Thursday, 12th December 2024

സംസ്ഥാനത്തെ മ‍ൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ആശ്വാസമേകാൻ മൊബൈൽ വെറ്റിനറി യൂണിറ്റുകൾ ഒരുങ്ങുന്നു. ക‍‍ർഷകരുടെ വീട്ടുപടിക്കൽ സേവനമെത്തിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ കേരളത്തിലെ 29 ബ്ലോക്ക് പഞ്ചായത്തുകളിലാണ് ആദ്യഘട്ട സേവനം നടപ്പാക്കുന്നത്. ഒരു വെറ്റിനറി സർജൻ, പാരാവെറ്റ്,  ഡ്രൈവർ കം അറ്റൻഡന്റ് എന്നിവരുൾപ്പെട്ട വെറ്റിനറി ടീം ആയിരിക്കും കർഷകർക്ക് ഏത് സമയത്തും വീട്ടുപടിക്കൽ ചികിൽസാ, സേവന സൗകര്യങ്ങളുമായി എത്തുക.

അഭിമുഖങ്ങൾ വഴി തെരഞ്ഞെടുത്ത താല്ക്കാലിക ജീവനക്കാർക്ക് തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനം നൽകി.

വലിയ മൃഗങ്ങളേയും ചെറിയ മൃഗങ്ങളേയും ശുശ്രൂഷിക്കുന്നതിനുള്ള ചികിൽസാ സൗകര്യങ്ങൾ അടങ്ങിയ വാഹനം അടുത്ത മാസത്തോടെ നിരത്തിലിറങ്ങും. കോൾ സെന്റർ വഴിയാകും  ചികിൽസാ ഷെഡ്യൂൾ ഏകോപിപ്പിക്കുക.  ജി,പി. എസ് ട്രാക്കിംഗ് സംവിധാനം വഴി വാഹനം ഏതു ബ്ലോക്കിലാണ് , എവിടെയൊക്കെ പോകുന്നുവെന്നും രേഖപ്പെടുത്തും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ചികിൽസയ്കായി പോകുന്നവർ കർഷക‍ർ ആവശ്യപ്പെടുന്ന സേവനം ക്ഷമയോടെ കേട്ട് പരിഹരിക്കണമെന്നു് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ ഐ.എ.എസ് പറഞ്ഞു. ഇല്ലെങ്കിൽ കോൾ സെന്റർ വഴി യഥാസമയംകർഷകരുടെ പ്രതികരണം ( ഫീഡ്ബാക്ക്) എടുക്കുന്ന സംവിധാനമുള്ളതിനാൽ പിടിവീഴുമെന്നും ഡയറക്ടർ ഓർമ്മിപ്പിച്ചു. പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി വാടക മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്രസർക്കാർ അറുപത് ശതമാനവും കേരള സർക്കാർ നാല്പത് ശതമാനവും വിഹിതം വഹിക്കുന്ന പദ്ധതിയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ്. പരിശീലന പരിപാടിയിൽ അഡീഷണൽ ഡയറക്ടർ ഡോ.വിനുജി ഡി.കെ, ജോയിന്റ് ഡയറക്ടർ ഡോ.ബേബി കെ.കെ,  ഡെപ്യൂട്ടി ഡയറക്ടർ ഡോ.പുഷ്പലത, ഡോ. വേണുഗോപാൽ , ഡോ.ആശ ടി.ടി എന്നിവർ സംസാരിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *