Thursday, 12th December 2024

സി.വി.ഷിബു.
     കഴിഞ്ഞ അഞ്ചുവർഷമായി  ആലപ്പുഴ ജില്ലയിലെ  ചെങ്ങന്നൂർ ബ്ലോക്കിലെ വെൺമണി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയാണ് ഗ്രാമ ശ്രീ. വെൺമണി ഗ്രാമശ്രീക്ക് ഇനിമുതൽ സ്വന്തം കെട്ടിടമാവുകയാണ്. . കർഷകർ തന്നെയാണ് ഗ്രാമശ്രീയ്ക്ക് വേണ്ടി കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയതും നിർമാണപ്രവർ്ത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. വെൺമണി ഗ്രാമത്തിലെ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച കൂട്ടായ്മയാണ് ഗ്രാമശ്രീ. 150 അംഗങ്ങളുള്ള ഈ കാർഷിക കൂട്ടായ്മയാണ് ഇന്ന് വെൺമണിയിലെ കർഷകരുടെ ആശ്രയം. ടി.വിജയകുമാർ പ്രസിഡന്റും, വിജയമ്മ ഉപേന്ദ്രൻ സെക്രട്ടറിയുമായുള്ള പതിനഞ്ച് അംഗ എക്‌സിക്യുട്ടീവ് അംഗങ്ങളുള്ള കമ്മിറ്റിയാണ് ഗ്രാമശ്രീയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കർഷകർ ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിപണയിലെത്തിച്ച് അതു ഉപഭോക്താക്കളിൽ നേരിട്ടെത്തിച്ചുകൊടുക്കുന്ന രീതിയിലായിരുന്നു ഗ്രാമശ്രീയുടെ ആദ്യ കാല പ്രവർത്തനങ്ങൾ. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ നാടൻ പച്ചക്കറികൾ ഗ്രാമശ്രീയിലൂടെ വിൽക്കാനായെന്ന് ഭാരവാഹികൾ പറയുന്നു. ഓണം, വിഷു തുടങ്ങിയ ആഘോഷാവസരങ്ങളിൽ ഹോർട്ടി കോർപ്പിനും പച്ചക്കറി നൽകുവാൻ ഗ്രാമശ്രീക്ക് കഴിഞ്ഞു. തരിശു കിടക്കുന്ന ഭൂമയിൽ വാഴ ഉൾപ്പെടെയുള്ളവയുടെ കൃഷി ഇറക്കുവാൻ കഴിഞ്ഞതും ഗ്രാമശ്രീയുടെ നേട്ടങ്ങളിൽപ്പെടും. ഗ്രാമശ്രീയുടെ നേതൃത്വത്തിൽ 2 കർഷക ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ സജീവമാക്കുന്നത്. കർഷകർ പിരിവെടുത്ത് വാങ്ങിയ അഞ്ച് സെന്റ്സ്ഥലത്താണ് ഗ്രാമശ്രീ മന്ദിരം സ്ഥാപിച്ചത്. വെറും ഇരുപതു ദിവസം കൊണ്ട് 6.50 ലക്ഷം രൂപ സമാഹരിച്ചാണ് വസ്തു വാങ്ങിയത്. ജില്ലാപഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. വെൺമണികൃഷി ഭവന്റെ കീഴിലുള്ള എ ഗ്രേഡ് വിപണി എന്ന പ്രത്യേകത കൂടി ഗ്രാമശ്രീക്കുണ്ട്. വിപണിയുടെ പ്രവർത്തനങ്ങൾക്ക് കൃഷി ഓഫീസർ വി. അനിൽകുമാറിന്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഏറെ സഹായകമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം സജിചെറിയാൻ എം.എൽ.എ നിർവഹിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വിപണി മന്ദിരത്തിന് ശീതീകരിച്ച മുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി ഇത്തവണ 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *