Thursday, 12th December 2024

അനില്‍ ജേക്കബ് കീച്ചേരിയില്‍

ജാതിക്കയും ജാതിപത്രിയും മാത്രമാണ് നമ്മള്‍ വിപണനസാധ്യത കാണുന്നത്. എന്നാല്‍ ജാതികര്‍ഷകര്‍ക്ക് ജാതിത്തൊണ്ടിന്‍റെ മൂല്യവും അടുത്തകാലത്തായി മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ജാതിക്കയും ജാതിപത്രിയും മാര്‍ക്കറ്റില്‍ എത്തിക്കുമ്പോള്‍ ജാതിത്തൊണ്ട് വലിച്ചെറിയുകയാണ് പതിവ്. ഈ പതിവ് തെറ്റിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജാതിത്തൊണ്ടില്‍ നിന്നും ധാരാളം മുല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കാമെന്ന് അടുത്തിടെ തെളിയിച്ചിട്ടുണ്ട്. അച്ചാറാണ് ജാതിത്തൊണ്ടില്‍ നിന്നും ഉണ്ടാക്കാവുന്ന പ്രധാന മൂല്യവര്‍ധിത ഉല്പന്നം. ജാതിക്കയുടെ ഔഷധഗുണം ചോര്‍ന്നുപോകാതെ തന്നെ ഇത്തരം ഉല്പന്നങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണുതാനും. അച്ചാറിനുപുറമെ ചമ്മന്തിപ്പൊടി, ജാം, സിറപ്പ്, വൈന്‍ എന്നിങ്ങനെ വിവിധ ഉല്പന്നങ്ങളാണ് ഉണ്ടാക്കാന്‍ സാധിക്കുക. കേടില്ലാത്ത തൊണ്ടാണ് ഇത്തരം ഉല്പന്നങ്ങള്‍ക്ക് ആവശ്യം. ജാതിവിളവെടുപ്പ് ഏപ്രില്‍-ജൂലായ് മാസങ്ങളിലായതിനാല്‍ മഴവെള്ളംകൊണ്ട് അഴുകാന്‍ സാധ്യതയുണ്ട്. ഇത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് കേടില്ലാത്ത ഈര്‍പ്പം കുറഞ്ഞ തൊണ്ടുതന്നെ വേണം. കഴുകി വൃത്തിയാക്കി വെള്ളം വാര്‍ന്നുപോയ ശേഷമാണ് തൊണ്ട് ഉപയോഗിക്കേണ്ടത്.
ജാതി അച്ചാര്‍
ജാതി തൊണ്ടുകൊണ്ടുള്ള അച്ചാറിന് രുചിയും മണവും ഒന്നുവേറെ തന്നെയാണ്. ഏതൊരാള്‍ക്കും ഇത് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും. വീട്ടമ്മമാര്‍ക്ക് ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്. വൃത്തിയായും ചെറുതായും അരിഞ്ഞ് ഉപ്പുചേര്‍ത്ത് അരമണിക്കൂര്‍ വെച്ചശേഷമാണ് ജാതികൊണ്ട് അച്ചാര്‍ തയ്യാറാക്കേണ്ടത്. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി എന്നിവ മൂപ്പിച്ചെടുക്കണം. മുളകുപൊടി, കായപ്പൊടി, ഉലുവ എന്നിവയും പ്രത്യേകം മൂപ്പിച്ചെടുക്കണം. അതിനുശേഷം കുറച്ചു നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉപ്പു പുരട്ടിവച്ച് ജാതികഷണങ്ങള്‍ ഇട്ട് നന്നായി വഴറ്റുക. തുടര്‍ന്ന് മസാലകൂട്ടുകള്‍ ചേര്‍ത്ത് ഇളക്കണം. മസാല കൂട്ടുകളും ജാതികഷണങ്ങളും ചേര്‍ത്തശേഷം അടുപ്പില്‍ നിന്നും വാങ്ങി വിനാഗിരിയും ചേര്‍ത്താല്‍ അച്ചാര്‍ റെഡി. ഇനി വായു കടക്കാത്ത കുപ്പികളിലാക്കിയാല്‍ മാത്രം മതി. വര്‍ഷങ്ങളോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യും.
ഉണക്കിയ ജാതിതൊണ്ട് ചേര്‍ത്ത് മീന്‍ അച്ചാറും ഉണ്ടാക്കാം. ഇതിന്‍റെ പ്രത്യേകത മണവും രുചിയും ആരുടേയും നാവില്‍ വെള്ളമൂറിക്കും. ജാതിതൊണ്ട് ഉണക്കിയും സൂക്ഷിക്കാം. ഉണക്കിയ തൊണ്ട് ചെറുതാക്കിയശേഷം മിക്സിയില്‍ ഇട്ട് ചെറുതായി പൊടിച്ചെടുക്കാവുന്നതാണ്. ഇവ വായുകടക്കാത്ത കുപ്പികളില്‍ സൂക്ഷിച്ച് അച്ചാറിനും ചമ്മന്തിക്കും ഉപയോഗിക്കാം. അച്ചാര്‍ പോലെ തന്നെ വിപണന സാധ്യതയുള്ള മറ്റൊരു ഉത്പന്നമാണ് ജാതിസോസ്. ജാതിതൊണ്ട് പ്രത്യേകം വേവിച്ച് അരച്ചെടുക്കുകയാണ് ഇതിനായി വേണ്ടത് . ഒരു കിലോഗ്രാം പള്‍പ്പില്‍ 100 ഗ്രാം ചുവന്നുള്ളി, 30 ഗ്രാം ഇഞ്ചി എന്ന തോതില്‍ എടുത്ത് എല്ലാം കൂടി നന്നായി വേവിച്ച് അരച്ചെടുക്കണം. അരച്ചെടുത്ത കൂട്ടില്‍ പാകത്തിന് ഉപ്പുചേര്‍ത്തശേഷം 150 ഗ്രാം പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട, ഗ്രാമ്പൂ, മൂന്ന് വറ്റല്‍ മുളക്, കുരുമുളക് എന്നിവയെല്ലാം ഒന്നു ചതച്ച് വൃത്തിയുള്ള മണ്ണില്‍ തുണിയില്‍ കിഴികെട്ടിയിടണം. നന്നായി തിളക്കുമ്പോള്‍ വാങ്ങിവച്ചു കിഴി എടുത്ത് അതിലെ സത്ത് കൂട്ടിലേക്ക് പിഴിഞ്ഞു ചേര്‍ക്കണം. തണുത്തശേഷം വൃത്തിയാക്കിയ കുപ്പികളില്‍ വായു കടക്കാത്തവിധം സൂക്ഷിച്ചുവെച്ചാല്‍ മൂന്നുനാലു മാസം വരെ കേടാകാതിരിക്കും. കൂടുതല്‍ കാലം സൂക്ഷിച്ചുവെയ്ക്കുവാന്‍ ഒരു നുള്ള് പൊട്ടാസ്യം മെറ്റോബൈസള്‍ഫേറ്റും കൂടി ചേര്‍ക്കാം.
ജാതി അരിഷ്ടം അല്ലെങ്കില്‍ വൈന്‍ ആണ് തൊണ്ടില്‍ നിന്നുണ്ടാക്കുന്ന മറ്റൊരുല്‍പന്നം. ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത ജാതിതൊണ്ട് ഭരണിയിലോ ചില്ലുകുപ്പികളിലോ അട്ടിയായി അടുക്കിവയ്ക്കണം. അടുക്കുകള്‍ക്കിടയില്‍ ശര്‍ക്കരയും കറുവപ്പട്ടയും ഗ്രാമ്പു പൊടിച്ചതും ചേര്‍ത്ത് വയു കടക്കാതെ 41 ദിവസം അടച്ചുവെയ്ക്കണം. ഈര്‍പ്പമില്ലാത്ത ഒരു തവികൊണ്ട് ഇടക്ക് ഇളക്കണം. 41 ദിവസം കഴിഞ്ഞ് തെളിഞ്ഞുവരുന്ന നീര് അരിച്ചെടുത്ത് കുപ്പികളിലാക്കി സൂക്ഷിച്ചുവെയ്ക്കാം. ഇത് നല്ലൊരു ഔഷധം കൂടിയാണ്.
ജാം, കാന്‍ഡി, സ്ക്വാഷ്, സിറപ്പ് എന്നിങ്നെ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ ജാതിതൊണ്ടില്‍ നിന്നും ഉണ്ടാക്കാം. വ്യവസായികാടിസ്ഥാനത്തില്‍ ഇത്തരം ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചാല്‍ ആവശ്യക്കാര്‍ ഏറെയുണ്ടാകും. കാരണം ജാതിക്കയുടെ ഔഷധഗുണം തന്നെ. ജാതിയുടെ എല്ലാ ഭാഗങങളും ഉപയോഗോഗ്യമായതിനാല്‍ കര്‍ഷകര്‍ വ്യാപകമായി ജാതികൃഷി ചെയ്താല്‍ മികച്ച ആദായം ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *