വയനാട് ഫിഷറീസിന് അഭിമാനം
കല്‍പ്പറ്റ: പരാലിസിസ് ബാധിച്ച് ഒരു വശം തളര്‍ന്നിട്ടും മനസ് തളരാതെ മത്സ്യകൃഷിയില്‍ പൊന്ന് വിളയിച്ച പൊഴുതന പഞ്ചായത്തില്‍ നിന്നുള്ള അബ്ദുള്‍റഷീദിന് ഫിഷറീസ് വകുപ്പിന്റെ മികച്ച ശുദ്ധജല മത്സ്യകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ചാലക്കുടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയില്‍ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച നൂതന മത്സ്യകര്‍ഷകനുള്ള അവാര്‍ഡ് ഉസ്മാന് ചോമ്പാളനും അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ക്കുള്ള അവാര്‍ഡ് ടി കെ ജ്യോസ്നയും ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി ടീച്ചര്‍ എന്നിവരും ഏറ്റുവാങ്ങി.
ഈ പുരസ്ക്കാരങ്ങള്‍ക്കൊപ്പം മികച്ച രണ്ടാമത്തെ മത്സ്യകര്‍ഷകനുള്ള ദേശീയ പുരസ്ക്കാരം മാനന്തവാടി നഗരസഭയില്‍ നിന്നുള്ള ജെറാള്‍ഡ് എന്ന കര്ഷകന് നേടിയതും വയനാട് ഫിഷറീസിന് അഭിമാനമായി.
പൊഴുതന പഞ്ചായത്ത് പരിധിയില്‍ 100 സെന്റ് വലിപ്പമുള്ള കുളത്തില്‍ ഗിഫ്റ്റ് തിലാപ്പിയ മത്സ്യം കൃഷി ചെയ്തു വരുന്ന അബ്ദുള്‍ റഷീദ് മികച്ച ഒരു ക്ഷീര കര്ഷകന് കൂടിയാണ്. മത്സ്യകൃഷി തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ എങ്കിലും തുടക്കക്കാരന്റെ ഒരു പരിമിതികളുമില്ലാതെ വളരെ ശാസ്ത്രീയമായ രീതിയിലാണ് കൃഷി ചെയ്ത് വലിയ നേട്ടങ്ങള്‍ കൊയ്തത്.
പുന:ചംക്രമണ മത്സ്യകൃഷി ചെയ്ത് വിജയം കൊയ്ത പടിഞ്ഞാറത്തറ പഞ്ചായത്തില്‍ നിന്നുള്ള ഉസ്മാന് ചോമ്പാളനാണ് ജില്ലയിലെ മികച്ച നൂതന മത്സ്യകര്ഷകന്. കര്‍ഷകര്‍ക്കും വകുപ്പിനുമിടയില്‍ ശ്രദ്ധേയമായ രീതിയില്‍ പ്രവര്‍ത്തിച്ച കണിയാമ്പറ്റ പഞ്ചായത്തില്‍ നിന്നുള്ള ടി കെ ജ്യോസ്നക്കാണ് ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ക്കുള്ള പുരസ്ക്കാരം. മത്സ്യകൃഷി മേഖലകളില്‍ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ നടത്തിയ നെന്മേനി ഗ്രാമപഞ്ചായത്തിനാണ് ഫിഷറീസ് വകുപ്പിന്റെ ജില്ലയിലെ മികച്ച ഫിഷറീസ് സൗഹൃദ ഗ്രാമപഞ്ചായത്തിനുള്ള പുരസ്ക്കാരം.
വയനാട് ഫിഷറീസ് അസി. ഡയരക്ടര്‍ എം ചിത്ര, അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആഷിഖ് ബാബു, ഗീത സത്യനാഥന്, സന്ദീപ് കെ രാജു, ഗ്രഹന്‍ പി തോമസ്, കെ ഡി പ്രിയ, ഷമീം പാറക്കണ്ടി, വി എം സ്വപ്ന തുടങ്ങിയവരും കര്‍ഷകരും പരിപാടിയില്‍ സംബന്ധിച്ചു…
Leave a Reply