Thursday, 12th December 2024
കല്‍പറ്റ-  വയനാട്ടില്‍  പ്രളയത്തില്‍ ഏറ്റവും കുടുതല്‍ കെടുതികളുണ്ടായ കോട്ടത്തറ പഞ്ചായത്തിലെ കര്‍ഷകജനത അതീജീവന പദ്ധതികള്‍ക്കായി പ്രക്ഷോഭം തുടങ്ങുന്നു. കര്‍ഷക പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ കേരള കര്‍ഷക മുന്നണിയുടെ നേതൃത്വത്തിലാണ് സമരത്തിനു ഒരുക്കം. പ്രക്ഷോഭത്തിനു മുന്നോടിയായി പഞ്ചായത്ത് ആസ്ഥാനമായ വെണ്ണിയോട് ടൗണില്‍ ഒക്ടോബര്‍ രണ്ടിനു ഉച്ചകഴിഞ്ഞു മൂന്നിനു അതിജീവനത്തിനായി കര്‍ഷകസമരാഗ്നി എന്ന പേരില്‍ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുടെ സംഗമം നടത്തും. 
ആവര്‍ത്തിച്ചുണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു മുഖ്യധാര കര്‍ഷകപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് കേരള കര്‍ഷക മുന്നണിയുടെ ഇടപെടലെന്നു സംഗമം സ്വാഗതസംഘം ഭാരവാഹികളായ ഗഫൂര്‍ വെണ്ണിയോട്, വി. അബ്ദുല്‍ന്നാസര്‍, ആന്റണി സിറിയക്, പി.എം. ജോസഫ് എന്നിവര്‍ പറഞ്ഞു. 
പഞ്ചായത്തിലെ പതിമൂന്നു വാര്‍ഡുകളിലും വെള്ളപ്പൊക്കത്തില്‍ വലിയ കെടുതികളാണ് സംഭവിച്ചത്. കുരുമുളക്, കാപ്പി, റബര്‍, വാഴ, നെല്ല്, ഇഞ്ചി, ചേന, ചേമ്പ്, കപ്പ തുടങ്ങിയ വിളകള്‍ പൂര്‍ണമായും നശിച്ചു. കാര്‍ഷിക മേഖലയുടെ തകര്‍ച്ച ചെറുകിട കച്ചവടക്കാരെയും തളര്‍ത്തി.  ക്ഷീരമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഉപജീവനത്തിനു കൃഷിയെയും അനുബന്ധതൊഴിലുകളെയും ആശ്രയിക്കുന്നതാണ് പഞ്ചായത്തിലെ കുടുംബങ്ങളില്‍  90 ശതമാനവും. 
തൊഴിലും വരുമാനവും ഇല്ലാതായതോടെ കൊടിയ ദുരിതത്തിലേക്കും കടക്കെണിയിലേക്കും നീങ്ങുകയാണ് പഞ്ചായത്തിലെ ജനസമൂഹം. ഈ സാഹചര്യത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരുടെയും ബാങ്ക് കടങ്ങള്‍ പരിധിയില്ലാതെ എഴുതിത്തള്ളാനും പുനര്‍വായ്പ ലഭ്യമാക്കാനും സര്‍ക്കാര്‍ ഇടപെടണം. വിളനാശത്തിനുള്ള നഷ്ടപരിഹാരം യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്യണം. പഞ്ചായത്തിനെ ദുരന്ത മേഖലയായി പ്രഖ്യാപിച്ച് സമഗ്ര പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കണം. വെള്ളപ്പൊക്കത്തില്‍ ചത്തതിനു പകരം കന്നുകാലികളെ  സൗജന്യമായി നല്‍കണം. ഒരു വര്‍ഷത്തേക്കുള്ള കന്നുകാലിത്തീറ്റ സൗജന്യമായി ലഭ്യമാക്കണം. ഓരോ കര്‍ഷകകുടുംബത്തിനും അതിജീവനത്തിനായി പ്രതിമാസം 5,000 രൂപ തോതില്‍ നിശ്ചിതകാലം സഹായം നല്‍കണം. 
വായ്പകള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കര്‍ഷകരെ സഹായിക്കുന്നതിനു പര്യാപ്തമല്ല. കൃഷിക്കാരെ ഇപ്പോഴുള്ള കടങ്ങളില്‍നിന്നു മോചിപ്പിക്കുകയും  കാര്‍ഷികാവശ്യങ്ങള്‍ക്കു സ്വന്തം ജാമ്യത്തില്‍ ദീര്‍ഘകാല പലിശരഹിത വായ്പ ലഭ്യമാക്കുകയുമാണ് വേണ്ടത്.  
കോട്ടത്തറയിലെ  കൃഷിനാശത്തിന്റെ കൃത്യമായ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. പഞ്ചായത്തില്‍ സ്ഥിരം കൃഷി ഓഫീസര്‍ ഇല്ല. അതീവദുരിതബാധിത പ്രദേശങ്ങള്‍പോലും  സന്ദര്‍ശിക്കാന്‍ കൃഷി മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ തയാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കര്‍ഷകര്‍ സമരസജ്ജരായത്.  കര്‍ഷകസംഗമം ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യും. കേരള കര്‍ഷക മുന്നണി ചെയര്‍മാന്‍ പി.എം. ജോയി അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീന്‍ അഡ്വ.വി.ടി. പ്രദീപ്കുമാര്‍ സമരപ്രഖ്യാനം നടത്തും. ചെറുവയല്‍ രാമന്‍, ഒ.കെ. ജോണി, ഫാ.സെബാസ്റ്റ്യന്‍ പുത്തേന്‍, ഹാരിസ് ബാഖവി കമ്പളക്കാട്, ഡോ.പി. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിക്കും.
 പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല കുത്തിയിരിപ്പുസമരം ആരംഭിക്കും. ഇതിനുള്ള തിയതി പിന്നീട് തീരുമാനിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *