകത്ത് ആദ്യമായി കല്‍പറ്റയ്ക്കു സമീപം പൂത്തൂര്‍വയല്‍ ആരംഭിച്ച ഗവേഷണ നിലയത്തിന്റെ ഭാഗമായ സസ്യോദ്യാനം വിപൂലീകരിക്കുന്നു. മൂന്നു ഘട്ടങ്ങളായി വിഭാവനം ചെയ്ത വിപുലീകരണ പദ്ധതിയുടെ പ്രഥമഘട്ടം മാസ്റ്റര്‍ പ്ലാന്‍ കൊളൊറാഡൊ ഡെന്‍വര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ വിദഗ്ധര്‍ തയാറാക്കിയതായി ഗവേഷണകേന്ദ്രം മേധാവി ഡോ.വി. ബാലകൃഷ്ണന്‍ പറഞ്ഞു. പൂമ്പാറ്റകളുടെ ഉദ്യാനം, കുട്ടികളുടെ ഉദ്യാനം, മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള സെന്‍സറി ഗാര്‍ഡന്‍, ജൈവ വൈവിധ്യ മ്യൂസിയം എന്നിവ ഉള്‍പ്പെടുന്നതാണ്  ഏഴു കോടി രൂപ  ചെലവ് കണക്കാക്കുന്ന പ്രഥമഘട്ടം. ഇതിന്റെ നിര്‍വഹണത്തിനു ജൈവ വൈവിധ്യ സംരക്ഷണ മേഖലയില്‍ മികവു തെളിയിച്ച ഡോ.കെ.കെ. നാരായണന്‍, ഡോ.മഥുര സ്വാമിനാഥന്‍, ഡോ.ഗണേശന്‍ ബാലചന്ദ്രന്‍, ഡോ.വി.എസ്. ചൗഹാന്‍, ഡോ.നമശിവായം, ഡോ.ശാരദ കൃഷ്ണന്‍, ഡോ.ശെല്‍വം, ഡോ.എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്. 
     കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ലീഡ് ഗാര്‍ഡന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയതാണ് 41 ഏക്കര്‍ വിസ്തൃതിയുള്ള പുത്തൂര്‍വയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.  ഇത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. 
രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍നിന്നു വ്യത്യസ്തമായാണ് പുത്തൂര്‍വയല്‍ സസ്യോദ്യാനത്തിന്റെ പ്രവര്‍ത്തനം. ജൈവവൈവിധ്യ സംരക്ഷണത്തിനൊപ്പം കൃഷി, ഉപഭോഗം, വിപണനം എന്നിവയ്ക്കും പുത്തൂര്‍വയല്‍ ഗാര്‍ഡനില്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
      രണ്ടായിരത്തിലധികം ഇനം പുഷ്പിത സസ്യങ്ങള്‍ ഉദ്യാനത്തിന്റെ ഭാഗമാണ്. ഇതില്‍  579 ഇനം  വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടതും 512 ഇനം  പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയുമാണ്. 800 തരം ഔഷധച്ചെടികളും 124 ഇനം വന്യഭക്ഷ്യസസ്യങ്ങളും 62 ഇനം വന്യ ഓര്‍ക്കിഡുകളും 75 തരം പന്നല്‍ ചെടികളും 70 വള്ളിച്ചെടിയിനങ്ങളും 25 ഇനം നാടന്‍ കുരുമുളകും 60 ഇനം ശലഭോദ്യാന സസ്യങ്ങളും 27 വാഴയിനങ്ങളും നക്ഷത്രവനവും നവഗ്രഹവനവും  ഉദ്യാനത്തിലുണ്ട്. യൂജീനിയ അര്‍ജനഷ്യ, സൈനോമെട്ര ബെഡോമി എന്നീ വംശനാശം സംഭവിച്ച സസ്യങ്ങളെ വീണ്ടും കണ്ടെത്തുകയും ഉദ്യാനത്തില്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. 80 ഇനം പക്ഷികളുടെയും  13 തരം ഉരഗങ്ങളുടെയും  11 ഇനം സസ്തനികളുടെയും 93 തരം ശലഭങ്ങളുടെയും  സാന്നിധ്യം ഉദ്യാനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ കണ്ടെത്തിയതില്‍ ഭക്ഷ്യയോഗ്യമായ 103 ഇനം  ഇലകളില്‍ 50ല്‍ പരം ഇനങ്ങള്‍ ഉദ്യാനത്തില്‍ സംരക്ഷിക്കുന്നുണ്ട്. വംശനാശം നേരിടുന്ന സസ്യങ്ങള്‍ വംശവര്‍ധന നടത്തി ഗവേഷണ നിലയത്തില്‍ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നുണ്ട്. യുവതലമുറയെ പരിസ്ഥിതി സംരക്ഷണ പരിപാടികളിലേക്കു ശാസ്ത്രീയമായ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബാഷ് എന്ന പേരില്‍ ആസൂത്രണം ചെയ്ത പക്ഷി, തവള നിരീക്ഷണ- പഠന പരിപാടിക്ക് ഇന്നു ഉദ്യാനത്തില്‍ തുടക്കമാകുകയാണ്. 
      പുത്തൂര്‍വയലിലേതിനു പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തെരഞ്ഞെടുത്ത 100 കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സാറ്റലൈറ്റ് ഉദ്യാനങ്ങളായി വികസിപ്പിച്ചുവരികയാണെന്നു ഗവേഷണനിലയം മേധാവി പറഞ്ഞു. പാരമ്പര്യ കര്‍ഷകരുടെ കൃഷിയിടങ്ങളാണ് സാറ്റലൈറ്റ് ഗാര്‍ഡന്‍ പദ്ധയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനകം കര്‍ഷകരും സ്ത്രീകളും ഉള്‍പ്പെടെ 45,000ല്‍പരം ആളുകള്‍ പരിസ്ഥിതി-നാട്ടറിവ് സംരക്ഷണത്തില്‍ ഗവേഷണകേന്ദ്രത്തില്‍നിന്നു പരിശീലനം നേടിയിട്ടുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പ്രവേശനത്തിനു നിയന്ത്രണങ്ങള്‍ ആലോചനയിലുണ്ടെന്നും ഡോ.ബാലകൃഷ്ണന്‍ പറഞ്ഞു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *