സി.വി.ഷിബു
തൃശൂർ:
അമ്പത്തിരണ്ടാം വയസ്സില്‍ ഒരു സംരംഭം തുടങ്ങുക എന്നത് അധികമാര്‍ക്കും പറ്റുന്ന കാര്യമല്ല. എന്നാല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശിനിയായ കവനയ്ക്കല്‍ കുഞ്ഞുമോളെ സംബന്ധിച്ച് സംരംഭമെന്നത് വളരെ നിസ്സാര കാര്യമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കാര്‍ഷിക വിളകളില്‍ നിന്ന് പ്രത്യേകിച്ച് പച്ചക്കറികളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് വിജയഗാഥ രചിച്ചിരിക്കുകയാണ് കുഞ്ഞുമോളും കുടുംബവും. ജാഗ്മി എന്ന പേരില്‍ ഇവര്‍ ബ്രാന്റ് ചെയ്ത് പുറത്തിറക്കിയിരിക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഇന്ന് വിപണിയില്‍ നല്ല ഡിമാന്റാണ്. വിയറ്റ്‌നാമില്‍ നിന്നുള്ള വാക്വം ഫ്രൈയിംഗ് ടെക്‌നോളജി കേരളത്തില്‍ പരീക്ഷിച്ച് വിജയിച്ച ഏക സംരംഭക കൂടിയാണ് കുഞ്ഞുമോള്‍. മകന്‍ റോണി മാസ് കമ്മ്യൂണിക്കേഷനും എം.ബി.എ.യും നിയമത്തില്‍ പി.ജി. ഡിപ്ലോമയും കരസ്ഥമാക്കി രണ്ട് ലക്ഷം രൂപ ശമ്പളത്തില്‍ ദുബായിലെ ഒരു കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. ഉയര്‍ന്ന ശമ്പളത്തിലുള്ള മകനെ ജോലിയില്‍ നിന്നും തിരിച്ചുവിളിച്ച് വിയറ്റ്‌നാമിലെ ഫാക്ടറികള്‍ സന്ദര്‍ശിക്കാന്‍ അയയ്ക്കുകയാണ് ആദ്യം കുഞ്ഞുമോള്‍ ചെയ്തത്. വിയറ്റ്‌നാം സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ മകന്‍ അമ്മയ്‌ക്കൊപ്പം ചേര്‍ന്ന സംരംഭത്തില്‍ പങ്കാളിയായി. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ ഇന്‍ക്വിബേഷന്‍ സൗകര്യം പ്രയോജനപ്പെടുത്തിയാണ് സംരംഭം ആരംഭിച്ചത്. നിലമ്പൂരിലെ ഫാക്ടറിയില്‍ ഒമ്പത് പേര്‍ ഇപ്പോള്‍ സ്ഥിരമായി ജോലിചെയ്തുവരുന്നു. ചക്കയില്‍ നിന്നുള്ള ധാരാളം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ എണ്‍പതിലധികം പേര്‍ ചക്ക എത്തിച്ച് നല്‍കുന്നതിനും സംസ്‌കരിക്കുന്നതിനുമൊക്കെയായി തൊഴില്‍ നേടുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബിസിനസ് രംഗത്തുള്ള ഭര്‍ത്താവ് ടോമും ഇപ്പോള്‍ കുഞ്ഞുമോളുടെ സഹസംരംഭകനാണ്. ഭക്ഷ്യോത്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മാണമാരംഭിച്ചതോടെ സ്വന്തമായുള്ള മൂന്നേക്കര്‍ സ്ഥലത്തുണ്ടായിരുന്ന റബര്‍ വെട്ടിമാറ്റി പ്ലാവ് നട്ടുപിടിപ്പിച്ചിരിക്കുകയാണ് ഇവര്‍.
ബീറ്റ്‌റൂട്ട്, ക്യാരറ്റ്, വെണ്ടക്ക, വഴുതന തുടങ്ങി എല്ലായിനം പച്ചക്കറികളില്‍ നിന്നുമുള്ള ചിപ്‌സുകളും വറവുകളും ഇവര്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ വിപണിയിലെത്തിക്കുന്നു.
Leave a Reply