കുഞ്ഞു മനസ്സുകളില്‍ കാര്‍ഷിക സംസ്കാരത്തിന്‍റെ വിത്തുകള്‍ പാകാന്‍ സംസ്ഥാന കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് പാഠം ഒന്ന് പാടത്തേക്ക് പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.
സുനില്‍കുമാര്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു. നെല്ലിന്‍റെ ജന്മദിനമായി ആചരിക്കുന്ന കന്നിമാസത്തിലെ മകം നാളില്‍ (സെപ്തംബര്‍ 26) സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നെല്‍കൃഷിയുമായി ബന്ധപ്പെട്ട വിവിധ കാര്‍ഷികമുറകള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടപ്പിലാക്കുവാന്‍ കൃഷി, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തല യോഗത്തില്‍ തിരുമാനിച്ചു. കൃഷിവകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള കാര്‍ഷിക സര്‍വ്വകലാശാല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയായിരിക്കും സ്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുക. വിദ്യാര്‍ത്ഥികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നമുക്ക് അന്യമായ കാര്‍ഷികസംസ്കാരത്തെ വിദ്യാര്‍ത്ഥികളിലൂടെ തിരിച്ചു പിടിക്കുന്നതിനും പദ്ധതി ലക്ഷ്യം വയ്ക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഉത്തമ പൗരന്മാരായി വളര്‍ത്തിയെടുക്കുക എന്ന ബോധന പ്രക്രിയയില്‍ മണ്ണും മനുഷ്യനും പ്രകൃതിയും ആവാസവ്യവസ്ഥയും തമ്മിലുളള പാരസ്പര്യം വലിയ പ്രാധാന്യമര്‍ഹിക്കുന്നു. നിലമൊരുക്കല്‍, ഞാറുനടീല്‍, വിത്തുവിതയ്ക്കല്‍ തുടങ്ങി വിവിധ ഘട്ടങ്ങളായിരിക്കും സ്കൂളുകളിലെ കാര്‍ഷിക ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പാടത്തു നടപ്പിലാക്കുക. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും. നെല്‍വയലുകളുടെ സംരക്ഷണത്തിന്‍റെ പ്രാധാന്യം വിദ്യാര്‍ത്ഥികളെ മനസ്സിലാക്കിക്കുക, കൃഷി പാഠ്യവിഷയമാക്കുക തുടങ്ങി ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുളളതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍
കുമാര്‍ വ്യക്തമാക്കി.
Leave a Reply