Thursday, 20th January 2022

സി.വി.ഷിബു

   പച്ചക്കറി-ഫലവൃക്ഷത്തൈകളുടെ വിതരണം എല്ലാ മേഖലകളിലും കാര്യമായി നടുവരുന്നു. എന്നാല്‍ തൈനടീലിനു ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ മണ്ണില്‍ ദ്രവിക്കാതെ മാലിന്യപ്രശ്‌നമുണ്ടാക്കുന്നു. ഇതിനൊരു നല്ല പരിഹാരമാണ് കട്ടപ്പന ബ്ലോക്ക്പഞ്ചായത്തിന്റെ കരുതല്‍ പദ്ധതിയിലൂടെ യൂണിറ്റുകള്‍ കോറത്തുണിയില്‍ നിര്‍മ്മിക്കുന്ന ഗ്രോബാഗ്.  ഇത്തരം ഗ്രോബാഗില്‍ തൈ വളര്‍ത്തിയാല്‍ നടീലിനുശേഷം ഇവ വളരെ വേഗം മണ്ണില്‍ അലിഞ്ഞു ചേരുതിനാല്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നില്ല. പരിസ്ഥിതി സംരക്ഷണവും പ്ലാസ്‌ററിക് നിയന്ത്രണവും ലക്ഷ്യമിട്ടുള്ളതാണ് കട്ടപ്പന ബ്ലോക്ക്പഞ്ചായത്തിന്റെ കരുതല്‍ പദ്ധതി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ബദലായി പേപ്പര്‍, തുണി, ജൂട്ട് മുതലായ പ്രകൃതി സൗഹാര്‍ദ വസ്തുക്കള്‍ ഉപയോഗിച്ചുളള ക്യാരിബാഗുകള്‍ വനിതാ ജെ എല്‍ ജി ഗ്രൂപ്പുകളുടെ യൂണിറ്റ് മുഖേന നിര്‍മ്മിക്കുന്നതാണ് പദ്ധതി. 
 
കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ പ്രകൃതി ക്യാരി ബാഗ് യൂണിറ്റ് പാലാക്കടയിലാണ് സംരംഭം തുടങ്ങിയിരിക്കുന്നത്. അഞ്ചുപേരടങ്ങുന്നതാണ് ഇവരുടെ യൂണിറ്റ്.  ഇരട്ടയാര്‍ പഞ്ചായത്തിലെ ആറു പേരടങ്ങിയ ധന്യ യൂണിറ്റ് വാഴവരയിലുളള ബ്ലോക്ക് കെട്ടിടത്തിലും ഉപ്പുതറ പഞ്ചായത്തില്‍ ഏഴ് പേരടങ്ങിയ ഡ്രീം ലാന്റ് യൂണിറ്റ് ഉപ്പുതറ ബൈപ്പാസിലുളള പഞ്ചായത്ത് കെട്ടിടത്തിലും ചക്കുപളളം പഞ്ചായത്തില്‍ അഞ്ചുപേരടങ്ങിയ സമഭാവന യൂണിറ്റ് അമ്പലമേട്ടിലുമാണ് പ്രവര്‍ത്തിക്കുന്നത്. കട്ടപ്പന ബ്ലോക്കിനു കീഴിലുളള ഇരട്ടയാര്‍, കാഞ്ചിയാര്‍, ഉപ്പുതറ, ചക്കുപളളം ഗ്രാമപഞ്ചായത്തുകളിലാണ് ഇപ്പോള്‍ വനിതാ ജെ എല്‍ ജി കളുടെ നേതൃത്വത്തില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുളളത്. ബാങ്ക് വായ്പയായി മൂന്ന് ലക്ഷം രൂപയാണ് ഓരോ യൂണിറ്റിനും ചെലവഴിച്ചത്. ഇതില്‍ രണ്ടു ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് സബ്‌സിഡിയാണ്. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.
 
നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബാങ്കിന്റെ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ബ്ലോക്ക് പഞ്ചായത്ത് സംരംഭകര്‍ക്ക് പേപ്പര്‍, തുണി, ചണം ക്യാരി ബാഗ് നിര്‍മ്മാണത്തില്‍ പത്തു ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. വിവിധ വലിപ്പത്തിലും മെറ്റീരിയലിലുമുളള ബിഗ്‌ഷോപ്പറുകള്‍, തുണി സഞ്ചി, പേഴ്‌സുകള്‍, ഫയലുകള്‍, ലേഡീസ് ഹാന്‍ഡ് ബാഗുകള്‍ തുടങ്ങി ഗ്രോ ബാഗുകള്‍ വരെ ഓരോയൂണിറ്റുകളും നിര്‍മ്മിക്കുന്നു. കോറത്തുണി, ജൂട്ട്, കട്ടിയുളളതും വേഗത്തില്‍ കീറിപ്പോകാത്തതുമായ തുണിത്തരങ്ങള്‍, പേപ്പര്‍ തുടങ്ങിയവ കൊണ്ടുളള ഉല്പ്പങ്ങളാണ് കൂടുതലായും നിര്‍മ്മിക്കുന്നത്.  10 മുതല്‍ 28 രൂപ വരെയുളള ബിഗ്‌ഷോപ്പറുകള്‍,  50 മുതല്‍ 150 രൂപവരെ വിലയുളള ഫയലുകള്‍, 50 മുതല്‍ 120 രൂപ വരെയുളള പേഴ്‌സ് ബാഗുകള്‍, 150 രൂപ മുതലുളള തോള്‍ സഞ്ചികള്‍ എിങ്ങനെയാണ് ഉല്പ്പങ്ങളുടെ എകദേശ വില നിലവാരം. മെറ്റീരിയലും വലിപ്പവും അനുസരിച്ച് വിലയിലും മാറ്റം വരും. വ്യാപാരസ്ഥാപനങ്ങളും സംഘടനകളും സ്‌കൂളുകളുമാണ് പ്രധാനമായും ഇവ വാങ്ങുന്നത്. ഓര്‍ഡര്‍ നല്കുന്നതനുസരിച്ച് സ്ഥാപനങ്ങളുടെ ലോഗോ പ്രിന്റ് ചെയ്ത ഉല്പ്പന്നങ്ങളും യൂണിറ്റുകള്‍ നിര്‍മ്മിച്ചു നല്കും. ഇതിന്റെ ആവശ്യം മനസിലാക്കി അടുത്തവര്‍ഷത്തേക്ക് ഗ്രോബാഗുകള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് യൂണിറ്റംഗങ്ങള്‍. 
 
സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളമിഷനുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പദ്ധതിയിലുടെ പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണവും വനിതകള്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനവുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് സാലി ജോളി പറഞ്ഞു. അടുത്ത ഘട്ടമായി സ്‌കൂള്‍ ബാഗുകളുടെ നിര്‍മ്മാണപരിശീലനം യൂണിറ്റംഗങ്ങള്‍ക്ക് നല്കുവാനാണ് ഉദ്ദേശിക്കുന്നത്. 
 
കഴുകി ഉപയോഗിക്കാവുന്ന ഇത്തരം ക്യാരി ബാഗുകള്‍ ഉപഭോക്താക്കള്‍ക്ക് പണലാഭത്തിനൊപ്പം പ്ലാസ്റ്റിക് കിറ്റുകളുടെ അമിതോപയോഗത്തില്‍ നിന്ന് മോചനവും സാധ്യമാക്കുന്നു. 'കരുതല്‍ മണ്ണിനു വേണ്ടി മനുഷ്യനുവേണ്ടി' എന്ന ലോഗോയോടു കൂടിയുളള ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരുടെ മനസിലും പരിസ്ഥിതി സംരക്ഷണാവബോധം വളര്‍ത്തിയെടുക്കാന്‍ ഉപകരിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *