– പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സുഗന്ധവിള സെമിനാറില്‍ മികച്ച ഗ്രാമീണ കണ്ടുപിടിത്തത്തിനുളള പുരസ്കാരം മീനങ്ങാടി കൊളഗപ്പാറ നാഷണല്‍ ബയോടെക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ചെയര്മാന് പി.വി. എല്‍ദോയ്ക്ക് ലഭിച്ചു. വേഗത്തിലും എളുപ്പത്തിലും കയര്‍ പരിക്കാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് റാട്ടാണ് എല്‍ദോയെ പുരസ്കാരത്തിനു അര്‍ഹനാക്കിയത്. പെരുവണ്ണാമൂഴിയിയില് നടന്ന ചടങ്ങില്‍ എല്‍ദോ പുരസ്കാരം എറ്റുവാങ്ങി.
അനായാസം കൊണ്ടുനടക്കാവുന്ന ഉപകരണമാണ് ഇലക്ട്രോണിക് റാട്ട്. ഇതില്‍ ഒരാള്‍ക്ക് അഞ്ചു മണിക്കൂറില്‍ 40 കിലോ കയര്‍ പിരിക്കാനാകും. സൈക്കിള്‍ റാട്ടില്‍ 20 കിലോ കയര്‍ പരിക്കുന്നതിനു രണ്ടു പേര് ഏഴ് മണിക്കൂര്‍ അധ്വാനിക്കണം. ഒരു കിലോഗ്രാമില്‍ ചുവടെയാണ് ഇലക്ട്രോണിക് റാട്ടിനു ഭാരം. കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും.
2016ല്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ്(കെ.എസ്.സി.എസ്.ടി.ഇ), സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ്(സി.എസ്.ടി.ഇ.ഡി) എന്നിവ സംയുക്തമായി കോഴിക്കോട് നടത്തിയ റൂറല്‍ ഇന്നവേറ്റേഴ്സ് മീറ്റില്‍ കണ്ടുപിടിത്തങ്ങളുടെ വിഭാഗത്തില്‍ ഇലക്ട്രോണിക് റാട്ട് മൂന്നാം സ്ഥാനം നേടിയിരുന്നു. ഏതുതരം നാരും പിരിക്കാന്‍ ഉതകുന്നതാണ് ഇലക്ട്രോണിക് റാട്ടെന്നു എല്‍ദോ പറഞ്ഞു.
Leave a Reply