Thursday, 12th December 2024

* നീര്‍വാര്‍ച്ച കുറഞ്ഞ സ്ഥലങ്ങളില്‍ പൈനാപ്പിളിന് കുമിള്‍ബാധ മൂലം വേരുചീയലും തണ്ടു ചീയലും കണ്ടു വരുന്നു. രോഗം ബാധിച്ച ചെടിയുടെ മദ്ധ്യഭാഗത്തുളള ഇലകള്‍ എളുപ്പത്തില്‍ ഊരിപ്പോരുന്നതും അവയുടെ കടഭാഗം അഴുകി ദുര്‍ഗന്ധം വമിക്കുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍. സ്യൂഡോമോണാസ് എന്ന ബാക്ടീരയപ്പൊടി മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്നതു വഴി രോഗം വരുന്നത് തടയാം. ഇതോടൊപ്പം വേരില്‍ മീലിമുട്ടകളും കാണുന്നുണ്ട്. വെര്‍ട്ടിസീലിയം എന്ന ജീവാണു 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ വേരുഭാഗത്ത് ഒഴിച്ചു കൊടുത്ത് ഇവയെ നിയന്ത്രിക്കാം.
* കതിര് നിരന്നു കൊണ്ടിരിക്കുന്ന നെല്‍പ്പാടങ്ങളില്‍ ചാഴിയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നെല്‍പ്പാടങ്ങളില്‍ ഈ സമയത്ത് ഫിഷ് അമിനോ ആസിഡ് 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചു കൊടുക്കുക
* ഞാറു പറിച്ചു നട്ടതിനു ശേഷം നെല്‍പ്പാടങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഏക്കറിന് രണ്ട് കിലോഗ്രാം ബ്ലീച്ചിങ് പൗഡര്‍ കിഴികെട്ടി പാടത്തെ വെള്ളക്കെട്ടില്‍ ഇട്ടുകൊടുക്കുക. രോഗം അധികരിക്കുകയാണെങ്കില്‍ രണ്ട് ഗ്രാം സ്‌റേടപ്‌റ്റോസൈക്ലിന്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കുക
* ചീരയില്‍ കണ്ടു വരുന്ന ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കുന്നതിനായി സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. 40 ഗ്രാം പാല്‍ക്കായം 8 ഗ്രാം അപ്പക്കാരം 32 ഗ്രാം മഞ്ഞള്‍ പൊടി എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ച് കൊടുക്കുന്നതും രോഗ പ്രതിരോധ ശേഷിയ്ക്ക് ഉപകരിക്കും. രോഗം നിയന്ത്രിക്കുന്നതിനായി പുതിയ ചാണകത്തിന്റെ തെളിഞ്ഞ ലായനിയില്‍ 20 ഗ്രാം സുഡോമോണാസ് ഒരു ലിറ്ററിന് എന്ന തോതില്‍ ഇലകളില്‍ തളിച്ച് കൊടുക്കുക. ജലസേചനം നടത്തുമ്പോള്‍ ഇലകളുടെ മുകളില്‍ വെള്ളം വീഴ്ത്താതെ ചെടിയുടെ ചുവട്ടിലായി നനയ്ക്കാന്‍ ശ്രദ്ധിക്കുക.
* വരും ദിവസങ്ങളില്‍ ജില്ലയില്‍ മഴ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കീടനാശിനികളോ വളപ്രയോഗങ്ങളോ കഴിവതും തെളിഞ്ഞ കാലാവസ്ഥയില്‍ മാത്രം അനുവര്‍ത്തിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മഴക്കാലത്ത് മരുന്ന് തളിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മരുന്നിനൊപ്പം ഏതെങ്കിലും തരത്തിലുള്ള പശ (റോസിന്‍, സാന്‍ഡോ വിറ്റ് തുടങ്ങിയവ) ചേര്‍ക്കാവുന്നതാണ്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ചാലുകള്‍ കീറി നീര്‍വാര്‍ച്ച സൗകര്യം ഉറപ്പാക്കുകയും താങ്ങു നല്‍കേണ്ട വിളകള്‍ക്ക് താങ്ങു നല്‍കി സംരക്ഷിക്കുകയും വിളവെടുക്കാന്‍ പാകമായവ വിളവെടുപ്പ് നടത്തുകയും ചെയ്യുക.
* കൊമ്പന്‍ ചെല്ലിയുടെ ആക്രമണം നേരിടുന്ന തെങ്ങുകളില്‍ മഴക്കാലത്ത് കൂമ്പു ചീയല്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ കൂമ്പു ചീയല്‍ രോഗത്തെ പ്രധിരോധിക്കുന്നതിനായി തുരിശും ചുണ്ണാമ്പും കലര്‍ന്ന ലായനി (1 % ബോര്‍ഡോ മിശ്രിതം ) തെങ്ങിന്‍ മണ്ടയിലും ഇലകളിലുമായി തളിക്കുക. രോഗം ബാധിച്ച തെങ്ങുകളില്‍ സമര്‍ത് (ടഅങഅഞഠഒ) 3 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തിയ ലായനിയില്‍ നിന്നും ഒരു തെങ്ങിന് 300 മില്ലി ലായനി എന്ന അളവില്‍ തെങ്ങിന്‍ മണ്ടയിലും ഇലകളിലുമായി തളിച്ച് കൊടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446093329, 9778764946, 8089392833 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *