വെറ്ററിനറി മേഖലയിൽ മൂന്നാമത് ഒരു കോളേജ് കൂടി ഉടൻ തുടങ്ങുമെന്നും ഇതിനായി ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വയനാട്, തൃശൂർ മേഖലയിൽ നിന്നും മാറി തെക്കൻ മേഖലയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിലാകും കോളേജ് ആരംഭിക്കുക. ഇതിനായി കൊല്ലം ജില്ലയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേ സമയം എയ്ഡഡ് മേഖലയിൽ ഒരു വെറ്ററിനറി കോളേജ് തുടങ്ങാനായി സർക്കാരിനോട് താല്പര്യം അറിയിച്ചു വന്നവർക്ക് അനുമതി നൽകുന്ന കാര്യവും പരിഗണനയിൽ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളാ വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിൽ നിന്നുള്ള 2017 ബാച്ചിലെ വെറ്ററിനറി ബിരുദം പൂർത്തിയാക്കിയ 206 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ നാലു പേർക്കുമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം തിരുവനന്തപുരത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ജെ. ചിഞ്ചുറാണി.
പേരൂർക്കട കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഡോ.വി.എം ഹാരിസ് ( പ്രസിഡന്റ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ) അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ.ഹരികുമാർ.ജെ (കെ എസ് വി സി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ) സ്വാഗതം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ. സിന്ധു.കെ, ഡോ. ജിജിമോൻ ജോസഫ്, ഡോ. ആർ. രാജീവ് ( എം.ഡി, കെ.എൽ. ഡി. ബോർഡ് ) ഡോ. എ.എസ്. ബിജുലാൽ ( എം. ഡി, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ), ഡോ. എൻ. മോഹനൻ ( പ്രസിഡന്റ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, കേരള ഘടകം ) ഡോ. കെ. ആർ. ബിനു പ്രശാന്ത് ( ചെയർമാൻ, സി. വി. ഇ. സബ് കമ്മിറ്റി, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ), ഡോ. ഉഷാറാണി. എൻ ( ചെയർപേഴ്സൺ, ഡിസിപ്ലിനറി കമ്മിറ്റി, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ), ഡോ. നൗഫൽ. ഇ.വി ( ചെയർമാൻ, ഐ.റ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സബ്കമ്മിറ്റി, കേരളസ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ), ഡോ. അജിലാസ്റ്റ്. കെ ( രജിസ്ട്രാർ, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ), ഡോ. ബീന ഡി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പരിപാടിയോടനുബന്ധിച്ചു നടന്ന കരിയർ ഓറിയന്റേഷൻ പ്രോഗ്രാം അഡീഷണൽ ഡയറക്ടർ ഡോ. വിന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ. സായി പ്രസാദ്. എസ് മോഡറേറ്റർ ആയ ക്ലാസുകൾക്ക് ഡോ. റ്റി.പി. സേതുമാധവൻ ഡോ. അനിൽകുമാർ വി.എ. എന്നിവർ നേതൃത്വം നൽകി. ഡോ. ഷൈജു സി.എസ് സ്വാഗതവും ഡോ. ബേബി കെ. കെ നന്ദിയും പറഞ്ഞു.
Leave a Reply