Thursday, 12th December 2024

നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പന്റെ ആക്രമണം കണ്ടുവരുന്നു. പാലക്കാട് ജില്ലയില്‍ പട്ടിത്തറ, തൃത്താല ഭാഗങ്ങളിലാണ് ഈ കീടാക്രമണം വളരെ കൂടുതലായി കണ്ടുവരുന്നത്. നെല്ലിന്റെ എല്ലാ വളര്‍ച്ചാഘട്ടങ്ങളിലും കാണുന്ന ഈകീടം മഞ്ഞനിറത്തിലോ വെള്ളനിറത്തിലോ ഉള്ള ശലഭങ്ങളാണ്. ഇവ നെല്ലോലകളുടെ മുകള്‍ഭാഗത്തു കൂട്ടമായി മുട്ടയിടുകയും മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ നെല്‍ച്ചെടിയുടെ തണ്ടുതുരന്നു ഉള്ളിലെ കോശങ്ങള്‍ തിന്നുതീര്‍ക്കുകയും ചെയ്യുന്നു. നെല്ലിന്റെ ചിനപ്പ് പൊട്ടുന്ന ഘട്ടത്തില്‍ ഇവയുടെ ആക്രമണം മൂലം നാമ്പോല വാടിപ്പോവുകയും നടുനാമ്പുവാട്ടം എന്ന ലക്ഷണം കാണുകയും ചെയ്യുന്നു. കതിരുവരുന്ന ഘട്ടത്തിലാണ് തണ്ടുതുരപ്പന്‍ ആക്രമിക്കുന്നതെങ്കില്‍ കതിരിലെ നെന്മണികള്‍ എല്ലാം പതിരായി മാറുന്ന വെണ്‍കതിര്‍ എന്ന ലക്ഷണം കാണിക്കുന്നു. നെല്ലിലെ തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിനായി, ട്രൈക്കോഗ്രമ്മ ജാപോണിക്കത്തിന്റെ മുട്ടക്കാര്‍ഡുകള്‍ ഒരു ഏക്കറിന് 2രര എന്ന കണക്കില്‍ ഞാറു പറിച്ചു നട്ടു ഒരാഴ്ചക്ക് ശേഷം സ്ഥാപിക്കുക (ട്രൈക്കോഗ്രമ്മ മുട്ടകാര്‍ഡ് ഏക്കറിന് 2 കാര്‍ഡ് 20 കഷണം, 5 സെന്റ്റിനു 1 കഷണം). ശലഭത്തെ നെല്‍ചെടിയില്‍ കണ്ടു തുടങ്ങിയാല്‍ കാര്‍ടാപ് ഹൈഡ്രോക്ലോറൈഡ് എന്ന തരി രൂപത്തിലുള്ള കീടനാശിനി ഒരു ഏക്കറിന് 5 കിലോ ഗ്രാം എന്ന തോതില്‍ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോല്‍ 4 ഗ്രാം ഒരു ഏക്കറിന് 4 കിലോഗ്രാം എന്നതോതില്‍ അല്ലെങ്കില്‍ ഫിപ്രോനില്‍ 3 ഗ്രാം ഒരു ഏക്കറിന് 6 കിലോഗ്രാം എന്ന തോതില്‍ ഇട്ടു കൊടുക്കുക. നെല്‍പ്പാടങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ലക്ഷ്മി രോഗത്തിനെതിരെ മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്. കതിര് വരുന്ന സമയത്ത് നെല്‍ച്ചെടികളെ ബാധിക്കുന്ന കുമിള്‍ രോഗമാണ് ലക്ഷ്മിരോഗം അഥവാ വാരിപ്പൂവ്. സാധാരണയായി മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതിയിലാണ് ഈ രോഗം കാണപ്പെടുന്നത്. നിലവില്‍ ചൂടുകൂടിയ അന്തരീക്ഷസ്ഥിതി ഉണ്ടെങ്കിലും 2 മുതല്‍ 3 ദിവസം വരെ മൂടിക്കെട്ടിയ അന്തരീക്ഷ സ്ഥിതി നിലനില്‍ക്കുന്ന ഇടങ്ങളില്‍ ലക്ഷ്മി രോഗം വരാനുള്ള സാധ്യത കൂടുതലാണ്. വിളഞ്ഞുവരുന്ന കതിരുകളിലെ ചില നെന്മണികള്‍ മഞ്ഞനിറത്തില്‍ ഉരുണ്ട് പഞ്ഞിപോലെയാകുന്നതാണ് രോഗലക്ഷണം. കതിരുവരാത്ത പാടങ്ങളില്‍ ലക്ഷ്മി രോഗം വരുന്നതിനു മുന്‍കരുതലായി പുട്ടില്‍ പരുവത്തില്‍ എത്തുമ്പോള്‍ തന്നെ പ്രൊപികൊണസോള്‍ 1 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കാവുന്നതാണ്.
* മുളകില്‍ വെളിച്ചയുടെ ആക്രമണം തടയാന്‍ 2 % വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക.
* തെങ്ങിന്‍ തോട്ടങ്ങള്‍ ഉഴുതിടുന്നതാണ് അഭികാമ്യം. ഇങ്ങനെ ചെയ്യുന്നത് വായു സമ്പര്‍ക്കം കൂട്ടാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. ഇടവിളയായി വാഴ, ചേമ്പ് മുതലായ വിളകള്‍ കൃഷി ചെയ്യാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *