Wednesday, 8th January 2025

 

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാലയും സംസ്ഥാന കാര്‍ഷിക വികസനകര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഒമ്പതാമത് അന്താരാഷ്ട്ര പുഷ്പമേള (പൂപ്പൊലി 2025) ഹൃദയത്തില്‍ ഏറ്റുവാങ്ങി വയനാടന്‍ ജനത. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ദിവസവും ആയിരങ്ങളാണ് പുഷ്‌പോത്സവനഗരിയില്‍ എത്തുന്നത്. പൂപ്പൊലി തുടങ്ങി ദിവസങ്ങള്‍ പിന്നിടുംതോറും സന്ദര്‍ശകത്തിരക്ക് വര്‍ധിക്കുകയാണെന്ന് ഗവേഷണ കേന്ദ്രം മേധാവി ഡോ.യാമിനി വര്‍മ, പബ്ലിസിറ്റി ചുമതലയുള്ള അസി. പ്രഫ. ഡോ.എം.ടി. ചിത്ര എന്നിവര്‍ പറഞ്ഞു. പുഷ്‌പോത്സവം ആസ്വദിക്കാന്‍ വിദേശ സഞ്ചാരികളും അമ്പലവയലില്‍ എത്തുന്നുണ്ട്. ജനുവരി ഒന്നിനായിരുന്നു പുഷ്‌പോത്സവത്തിനു തുടക്കം. 15നാണ് സമാപനം. അത്യപൂര്‍വ ഇനങ്ങളില്‍പ്പെട്ടതടക്കം പൂക്കളുടെ ശേഖരമാണ് പൂപ്പൊലിയുടെ മുഖ്യ ആകര്‍ഷണം. പെറ്റൂണിയ, ഫ്‌ളോക്‌സ്, പാന്‍സി, ഡാലിയ, ചൈന ആസ്റ്റര്‍, മാരിഗോള്‍ഡ്, ടോറീനിയ, കോസ്‌മോസ്, ഡയാന്തസ്, സാല്‍വിയ, ജമന്തി, അലൈസം, കാന്‍ഡിടഫ്റ്റ്, ബ്രാക്കിക്കോം, കാലന്‍ഡുല, പൈറോസ്റ്റീജിയ ഇങ്ങനെ നീളുന്നതാണ് ഏകദേശം 12 ഏക്കര്‍ വരുന്ന പൂപ്പൊലി നഗരയിലെ പുഷ്പ വൈവിധ്യം.കാലീഷ്യ, സെബ്രിന, റിയോ, ഡ്രസീന, സെടം തുടങ്ങിയ ഇനം ഇലച്ചെടികള്‍, കലാരൂപങ്ങള്‍ തുടങ്ങിയവയും പുഷ്‌പോത്സവ നഗരിയെ ചേതോഹരമാക്കുകയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതടക്കം 200 ഓളം പ്രദര്‍ശന സ്റ്റാളുകള്‍, കുട്ടികളുടെ ഉദ്യാനം, വിവിധ തരം റൈഡുകള്‍ തുടങ്ങിയവയും നഗരിയിലുണ്ട്. കര്‍ഷകര്‍ക്കായി ശില്‍പശാലകള്‍, സെമിനാറുകള്‍ എന്നിവ പൂപ്പൊലിയുടെ ഭാഗമായി നടത്തുന്നുണ്ട്. വിജ്ഞാനപ്രദമായ സെമിനാറുകളിലും ശില്‍പശാലകളിലും വലിയ കര്‍ഷക പങ്കാളിത്തമാണ് ഉണ്ടാകുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *