Thursday, 12th December 2024
 സംസ്ഥാനത്തെ ആദ്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി തിരുവനന്തപുരത്തിന് സ്വന്തം. തിരുവനന്തപുരം കുടപ്പനക്കുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി പ്രവര്‍ത്തനസജ്ജമായിരിക്കും. ഇന്‍പേഷ്യന്റ് സൗകര്യം, ഐസിയു, ഗൈനക്കോളജി, സര്‍ജറി, മെഡിസിന്‍ വിഭാഗങ്ങള്‍, പാത്തോളജി സ്‌പെഷ്യാലിറ്റികള്‍, അത്യാധുനിക ലാബ് സൗകര്യം, ആംബുലന്‍സ് സൗകര്യം, മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവയടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. അഞ്ചുകോടി പത്തുലക്ഷം രൂപയാണ് ആശുപത്രിയുടെ നിര്‍മ്മാണച്ചെലവ്. 
 
മൃഗപരിപാലന രംഗത്ത് ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി ഉപയോഗിക്കുന്ന പ്രവണത കണ്ടുവരുന്നതായും ഇതു പൊതുജനാരോഗ്യത്തിനു ഭീഷണിയായി വളരുകയാണെന്നും മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യമന്ത്രി പറഞ്ഞു. സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ തീറ്റയിലും വെള്ളത്തിലും കലര്‍ത്തി മൃഗങ്ങള്‍ക്കു നല്‍കുന്ന രീതി കണ്ടുവരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു മനുഷ്യരില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ്. ആന്റിബയോട്ടിക്ക് ഉപയോഗത്തില്‍ മിതത്വം പാലിക്കണമെന്നും ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്കു ബോധവത്കരണം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
പക്ഷിമൃഗാദികള്‍ക്കുള്ള ആധുനിക ചികിത്സ കുടപ്പനക്കുന്നിലെ ആശുപത്രിയിലുണ്ടാകും. മൃഗാരോഗ്യ രംഗത്ത് സമഗ്ര പരിവര്‍ത്തനത്തിന് ഉതകുന്നതാകും ഈ ഉദ്യമം. കാര്‍ഷിക മേഖല തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴും മൃഗ സംരക്ഷണ വളര്‍ച്ചയാണുണ്ടായത് അഭിമാനകരമാണ്. പാല്‍ ഉത്പാദനത്തില്‍ ഉടന്‍ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നാണു പ്രതീക്ഷ. പാല്‍, മുട്ട, മാസം എന്നിവ വിഷരഹിതമായി ലഭ്യമാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പില്‍ നടപ്പാക്കുന്ന ഇ-ഓഫിസ് സംവിധാനത്തിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 
 
കര്‍ഷകര്‍ക്കു ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നതിനു നിയമ നിര്‍മാണം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും നിശ്ചിത ഗുണനിലവാരം ഉറപ്പുവരുത്തുന്നതാകും ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു.
 
പ്രകൃതിക്ഷോഭത്തില്‍ നഷ്ടമുണ്ടായ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു. ആശുപത്രി വളപ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗണ്‍സിലര്‍ കൃഷ്ണന്‍കുട്ടി നായര്‍, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എക്‌സ്. അനില്‍, ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി. സുനില്‍ കുമാര്‍ എന്നിവരും പ്രസംഗിച്ചു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *