
കായംകുളം : സംസ്ഥനത്തിനകത്തു തന്നെ സംശുദ്ധമായ ഇറച്ചി ഉറപ്പ് വരുത്താനായി സർക്കാർ നടപ്പിലാക്കി വരുന്ന പോത്തുകുട്ടി പരിപാലന പദ്ധതി വഴി മാംസോല്പാദനത്തിലും മുൻപന്തിയിൽ എത്തണമെന്ന് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.
മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകരയിലെ സമഗ്ര കാർഷിക വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഓണാട്ടുകര വികസന ഏജൻസിയും കൈകോർത്തു നടപ്പിലാക്കുന്ന ആലപ്പുഴ ജില്ലയിലെ പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ വിതരണോദ്ഘാടനം കായംകുളം ടൗൺ ഹാളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഓണാട്ടുകര മേഖലയിലെ 39 പഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലുയി 628 ഉപഭോക്താക്കൾക്ക് ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. കായംകുളം നഗരസഭയിലെ 55 ഉപഭോക്താക്കൾക്കാണ് ഇന്ന് പോത്തുകുട്ടികളെ വിതരണം ചെയ്തത്.
ഉദ്ഘാടനച്ചടങ്ങിൽ കായംകുളം നഗരസഭ ചെയർപേഴ്സൺ പി. ശശികല അധ്യക്ഷത വഹിച്ചു . കായംകുളം നഗരസഭാ വൈസ് ചെയർമാൻ ജെ.ആദർശ്, ഓണാട്ടുകാര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. രവീന്ദ്രൻ , അംബുജാക്ഷി ടീച്ചർ, രുക്മിണി രാജു, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ വിനുജി.ഡി കെ, ഡോ.എസ് വിനയകുമാർ, ഡോ.സന്തോഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു .
Leave a Reply