Thursday, 12th December 2024
സി.വി.ഷിബു.
    പ്രളയത്തിന് ശേഷമുള്ള അതിജീവനത്തിനും കൃഷിയെ ലാഭകരമാക്കുന്നതിനും ഈ രംഗത്തെ ഇന്നവേറ്ററും കഠിനാദ്ധ്വാനിയുമായ റോയിയെ തേടി കർഷകരും വിദഗ്ധരും എത്തുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കേരളത്തിലെ കാർഷികമേളകളിൽ  സ്ഥിരം സാന്നിധ്യമാണ് വയനാട്ടിൽ നിന്നുള്ള   റോയി ആൻറണി.  ഇത്തവണയും വൈഗയുടെ പ്രദർശന നഗരിയിലെത്തിയാൽ റോയീസ് സെലക്ഷൻ  എന്ന സ്റ്റാൾ കാണാം. 
.
റബ്ബർ കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് റബ്ബറിന്റെ അടിക്കടിയുള്ള വിലയിടിവ്. എന്നാൽ ഓരോ തിരിച്ചടികളെയും അവസരമാക്കി മാറ്റുന്നവർക്ക് പേടിക്കാൻ ഒന്നുമില്ല. അക്കൂട്ടത്തിൽ ഒരാളാണ് വയനാട് പുല്‍പ്പള്ളി ആലുത്തൂരിലെ കാപ്പി കര്‍ഷകനായ റോയ് ആന്റണി. റബ്ബറിന്  വിലയിടിഞ്ഞപ്പോൾ ഇടവിളയായി കാപ്പി കൃഷി ചെയ്താണ് റോയി  ആന്റണി ശ്രദ്ധേയനാകുന്നത്.
ആദ്യം അല്പം പേടി ഉണ്ടായിരുന്നു എങ്കിലും ആദ്യതവണത്തെ വിളവിടുപ്പോടെ സംഗതി ഹിറ്റായി. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ റബര്‍ തോട്ടങ്ങളില്‍ റോയീസ് സെലക്ഷന്‍ കാപ്പി കൃഷി കര്‍ഷകര്‍ പരീക്ഷിച്ചു കഴിഞ്ഞു.ഇപ്പോൾ ഈ സ്ഥലങ്ങളിൽ കാപ്പിക്ക് നല്ല ചെലവുണ്ട്. റബറിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം കാപ്പിയില്‍ നിന്നു നല്ല വരുമാനം ലഭിക്കുന്നതിനാല്‍ കേരളത്തില്‍ എവിടെയും ഈ കൃഷി രീതി പരീക്ഷിക്കാം.
റോബസ്റ്റ, അറബിക്ക ഇനങ്ങളിലുള്ള കാപ്പിയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതില്‍ അറബിക്ക കാപ്പിയില്‍ നിന്നാണ് റോയി തന്റെ ഇനം കണ്ടെത്തിയിരിക്കുന്നത്. 18 മാസം കൊണ്ടു വിളവ് എടുക്കാനുള്ള ഒരുക്കം തുടങ്ങാമെന്നതാണ് ഇതിന്റെ പ്രത്യേകത. കേവലം മൂന്നു വര്‍ഷം കൊണ്ടു ചെടി കായ്ക്കും. റോയീസ് സെലക്ഷന്‍ കാപ്പിയുടെ വേരുകള്‍ താഴോട്ട് വളരുന്നത്. ഇതിനാല്‍ റബറിന്റെ വളര്‍ച്ചയെ ബാധിക്കില്ല.
സാധാരണ റോബസ്റ്റ കാപ്പിക്ക് 80 രൂപയാണ് കിലോയ്ക്ക് വില ലഭിക്കുകയെങ്കില്‍ അറബിക്ക കാപ്പിക്ക് 120 രൂപ കിട്ടും. ഒരേക്കറില്‍ നിന്നു രണ്ടു ലക്ഷത്തോളം രൂപ ഒരു വര്‍ഷം കര്‍ഷകന് സ്വന്തമാക്കാം എന്നതാണ് ഈ കൃഷിയുടെ പ്രത്യേകത.കേരളത്തിലും പുറത്തും റോയീസ് സെലക്ഷന്‍ കാപ്പിയുടെ ചെടികള്‍ എത്തിച്ച് തോട്ടം തയാറാക്കി കൊടുക്കാന്‍ റോയിയും സംഘവും തയ്യാറാണ്. 
ഒരേക്കറില്‍ 1800 കാപ്പി ചെടികള്‍ വരെ നടാമെന്നു റോയി പറയുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിവിധ വിവിധ ജില്ലകളില്‍ റോയ് തയാറാക്കി കൊടുത്ത കാപ്പി തോട്ടങ്ങള്‍ ഇപ്പോള്‍ വിളവെടുപ്പിന് തയാറായി നില്‍ക്കുകയാണ്. റബര്‍ ബോര്‍ഡ്, കോഫീ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റോയിയുടെ തോട്ടത്തിലെത്തി കാപ്പി ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് പഠനം നടത്തി ഫുള്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു.കേരളത്തിന് പുറത്ത് മഹാരാഷ്ട്ര, മംഗലാപുരം, ഗോവ എന്നിവിടങ്ങളിലും റോയീസ് സെലക്ഷന്‍ കാപ്പിത്തോട്ടങ്ങള്‍ വിളഞ്ഞു നില്‍ക്കുന്നുണ്ട്.
സംസ്ഥാന കൃഷിവകുപ്പിന് കീഴിലെ തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ഇടവിളയായി കാപ്പി കൃഷി ചെയ്യാൻ  മന്ത്രി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. 
     പ്രമുഖ പ്ലാന്റേഷൻ ഗ്രൂപ്പുകളായ ഹാരിസൺ മലയാളം,  ട്രാവൻകൂർ റബ്ബേഴ്സ്  ആന്റ്  ടീ കമ്പനി, എ.വി.ടി,  പാരീ- ആഗ്രോ തുടങ്ങിയ കമ്പനികളുടെ തോട്ടങ്ങളിൽ ഇപ്പോൾ റോയീസ് സെലക്ഷൻ കാപ്പിയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.  ഇതു കൂടാതെ  ആസ്പിൻവാൾ ഗ്രൂപ്പിന്റെ കീഴിലുള്ള  പുല്ലുമേട്  എസ്റ്റേറ്റിൽ റോയിയുടെ നേരിട്ടുള്ള  നിരീക്ഷണത്തിലാണ് ഇടവിള കൃഷി നടത്തുന്നത്.  ഉല്പാദന വർദ്ധനവ്,  ഇടവിളകൃഷിക്കനുയോജ്യമായ  ചെടിയുടെ വലുപ്പം,  തായ് വേരുകൾ, കാലാവസ്ഥ വ്യതിയാനത്തെയും വരൾച്ച , പ്രളയം എന്നിവയെ അതിജീവിക്കാനുള്ള കഴിവ് തുടങ്ങിയവ അനുകൂല ഘടകങ്ങളാണന്ന് റോയി പറയുന്നു.  നബാർഡിന് കീഴിൽ  വേ കഫേ എന്ന കാർഷിക  ഉല്പാദക കമ്പനി രൂപീകരിച്ച്   കർഷകരിൽ നിന്ന് കാപ്പി ശേഖരിക്കുന്നുമുണ്ട്. 
താല്പര്യം ഉള്ളവർക്ക് 9447907464, 8078177464 എന്ന നമ്പറിൽ ബന്ധപ്പെടാം. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *