വാക്സിനേഷൻ യജ്ഞം മെയ് 15 മുതൽ 19 വരെ
സംസ്ഥാനത്ത് നാല് മാസത്തിനും എട്ട് മാസത്തിനും ഇടയിലുള്ള എല്ലാ പശുക്കുട്ടികൾക്കും എരുമക്കുട്ടികൾക്കുമുള്ള ബ്രൂസെല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങി. മെയ് 15 മുതൽ 19 വരെയുള്ള അഞ്ച് ദിവസങ്ങളിലായി കുത്തിവെയ്പ്പ് പൂർത്തീകരിക്കും. സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളിലും ,വെറ്ററിനറി സബ് സെൻററുകൾ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പാൽ സൊസൈറ്റികൾ എന്നിവയുടെ പരിസരങ്ങളിലും ഭവനസന്ദർശനം വഴിയും സൗജന്യ രോഗപ്രതിരോധ കുത്തിവെയ്പ്പ് സേവനം ലഭിക്കും. മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരെയും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരെയും പ്രതിരോധ കുത്തിവെപ്പിനായി നിയോഗിച്ചതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
ബ്രൂസെല്ല രോഗം മൃഗങ്ങളിൽ വന്ധ്യത, ഗർഭഛിദ്രം, ഉൽപ്പാദന നഷ്ടം തുടങ്ങിയവയ്ക്ക് കാരണമാകും. രോഗബാധിതരായ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും രോഗം പടരുന്നത് കാരണമായേക്കാം. ഒറ്റത്തവണ കുത്തിവെയ്പിലൂടെ പ്രതിരോധം സാധ്യമാകുമെന്നതിനാൽ കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കഴിഞ്ഞ വർഷം 50,000 ത്തോളം കന്നുകുട്ടികളിൽ കുത്തിവെയ്പ്പ് എടുത്തിരുന്നു. ഈ വർഷം ആദ്യഘട്ട വാക്സിനേഷനിൽ 1,20,000 (ഒരു ലക്ഷത്തി ഇരുപതിനായിരം ) ത്തോളം
പശുക്കുട്ടികളിലും എരുമക്കുട്ടികളിലും കുത്തിവെയ്പ്പ് നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ബ്രൂസെല്ല പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിൽ എല്ലാ കർഷകരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Leave a Reply