
അനില്‍ ജേക്കബ് കീച്ചേരിയില്‍
നെല്ല് ഏഷ്യയുടെ ജീവനാണ്. ഏഷ്യയിലെ മുഴുവന്‍ രാജ്യങ്ങളിലെയും അനേക കോടികളുടെ ജീവന്‍റെ ആധാരം. സമ്പന്നവും ആശ്ചര്യജനകവുമായ സംസ്കാരങ്ങളുടെ ആധാരശിലകളിലൊന്ന്. ഏഷ്യയിലെ മനുഷ്യരില്‍ നിന്ന് പിരിച്ചെടുക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു നെല്ലും ഇതില്‍ നിന്നും പിറന്ന മൂല്യധാരകളും. ഇന്ത്യയോ, ചൈനയോ, ബര്‍മ്മയോ, ഫിലിപ്പീന്‍സോ, വിയറ്റ്നാമോ, ജപ്പാനോ, തായ്ലന്‍റോ ഏതു നാടുമാകട്ടെ മറ്റൊരു സസ്യവും ഇത്രമാത്രം ഈ ജനതകളെ സ്വാധീനിച്ചിട്ടില്ല. ലോകജനസഖ്യയുടെ പകുതിയിലധികം നെല്ലിനെ ആശ്രയിച്ചു കഴിയുന്നവരാണ്. ഏഷ്യയിലാകട്ടെ 200 കോടി മനുഷ്യര്‍ അവരുടെ 60 ശതമാനത്തിലധികവും ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് നെല്ലിനെ ആശ്രയിക്കുകയും ചെയ്യുന്നു. അപ്രകാരം ലോകത്തെ നിലനിര്‍ത്തുകയും വികസ്വര രാഷ്ട്രങ്ങളിലെ 100 കോടി മനുഷ്യര്‍ക്ക് ജോലി നല്‍കുകയും ചെയ്യുന്ന നെല്ലിന്‍റഎ അഞ്ചില്‍ നാലു ഭാഗവും ഉത്പാദിപ്പിക്കുന്നത് ചെറുകിട കര്‍ഷകരാണെന്നു പറയുമ്പോള്‍ തന്നെ നെല്ലും അടിസ്ഥാന കാര്‍ഷിക സമൂഹത്തിന്‍റെ നിലനില്‍പ്പുമായുള്ള ബന്ധം വ്യക്തമാകുന്നു. ഏഷ്യയിലെങ്ങും ചിതറിക്കിടക്കുന്ന ഈ ചെറുകിട കര്‍ഷകരെയാണ് നവലോക വ്യവസ്ഥയുടെ ദോഷവശങ്ങള്‍ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. ഹരിതവിപ്ലവവും, വന്‍കിട പദ്ധതികളും, ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവത്ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളും ജനിതക സാങ്കേതിക വിദ്യയുമെല്ലാം ചെറുകിട കര്‍ഷകരെ തന്‍റെ വഴിയില്‍ നിന്നും തെറ്റിച്ചിട്ടുണ്ട്. പരമ്പരകളായി, നൂറ്റാണ്ടുകളായി, തങ്ങള്‍ തുടര്‍ന്നുപോന്ന നെല്‍കൃഷിയും സംസ്കാരവും നശിക്കുന്നത് ഏഷ്യന്‍ ജനതയെ ഉലച്ചുകൊണ്ടിരിക്കുന്നു. ഗ്രാമീണ ജീവിതത്തോടൊപ്പം ഏഷ്യയുടെ നെല്ലും നാമാവശേഷമാകുവാനിടയുണ്ട്.
തെക്കുകിഴക്കേഷ്യയുടെ, മുല്ലപ്പൂഗന്ധമുള്ള ജാസ്മിന്‍ റൈസ് നമ്മുടെ സുഗന്ധ നെല്ലുകളായ ബസ്മതി ഇനങ്ങളോടൊപ്പം ലോകവിപണിയില്‍ പ്രിയപ്പെട്ടതാണ്. ഇവയെല്ലാം തന്നെ ഇതും ലോകവ്യാപാരക്കരാര്‍ – ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും പേറ്റന്‍റ് നിയമങ്ങളും ഉയര്‍ത്തുന്ന നിരന്തര ഭീഷണിയിലാണ്. സുഗന്ധമില്ലാത്ത മറ്റു നാടന്‍ ഇനങ്ങളാകട്ടെ അത്യുല്പാദന – സങ്കര ഇനങ്ങളുടെ പരസ്യങ്ങളില്‍ എന്നെന്നേയ്ക്കുമായി ഇല്ലാതാവുകയും ചെയ്യുന്നു. ഇന്ന് ഏഷ്യയില്‍ കൃഷിചെയ്യുന്ന മിക്ക നവീന നെല്‍വിത്തിനങ്ങളും തായ്ചുങ്ങ് നേറ്റീവ് തുടങ്ങിയ വിരലിലെണ്ണാവുന്ന ഇനം അത്യുത്പാദകരുടെ സന്തതികളാണ്. ഭാരതത്തില്‍ മാത്രം 2 ലക്ഷത്തിലധികം നാടന്‍ നല്‍വിത്തിനങ്ങളുണ്ടായിരുന്നു എന്നോര്‍ക്കുമ്പോള്‍ ഈ പുത്തന്‍ വിത്തുകള്‍ വരുത്തിയ ഭീമനഷ്ടത്തിന്‍റെ ആഴവും പരപ്പും നമുക്കു മുന്നില്‍ പേടിസ്വപ്നമായി പിറക്കുന്നു. ആര്‍ക്കോ സ്ഥഇതിവിവരക്കണക്കുകള്‍ ഭംഗിയാക്കാന്‍ വേണ്ടി ആരോ തീരുമാനിച്ച പ്രകാരം കൃഷി ചെയ്ത്, നമ്മള്‍ ഹിമാലയന്‍ അബദ്ധങ്ങള്‍ക്ക് ഇതിനകം ഇരകളായിക്കഴിഞ്ഞു. ഇനി പുത്തന്‍ വികസന പദ്ധതികള്‍ക്കും ജനിതക സാങ്കേതികവിദ്യകള്‍ക്കും കളരിയാകാനുള്ളതല്ല ഏഷ്യയുടെ നെല്‍വയലുകള്‍.
ഏഷ്യയിലെങ്ങും നെല്‍ക്കര്‍ഷകര്‍ തങ്ങളെ ഞെരുക്കുന്ന പ്രതിസന്ധികളോട് പോരാടുകയാണ്. എങ്ങനെയും നെല്ലിനെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് സമൂഹങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ടെന്നത് ആശാവഹമാണ്.
ഏഷ്യയെ ഒന്നിച്ചു നിര്‍ത്തുന്ന നെല്‍കൃഷിയും സംസ്ക്കാരവും ഈ വിശാല ഭൂഖണ്ഡത്തിലെങ്ങും തകര്‍ച്ചയെ നേരിടുമ്പോള്‍, അതിന്‍റെ മൂലകാരണങ്ങളിലേയ്ക്ക് പോകാനും നെല്ലിനെ നിലനിര്‍ത്താനുമുള്ള ഒരു പ്രസ്ഥാനം ഉടലെടുത്തിരിക്കുകയാണ്. ഏഷ്യയിലെങ്ങുമുള്ള സംഘടനകളും കര്‍ഷകരും വ്യക്തികളും ശാസ്ത്രജ്ഞരും ഒക്കെ തന്നെ സേവ് ഔര്‍ റൈസ് എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് ഒത്തുചേരുകയാണ്. നെല്‍കൃഷിയില്‍ താല്‍പര്യമുള്ള മറ്റെല്ലാവരും – ഉപഭോക്താക്കളും, മാധ്യമപ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും, അധ്യാപകരും – നെല്ലിന്‍റെ നിലനില്‍പിന്‍റെ മാര്‍ഗങ്ങള്‍ തേടാനായി ഈ പ്രചാരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു.
സേവ് ഔര്‍ റൈസ് ക്യാമ്പയിന്‍ ആരംഭിച്ചത് 2004ലാണ്. രണ്ടാം അന്താരാഷ്ട്ര നെല്‍വര്‍ഷമായി ആചരിക്കപ്പെട്ട വര്‍ഷമാണിത്. ഈ രണ്ടാം അന്താരാഷ്ട്ര നെല്‍വര്‍ഷത്തിന്‍റെ ഉല്‍ഘാടന മീറ്റിംഗ് നടന്നത് സ്വിറ്റ്സര്‍ലണ്ടിലാണ്. എന്തുകൊണ്ട് നെല്‍കൃഷിയോ നെല്ലിന്‍റെ സംസ്കാരമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു രാജ്യത്തുവെച്ച് ഈ ഉല്‍ഘാടന മഹാമഹം നടന്നു? ഈ ചോദ്യത്തിനുള്ള ഉത്തരം അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ് നെല്ലിന്‍ (അരിയുടെ) മേലുള്ള സാമ്പത്തിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ പലര്‍ക്കും ബോധ്യപ്പെടാന്‍ തുടങ്ങിയത്. നെല്‍കര്‍ഷകരേയും പരിസ്ഥിതി ജൈവകൃഷി സംഘടനകളേയും ശാസ്ത്രജ്ഞരേയും ഒക്കെ ഉള്‍പ്പെടുത്തി ഒരു ദേശീയ ശില്‍പശാല സംഘടിപ്പിക്കാന്‍ തണല്‍ മുന്‍കൈയെടുത്തത് ഈ പശ്ചാത്തലത്തിലാണ്.
ദേശീയ സര്‍ക്കാരിന്‍റെ പുത്തന്‍ നയങ്ങള്‍ കര്‍ഷക വിരുദ്ധവും കൃഷിയുടെ നിലനില്‍പ്പിനെ ബാധിക്കുന്നതുമാണെന്ന് ഈ ശില്‍പശാല വിലയിരുത്തി. ഭക്ഷ്യസുരക്ഷ നേടാന്‍ കുറുക്കുവഴികളില്ലെന്നും കര്‍ഷകനെ സംരക്ഷിക്കുകയും മണ്ണിന്‍റെ ഫലപുഷ്ടി നിരനിര്‍ത്തുകയും വിത്തിന്‍റെ പരമാധികാരം കര്‍ഷകര്‍ക്കുതന്നെ നല്‍കുകയും ചെയ്താല്‍ മാത്രമേ സ്ഥായിയായ ഭക്ഷ്യസുരക്ഷ ഉണ്ടാകുകയുള്ളൂ എന്നും ശില്പശാലയില്‍ പങ്കെടുത്തവര്‍ ശക്തമായി പറഞ്ഞു. പത്തോളം സംസ്ഥാനങ്ങളില്‍ നിന്നായി 110ഓളം പേരാണ് ശില്പശാലയില്‍ പങ്കെടുത്തത്. കേരളത്തില്‍ കുമ്പളങ്ങിയില്‍ വച്ചുനടന്ന ഈ ശില്പശാല ശക്തമായ ഒരു പ്രഖ്യാപനവും ഉയര്‍ത്തി.
2008 മുതല്‍ ഒറീസ്സ, ബംഗാള്‍ എന്നീ കിഴക്കന്‍ സംസ്ഥാനങ്ങളിലും 2005 മുതല്‍ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേരളം, തമിഴ്നാട്, കര്‍ണാടകം – നെല്ല് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കര്‍ഷകര്‍ മാത്രമല്ല ഈ പരിപാടികളില്‍ പങ്കെടുത്തത് ഉപഭോക്താക്കളും അരിമില്ലുകാരും കച്ചവടക്കാരും ശാസ്ത്രജ്ഞരും അധ്യാപകരും വിദ്യാര്‍ത്ഥികളും പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം തന്നെ നെല്‍ സംസ്കാരത്തിന്‍റെ വിവിധ തലങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഇതൊരു മുന്നേറ്റമാണ്. ഇതൊരു കൂട്ടായ്മയാണ്.
ഈ അഞ്ച് സംസ്ഥാനങ്ങളിലും വിവിധ സംഘടനകളാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ സംഘടനകളുടെ നേതൃത്വത്തില്‍ നെല്‍കൃഷിയും നെല്‍വയലും നെല്‍കര്‍ഷകരും ഉപയോക്താക്കളും മില്ലുകാരും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. കേരളത്തില്‍ വയനാട്, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് റൈസ് ക്യാമ്പെയ്ന്‍ പ്രധാനമായും നടക്കുന്നത്.
Leave a Reply