Saturday, 28th November 2020
സി.വി.ഷിബു.
           രാജ്യത്ത്   കാപ്പി     ഉല്പാദിപാദനത്തിൽ മുമ്പിൽ നിൽക്കുന്ന  വയനാട് ജില്ലയിലെ കർഷകരെ സഹായിക്കുന്നതിന് പ്രായോഗിക ഇടപെടലുമായി കിൻഫ്ര.
സംസ്ഥാന സർക്കാർ   വ്യവസായ  വാണിജ്യ  വകുപ്പിന്റെ നേതൃത്വത്തിൽ   കിൻഫ്രയുടെ ചുമതലയിൽ   ആദ്യഘട്ടത്തിൽ വയനാട്ടിൽ കോഫി പാർക്ക് ആരംഭിച്ചു.   എൻപതിനായിരം കാപ്പി കർഷകരുള്ള വയനാട്ടിൽ  70,000 ഹെക്ടർ സ്ഥലത്ത് കാപ്പി കൃഷിയുണ്ട്. പ്രതിവർഷം 65,000 ടൺ കാപ്പിയാണ് ഈ ചെറിയ ജില്ലയിൽ നിന്ന് ഉല്പാദിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വയനാടൻ കാപ്പിക്ക് പ്രിയമേറെയുണ്ടങ്കിലും ഇടനിലക്കാരുടെ ഇടപെടൽ മൂലം   വിലക്കുറവാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. 
        വിളവെടുത്ത കാപ്പി ഉണക്കി ഉണ്ട കാപ്പിയാക്കിയോ പരിപ്പാക്കിയോ ആണ് കർഷകർ ഇപ്പോൾ  വിൽക്കുന്നത്. ഇങ്ങനെ വിൽക്കുമ്പോൾ വിപണിയിലെ വിലക്കുറവെന്ന  പ്രധാന പ്രശ്നത്തിന്  പരിഹാരമായി വയനാടൻ കാപ്പിയുടെ ഉയർന്ന ഗുണ നിലവാരം   ലോകത്തെ അറിയിച്ച് ,പ്രത്യേകതകളോടെ ഉല്പാദനം നടത്തുന്നുവെന്ന പ്രചാരണം നടത്തി,  വിലക്കൂട്ടി വാങ്ങുകയാണ് ഒരു രീതി. അന്തരീക്ഷത്തിൽ കാർബണിന്റെ  ഉല്പാദനം കുറച്ച് , മലിനീകരണമില്ലാത്ത മണ്ണും   പരിസ്ഥിതിയും  ഉൾപ്പെടുന്ന കാർബൺ ന്യൂട്രൽ ജില്ല എന്ന പെരുമയോടെ ഉല്പന്നം വിപണിയിലെത്തിക്കുന്നു. രണ്ടാമത്തെ രീതിയനുസരിച്ച് ഉണ്ട കാപ്പിക്കും കാപ്പി പരിപ്പിനും പകരമായി പഴുത്ത കാപ്പി വിളവെടുത്ത്   12 മണിക്കൂറിനുള്ളിൽ സംഭരണ കേന്ദ്രങ്ങളിലെത്തിച്ച്  പ്രത്യേകം സംസ്കരിച്ച് പ്രത്യേക ബ്രാൻഡിംഗിൽ  വിൽക്കുന്നു. ആദ്യഘട്ടത്തിൽ ഇതിന് മലബാർ കോഫി എന്ന് പേര് നൽകിയിട്ടുണ്ടങ്കിലും   പിന്നീട് ഈ പേര്  മാറാനിടയുണ്ട്. ഈ രണ്ട് രീതിക്കും  വ്യവസായ വാണിജ്യ വകുപ്പിന്റെ    നേതൃത്വവും  സാങ്കേതിക ഇടപെടലും ഉണ്ടാകും.  കർഷകർക്ക് പിന്തുണ നൽകുന്നതോടൊപ്പം സമാന്തരമായി   കൽപ്പറ്റക്കടുത്ത  വാര്യാട് മുമ്പ്  മെഗാ ഫുഡ്  പാർക്കിനായി ഏറ്റെടുത്ത നൂറ് ഏക്കറിൽ മാതൃക കാപ്പിതോട്ടവും സംസ്കരണ കേന്ദ്രവും  ആരംഭിക്കും. ഇതിനും കോഫി പാർക്കിനുമായി ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാർ 150 കോടി രൂപ വകയിരുത്തിക്കഴിഞ്ഞു. പ്രാരംഭ നടപടികളുടെ ഭാഗമായി ഒരു സ്പെഷൽ ഓഫീസറെയും രണ്ട് കൺസൾട്ടന്റുമാരെയും  നിയമിച്ചാണ് കോഫി പാർക്കിന് തുടക്കം കുറിച്ചത്. 
       സംസ്ഥാന സർക്കാരിന്റെ ആയിരം ദിനങ്ങളുടെ ഭാഗമായുള്ള പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് കോഫി പാർക്കിന് തുടക്കമായത്. ഇവിടെ ഒന്നര ലക്ഷം കാപ്പിതൈകൾ നട്ടുപിടിപ്പിച്ച് വിളവെടുപ്പിന് പാകമാക്കും. ഇതിന് സമാന്തരമായി നിലവിൽ ജൈവ രീതിയിലും അല്ലാതെയും കൃഷി ചെയ്യുന്ന കർഷകർക്ക് കിൻഫ്രയുടെ സാങ്കേതിക സഹായത്തോടെ കാർബൺ ന്യൂട്രൽ പദവി നൽകുന്ന  ഒരു മൂന്നാം കക്ഷി സർട്ടിഫിക്കറ്റ് നൽകുമെന്നും   രണ്ട് പദ്ധതികളുടെയും ഡി.പി.ആർ. ഉടൻ തയ്യാറാകുമെന്നും  കിൻഫ്ര മാനേജിംഗ് ഡയറക്ടർ  റിംഗ് കമാൻഡർ (റിട്ട. ) കെ.എ. സന്തോഷ് കുമാർ പറഞ്ഞു. 
       സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിൽ കാപ്പി കർഷകർക്കുള്ള സമ്മാനമാണിതെന്ന് എം.എൽ. എ സി.കെ. ശശീന്ദ്രനും മന്ത്രി ഇ.പി. ജയരാജനും പറഞ്ഞു.  കർഷകർക്ക് ഇനി വരുമാനം ഇരട്ടിയാകുമെന്ന് കോഫീ പാർക്കിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ജയരാജൻ പറഞ്ഞു. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *