Friday, 19th April 2024

കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ നിന്നും മായം കലർന്ന പാൽ പിടികൂടി. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ കർശന നിർദ്ദേശപ്രകാരം സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിലും ജില്ലകളിലും പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായിരുന്നു മായം കലർന്ന പാൽ പിടികൂടിയത്.

തമിഴ്നാട് തെങ്കാശി വി കെ പുതൂർ വടിയൂർ എന്ന സ്ഥലത്ത് നിന്നും അഗ്രി സോഫ്റ്റ് ഡയറി ഫാം എന്ന കമ്പനി അവരുടെ പന്തളത്തുള്ള പ്ലാന്റിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാൽ കേടുകൂടാതെ കൂടുതൽ സമയം സൂക്ഷിക്കുന്നതിനായി ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത പാലാണ് പിടികൂടിയത്. പിടിച്ചെടുത്ത പാൽ സാമ്പിൾ ശേഖരിച്ചതിന്റെ ബാക്കി പൂർണമായും നശിപ്പിച്ചു കളയുവാൻ മന്ത്രി ‍ജെ.ചിഞ്ചുറാണി നിർദ്ദേശം നൽകി. പരിശോധന കൂടുതൽ ഊർജ്ജിതമാക്കുമെന്നും പാലിന്റെ ഗുണനിലവാരപരിശോധന കർശനമാക്കുമെന്നും  മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത പാൽ തുടർന്നുള്ള നിയമനടപടി സ്വീകരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന് കൈമാറി. ക്ഷീര വികസന വകുപ്പിന്റെ പാലക്കാട് മീനാക്ഷിപുരം, കൊല്ലം ആര്യങ്കാവ്, തിരുവനന്തപുരം പാറശാല എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. അതിർത്തി കടന്നുവരുന്ന പാൽ മേൽ ചെക്ക് പോസ്റ്റുകളിൽ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയതിനുശേഷം ആണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.  കൂടാതെ എല്ലാ ജില്ലകളിലും ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ വിഭാഗം വിപണിയിൽ വിറ്റഴിക്കപ്പെടുന്ന പാൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *