ഒരു ചാക്ക് കാലിത്തീറ്റയുടെ സബ്സിഡി 100 രൂപയായി വര്‍ദ്ധിപ്പിച്ച് മില്‍മ. കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ച 70 രൂപ സബ്സിഡിക്കു പുറമേയാണ് ഇപ്പോള്‍ 30 രൂപ വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പുതുക്കിയ സബ്സിഡി നിരക്കില്‍ ഫെബ്രുവരി 13 മുതല്‍ മില്‍മ കാലിത്തീറ്റ ലഭ്യമാകുമെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഇടനിലക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മില്‍മ കാലിത്തീറ്റയുടെ പ്രീമിയം ബ്രാന്‍ഡുകള്‍ക്കുള്ള സബ്സിഡി വര്‍ദ്ധനവ് സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്ക് നേട്ടമാകും. സബ്സിഡി പ്രഖ്യാപിച്ച സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ ക്ഷീരോല്‍പ്പാദകരോട് മില്‍മയ്ക്കുള്ള കടപ്പാടാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 50 കിലോ ചാക്കൊന്നിന് 40 രൂപ സബ്സിഡിയാണ് മുന്‍പ് മില്‍മ നല്‍കിയിരുന്നത്. ജനുവരി 1 മുതലാണ് ഇത് 70 രൂപയായി ഉയര്‍ത്തിയത്. കൊവിഡിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനു വേണ്ടിയാണ് മില്‍മ കാലിത്തീറ്റ സബ്സിഡി വര്‍ദ്ധിപ്പിച്ചത്. ക്ഷീരോല്‍പ്പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തതയില്‍ എത്തിച്ചതില്‍ സാധാരണക്കാരായ കര്‍ഷകര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അധിക സബ്സിഡി ലഭിക്കുന്നതിലൂടെ ക്ഷീരമേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്താമെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
Tuesday, 3rd October 2023
Leave a Reply