Thursday, 12th December 2024
സുഭിക്ഷ കേരളം പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള വായ്പാ ധന സഹായം സഹകരണ സംഘങ്ങള്‍ മുഖേന
കൃഷി ഭവനുകള്‍ വഴി  ഗുണഭോക്താക്കളെ കണ്ടെത്തും
ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള നബാര്‍ഡ് വായ്പാസഹായമായ 1500 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങള്‍വഴി ലഭ്യമാക്കുന്നതിന് രൂപരേഖ കൃഷി-സഹകരണ വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.  കൃഷി ഓഫീസര്‍മാരുടെ ശുപാര്‍ശ ഉള്ളവര്‍ക്കായിരിക്കും വായ്പ ലഭിക്കുന്നതിന് മുന്‍ഗണന.  സഹകരണ സംഘങ്ങള്‍ വഴി 1000 കോടിയും കേരള ബാങ്ക് വഴി 1500 കോടിയുമാണ് കര്‍ഷകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കുമായി വിതരണം ചെയ്യുന്നത്.  വിള ഉത്പന്നം, മൃഗ സംരക്ഷണം, മത്സ്യബന്ധനങ്ങള്‍ക്കും തുടങ്ങിയ മേഖലകളുടെ മൂലധനം, കാര്‍ഷികോത്പാദനോപാതികള്‍ വാങ്ങുന്നതിനുള്ള പ്രവര്‍ത്തന മൂലധനം, അഗ്രോപ്രോസസിംഗ് യൂണിറ്റുകള്‍ക്കുള്ള സഹായം എന്നീ ഇനങ്ങളിലായാണ് വായ്പ അനുവദിക്കുന്നത്.  ഈടില്ലാതെ 1. 6 ലക്ഷം രൂപ വരെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും വായ്പ ലഭിക്കും.    
പരമാവധി കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വായ്പ നല്‍കുന്നതിനും സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ മാതൃകാത്തോട്ടങ്ങളും കാര്‍ഷിക സംസ്കരണ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.  കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിനും സംസ്ക്കരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനുമായി കൃഷി സഹകരണ വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചു.  ജില്ലാ തലത്തിലും ഗ്രാമതലത്തിലും സഹകരണ സ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സഹകരണവും സംയോജിത പ്രവര്‍ത്തനവും വഴിയാണ് ഇത് സാധ്യമാക്കുന്നത്.  യോഗത്തില്‍ കൃഷി വകുപ്പു മന്ത്രി . വി.എസ്.സുനില്‍ കുമാര്‍, സഹകരണ വകുപ്പു മന്ത്രി    കടകം പള്ളി സുരേന്ദ്രന്‍, വകുപ്പു സെക്രട്ടറിമാരായ ഡോ.രത്തന്‍ ഖേല്‍ക്കര്‍ IAS, മിനി ആന്റണി IAS, കൃഷി വകുപ്പ് ഡയറക്ടര്‍. ഡോ. കെ.വാസുകി IAS, കേരള ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ . പി.എസ്. രാജന്‍ മറ്റു പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *