Thursday, 12th December 2024

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി (എഫ്.പി.ഒ.) കള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷികമേഖലയെ പ്രോത്സാഹിപ്പിക്കുക, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക, പാരമ്പര്യകൃഷിരീതി പിന്തുടര്‍ന്നും നവീന കൃഷിരീതി അനുവര്‍ത്തിച്ചും കേരളത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്തത, ഭക്ഷ്യസുരക്ഷ എന്നിവ കൈവരിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കൃഷിക്കൂട്ടങ്ങള്‍, സ്വയംസഹായസംഘങ്ങള്‍, ഫാര്‍മര്‍ക്ലസ്റ്ററുകള്‍, കാര്‍ഷികോത്പാദന സംഘടനകള്‍ (എഫ്.പി.ഒ.കള്‍) തുടങ്ങിയവയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുമെന്നു കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. യുവതലമുറയേയും, പ്രവാസികളേയും, സ്ത്രീകളേയും കൃഷിയിലേക്ക് ആകര്‍ഷിക്കുവാനും ഇത്തരം കൂട്ടായ്മകള്‍ ആവശ്യമാണ്. കൂട്ടായ്മകളില്‍ക്കൂടി കൃഷിവിസ്തൃതി വര്‍ധിപ്പിക്കുവാനും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉല്പാദിപ്പിക്കുവാനും സാധ്യമാകുന്നതോടെ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത ഉല്പന്ന മേഖലയിലെ സാധ്യത വര്‍ധിപ്പിക്കുവാന്‍ സാധ്യമാകും എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് കൂടുതല്‍ എഫ്.പി.ഒ.കള്‍ കാര്‍ഷികമേഖലയില്‍ ഉണ്ടാക്കി പ്രവര്‍ത്തനം ആരംഭിക്കണമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചത്. കാര്‍ഷിക കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നതോടെയും മൂല്യവര്‍ധനവില്‍ ശ്രദ്ധകേന്ദ്രീകരിച്ച് കര്‍ഷകരുടെ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാക്കുവാന്‍ സാധിക്കുമെന്നു മന്ത്രി പറഞ്ഞു. കാര്‍ഷികഉല്‍പ്പാദനം മെച്ചമാക്കുന്നതിന് പുതിയ ശാസ്ത്രീയ കൃഷി രീതികളില്‍ പരിശീലനം നല്‍കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഗ്രേഡിംഗ്, സോര്‍ട്ടിംഗ്, പാക്കിംഗ് എന്നിവ നടത്തുന്നതിന് പാക്ക് ഹൗസുകള്‍ സ്ഥാപിക്കുക, ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം വഹിച്ചുകൊണ്ട് ബ്രാന്‍ഡിംഗ് ഏര്‍പ്പെടുത്തുക എന്നിങ്ങനെ നാനോന്മുഖമായ പ്രവര്‍ത്തനങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. മൂല്യവര്‍ധിത കാര്‍ഷിക മിഷന്റെയും ലോകബാങ്കിന്റെയും സഹായത്തോടെ നടത്തുവാന്‍ ഉദ്ദേശിക്കുന്ന‘കേര’പ്രോജക്റ്റിന്റെ നടത്തിപ്പോടെയും എഫ്.പി.ഒ.കളുടെ പ്രസക്തി വര്‍ധിപ്പിക്കുമെന്നതിനാല്‍ കൂടുതല്‍ എഫ്.പി.ഒ.കള്‍ ഉല്പന്നങ്ങള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് സൃഷ്ടിക്കുവാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി സൂചിപ്പിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *