കരപ്പുറത്തിന്റെ കാര്‍ഷികപ്പെരുമ വിളിച്ചറിയിക്കുന്ന ‘കരപ്പുറം കാര്‍ഷിക കാഴ്ചകള്‍’ കാര്‍ഷികമേളയ്ക്ക് ഇന്ന് (19/05/2023) ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ തുടക്കം കുറിക്കും. ചേര്‍ത്തലയെ കൂടുതല്‍ കാര്‍ഷിക സമൃദ്ധമാക്കുന്നതിന് ‘കരപ്പുറം ചേര്‍ത്തല’- വിഷന്‍- 2026′ എന്ന പേരില്‍ തയ്യാറാക്കിയ പദ്ധതിക്ക് കാര്‍ഷികമേളയില്‍ വച്ച് പ്രകാശനം ചെയ്യുന്നതാണ്. കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാര്‍, കൃഷിയിട സന്ദര്‍ശനം, കാര്‍ഷിക സംരംഭകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും അവരുടെ ആശയങ്ങള്‍ വിപുലീകരിച്ച് പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഡിപിആര്‍ ക്ലിനിക്, കര്‍ഷകരും ഉപഭോക്താക്കളും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ട് മെച്ചപ്പെട്ട വിപണന സാധ്യതകള്‍ കണ്ടെത്തുവാന്‍ ഉതകുന്ന ബി2ബി മീറ്റ് തുടങ്ങിയവ കരപ്പുറം കാര്‍ഷിക കാഴ്ചയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
19-ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ചേര്‍ത്തല തെക്ക് എസ്.സി.ബി. മായിത്തറ ബ്രാഞ്ചിന് സമീപത്തു നിന്ന് ആരംഭിക്കുന്ന കാര്‍ഷിക ഘോഷയാത്രയോടെ കരപ്പുറം കാഴ്ചയ്ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ കരപ്പുറം കാര്‍ഷിക കാഴ്ചകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
2023 മെയ് 20-ന് കര്‍ഷകരുടെയും കൃഷിക്കൂട്ടങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി സ്വന്തമാക്കുന്നതിനും, അവരുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി സംരംഭകരുമായി ഒത്തുചേര്‍ക്കുന്നതിനുമായി ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് ബി2ബി (ബിസിനസ്)മീറ്റ് സംഘടിപ്പിക്കുന്നു.
മെയ് 22-ന് ചേര്‍ത്തല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി കര്‍ഷകര്‍ നേരിടുന്ന വിവിധ കാര്‍ഷിക പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതിനും പരിഹാരങ്ങള്‍ തയ്യാറാക്കുവാനും നിര്‍ദ്ദേശിക്കുവാനുമായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൃഷി-അനുബന്ധ മേഖലകളിലെ ഉദ്യോഗസ്ഥരും കാര്‍ഷിക ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളും കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
മെയ് 24-ന് കര്‍ഷക സംരംഭകരുടെ ആശയങ്ങള്‍ക്ക് അനുയോജ്യമായ ബാങ്ക് വായ്പ്പ ലഭ്യമാക്കുന്നതിനായി വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കുന്നതിന്റെ ഭാഗമായി ഡി പി ആര്‍ ക്ലിനിക്ക് സംഘടിപ്പിക്കും. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ പ്രധാന വേദിയില്‍ മെയ് 20 മുതല്‍ 27 വരെ വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാറുകള്‍ സംഘടിപ്പിക്കും.
സമാപനദിവസം രാവിലെ ഓലകൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്ന പരിശീലനവും ഉണ്ടായിരിക്കും. 28-ന് വൈകിട്ട് 4 മണിക്ക് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
Thursday, 12th December 2024
Leave a Reply