.
അമ്പലവയൽ: സംസ്ഥാന കൃഷിവകുപ്പും കേരള കാർഷിക സർവ്വകലാശാലയും ചേർന്ന് ജൂലൈ ഒമ്പത് മുതൽ അമ്പലവയൽ മേഖലാ ഗവേഷണ കേന്ദ്രത്തിൽ നടന്നു വന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം സമാപിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ അന്താരാഷ്ട്ര സിമ്പോസിയവും അവസാനിച്ചു. കഴിഞ്ഞ ആറ് വർഷമായി അമ്പലവയലിൽ അന്താരാഷ്ട്ര ചക്ക മഹോത്സവം നടത്താറുണ്ടങ്കിലും ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി നടന്ന പരിപാടിയിൽ ഇന്തോനേഷ്യാ ,ശ്രീലങ്ക ,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
ചക്കയെ ജനകീയമാക്കുന്നതിനും ചക്കയുടെ പോഷക – ഔഷധ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും ചക്കയുടെ മൂല്യവർധിത ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും ചർച്ചകളും നയരൂപീകരണവും നടന്നു. ട്രോപ്പിക്കൽ ഫ്രൂട്ട് നെറ്റ് വർക്ക് അന്തർദേശീയ ചെയർമാൻ മുഹമ്മദ് ദേശ ഹാജി ഹാസിമിന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര സിമ്പോസിയം നടന്നത്.
ചക്ക വരവ്, പ്രദർശനം ,വിവിധ മത്സരങ്ങൾ, ഗോത്ര സംഗമം, ചക്ക സംസ്കരണത്തിലും ഉൽപ്പന്ന നിർമ്മാണത്തിലും വനിതകൾക്ക് സൗജന്യ പരിശീലനം എന്നിവയും ഉണ്ടായിരുന്നു.
സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് അധ്യക്ഷത വഹിച്ചു. കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ ചെറുവയൽ രാമൻ പുരസ്കാര വിതരണം നടത്തി. കർണാടക കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. നാരായണ ഗൗഡ, അമ്പലവയൽ ആർ. എ .ആർ. എസ്. അസോസിയേറ്റ് ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ ,പ്രോഗ്രാം കോഡിനേറ്റർ ഡോ. എൻ.ഇ. സഫിയ, അസിസ്റ്റൻറ് പ്രൊഫസർ ഡോ. പി. ഷജീഷ് ജാൻ, എ.പി. കുര്യാക്കോസ്, കുട്ടികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply