Thursday, 12th December 2024

ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയ ക്ഷീരശ്രീ പോർട്ടലിനാണ് ഡിജിറ്റൽ ഇന്ത്യയിൽ സിൽവർ മെഡൽ ലഭ്യമായത്. National Informatics Centre ആണ് പോർട്ടൽ വികസിപ്പിച്ചത്.

ക്ഷീരകർഷകർക്ക് ksheerasree.kerala.gov.in പോർട്ടൽ മുഖേന തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത് സ്മാർട്ട് ഐഡി കരസ്ഥമാക്കാനും അതിനുശേഷം വിവിധ സ്കീമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനും, വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഈ രേഖകൾ പോർട്ടലിൽ നിന്നും ലഭ്യമാക്കി പരിശോധിച്ചു, ഫീൽഡ് വെരിഫിക്കേഷനു ശേഷം അർഹതപ്പെട്ട ഗുണഭോക്താവിന് e -DBT മുഖേന സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുവാനും സാധിക്കും.  കർഷകർക്ക് തങ്ങൾ സമർപ്പിച്ച അപേക്ഷകളുടെ  നിലവിലുള്ള സ്ഥിതി തങ്ങളുടെ ലോഗിനിൽ നിന്ന് ബോധ്യപ്പെടുവാനും സാധിക്കുന്നതാണ്. സിവിൽ സപ്ലൈസ് വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുമായി പോർട്ടൽ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ളതിനാൽ കർഷകർ റേഷൻ കാർഡ്, കരം തീർത്ത രസീത്, തുടങ്ങിയ രേഖകൾ ഒന്നും തന്നെ ഓഫീസുകളിൽ കൊണ്ടുവരേണ്ടതില്ല എന്നതും ട്രഷറി വകുപ്പുമായി ഇന്റഗ്രേഷൻ ഉള്ളതിനാൽ e-DBT മുഖേന സബ്സിഡി നൽകുന്നു എന്നുള്ളതും ഈ പോർട്ടലിന്റെ പ്രത്യേകതകളാണ്. ക്ഷീരശ്രീ പോർട്ടലിലൂടെ 25 കോടിയിലധികം രൂപ സബ്സിഡി ഇനത്തിൽ ക്ഷീരകർഷരുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിക്കുവാൻ സാധിച്ചു. ഏകദേശം രണ്ടര ലക്ഷത്തോളം ക്ഷീരകർഷകരും മുവ്വായിരത്തി അറുനൂറോളം ക്ഷീര സംഘങ്ങളും പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്ഷീരവികസന വകുപ്പ് മുഖേന കേരളത്തിന് ഡിജിറ്റൽ ഇന്ത്യ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ടെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി അറിയിച്ചു. ഇതിലേക്കായി പ്രയത്നിച്ച ക്ഷീരമേഖലയിലുള്ള ഏവർക്കും മന്ത്രി അനുമോദനങ്ങൾ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *