മുളതൈ ഉപയോഗിച്ചുള്ള തോട് സംരക്ഷണ പ്രവര്‍ത്തിക്ക് തുടക്കമായി
കല്‍പ്പറ്റ: മേപ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ മാങ്ങവയല്‍ നീര്‍ത്തടത്തില്‍ നടപ്പിലാക്കുന്ന ജലപുനര്‍ജനി പദ്ധതിയുടെ ഭാഗമായി മുളതൈകള്‍ നട്ടുപിടിപ്പിച്ച് തോടിന്റെ അരിക് സംരക്ഷിക്കുന്ന പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്ാക്കുന്ന ജലസംരക്ഷണ പദ്ധതിയാണ് ജലപുനര്‍ജനി.
1066 ഹെക്ടറോളം പരിപാലന പ്രദേശമായി വരുന്ന നീര്‍ത്തടമാണിത്. നീര്‍ത്തട പ്രദേശത്തെ മുഴുവന്‍ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര ഏജന്‍സികളുടെ സഹായത്തോടെ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് 2018 മാര്‍ച്ച് 1ന് സി.കെ. ശശീന്ദ്രന് എം.എല്‍.എയാണ് ജലപുനര്‍ജനി പദ്ധതി ഉദ്ഘാടനം ചെയ്തത്.
2018-ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ഡിവിഷന് സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ ലഭിച്ച 2500 മുളത്തൈകള്‍ ഉപയോഗിച്ചാണ് തോട് അരിക് സംരക്ഷണ പ്രവൃത്തി നടത്തുന്നത്.
ചെമ്പോത്തറ ഹെല്‍ത്ത് സെന്ററിന് സമീപം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് മുളതൈ നടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു പ്രതാപന്, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ലളിത, ബ്ലോക്ക് ഡെവലപ്പമെന്റ് ഓഫീസര്‍ കെ.സരുണ്‍, കല്‍പ്പറ്റ ഡി.വൈ.എസ്.പി. പ്രിന്‍സ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വനിത വികസന ഓഫീസര്‍ പോള്‍ വര്‍ഗ്ഗീസ്, നീര്‍ത്തട വികസന ടീം അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply