Friday, 19th April 2024

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2021 ലെ മികച്ച കർഷകർക്കുള്ള  അവാർഡുകൾ പ്രാഖ്യപിച്ചു. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് പ്രഖ്യാപിച്ചത്. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കർഷകർക്കാണ് പുരസ്ക്കാരങ്ങൾ നൽകി വരുന്നത്.

  1. മികച്ച ക്ഷീരകര്‍ഷകന്‍

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും

ശ്രീ. ഷൈന്‍ കെ വി, കുറുമുള്ളാനിയിൽ (H), ചീനിക്കുഴി, ഉടുമ്പന്നൂർ, ഇടുക്കി

 പ്രതിദിനം ഉയര്‍ന്ന പാലുല്പാദനം ലഭിക്കുന്ന പശുവിനെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. നിലവിലെ പ്രതിദിന പാലുല്പാദനം, പ്രസ്തുത പശുവിന്റെ ആരോഗ്യ സ്ഥിതി, തീറ്റപ്പുല്ല്, ശാസ്ത്രിയ പരിപാലന രീതികള്‍, പശുവിനെ പരിപാലിക്കുന്നതിലെ നൂതന രീതികള്‍, തീറ്റപ്പുല്‍ കൃഷി, മാലിന്യ സംസ്കരണം, പാലുല്‍പന്നങ്ങള്‍, വൃത്തി, മൃഗസംരക്ഷണ മേഖലയിലെ സാങ്കേതികവിദ്യ, ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന ആദായം/വരുമാനം എന്നിവയും അവാര്‍ഡിന് പരിഗണിച്ചു. പതിനഞ്ചില്‍ അധികം വര്‍ഷമായി ഷൈന്‍. കെ.വി ക്ഷീരമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. പശുക്കളും, കിടാരികളും പശുക്കുട്ടികളും ഉൾപ്പെടെ ആകെ 210 കന്നുകാലികളെ നിലവില്‍ വളര്‍ത്തുന്നുണ്ട്. 2600 ലിറ്ററോളം പാല്‍ പ്രതിദിനം വിപണനം നടത്തുന്നുണ്ട്. കൂടാതെ മറ്റു പാല്‍ ഉല്പന്നങ്ങളും വിപണനം നടത്തുനുണ്ട്. പ്രതിദിനം 45 ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുവിനെയും ഷൈന്‍ വളര്‍ത്തുന്നുണ്ട്.

2. വാണിജ്യ അടിസ്ഥാനത്തിലെ മികച്ച ക്ഷീര കര്‍ഷകന്‍ (ക്ഷീരശ്രീ )

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും

ശ്രീമതി. ജിജി ബിജു, നവ്യ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ്, അടിച്ചില്ലി, മേലൂർ, തൃശൂർ

 ഏറ്റവും കുറഞ്ഞത് 50 കറവ പശുക്കളെ വളര്‍ത്തുന്നവരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. പശുക്കളുടെ എണ്ണം, ആരോഗ്യ സ്ഥിതി, വൃത്തി, പാല്‍ ഉല്പാദനം, പാലുല്‍പന്നങ്ങള്‍, പുല്‍കൃഷി, സാങ്കേതികവിദ്യ, മാലിന്യ നിര്‍മ്മാര്‍ജ്ജനം, നൂതനാശയങ്ങള്‍, ശാസ്ത്രിയ പരിപാലന രീതികള്‍, ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന ആദായം/വരുമാനം എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്‌ നിര്‍ണയിച്ചത്.

പശുക്കളും, കിടാരികളും പശുക്കുട്ടികളും ഉല്‍പ്പെടെ ആകെ 267 ഓളം കന്നുകാലികളെ നിലവില്‍ വളര്‍ത്തുന്നുണ്ട്. 1900 ലിറ്റര്‍ പാല്‍ പ്രതിദിനം ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. ശരാശരി 18 ലിറ്റര്‍ പാല്‍ ഉത്പാദനം. നവ്യ ഫാംസ് എന്ന പേരില്‍ പാലും പാല്‍ ഉല്പന്നങ്ങളും വിപണനം ചെയ്യുന്നു. ബിജു ജോസഫാണ് ഭര്‍ത്താവ്.

3. മികച്ച സമ്മിശ്ര കര്‍ഷകന്‍

  ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും

  ശ്രീമതി.വിധു രാജീവ്,   അരൂക്കുഴിയിൽ,  മുട്ടുചിറ, കോട്ടയം

 മൃഗസംരക്ഷണ മേഖലയില്‍ മൂന്നോ അതിലധികമോ ഇനങ്ങളെ വളര്‍ത്തുന്ന കര്‍ഷകരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഇനം, എണ്ണം, ഇതില്‍ നിന്നുള്ള

വരുമാനം, ആരോഗ്യ സ്ഥിതി, വൃത്തി, പാല്‍ ഉല്പാദനം, മുട്ട, ഇറച്ചി, പാലുല്‍പന്നങ്ങള്‍, ഇവയുടെ വിപണനം, പുല്‍കൃഷി, സാങ്കേതികവിദ്യ, മാലിന്യ നിര്‍മ്മാര്‍ജ്ജനം, നൂതനാശയങ്ങള്‍, ശാസ്ത്രിയ പരിപാലന രീതികള്‍ എന്നിവയും അവാര്‍ഡ്‌ നിര്‍ണ്ണയത്തിനു പരിഗണിക്കപെട്ടു. പശുക്കള്‍ക്ക് പുറമേ ആട്, മുട്ടക്കോഴി, താറാവ്, ടര്‍ക്കിക്കോഴി എന്നിവയേയും പരിപാലിക്കുന്നു. കൂടാതെ അലങ്കാര പക്ഷികളെ വളര്‍ത്തുകയും പച്ചക്കറിക്കൃഷിയും നടത്തുന്നു. സമ്മിശ്ര കൃഷിക്ക് ഉത്തമ മാതൃകയില്‍ മൃഗങ്ങളുടെ ചാണകവും മറ്റും പച്ചകറി കൃഷിക്ക് വളമായി ഉപയോഗിച്ച് സംയോജിത കൃഷി രീതിയാണ്‌ അവലംബിക്കുന്നത്.

4. മികച്ച വനിതാ സംരംഭക

 50,000/- രൂപയും പ്രശസ്തി പത്രവും ഫലകവും

   ശ്രീമതി. റിനി നിഷാദ്,    പുത്തൻപുരക്കൽ,   പാറത്തോട്, കോട്ടയം

 മൃഗസംരക്ഷണ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് മികച്ച വനിതാ കര്‍ഷകക്കുള്ള അവാര്‍ഡ്‌ നല്‍കുന്നത്. ഇനം, എണ്ണം, ഇതില്‍ നിന്നുള്ള വരുമാനം, ആരോഗ്യ സ്ഥിതി, വൃത്തി, പാല്‍ ഉല്പാദനം, മുട്ട, ഇറച്ചി, പാലുല്‍പന്നങ്ങള്‍, ഇവയുടെ വിപണനം, പുല്‍ക്കൃഷി, സാങ്കേതികവിദ്യ, മാലിന്യ നിര്‍മ്മാര്‍ജ്ജനം, നൂതനാശയങ്ങള്‍, ശാസ്ത്രിയ പരിപാലന രീതികള്‍ പരിഗണിക്കപെട്ടു. നാല് വര്‍ഷമായി മൃഗസംരക്ഷണ മേഖലയില്‍ സജ്ജിവമാണ്. 35 പശു, എരുമ, ആട്, മുട്ടക്കോഴി എന്നിവയെ പരിപാലിച്ചുവരുന്നു. സഫ മില്‍ക്ക് എന്ന പേരില്‍ പാല്‍ പാലുല്‍പന്നങ്ങള്‍ എന്നിവ വിപണനം നടത്തുന്നു.

5. മികച്ച യുവ കര്‍ഷകന്‍

   50,000 രൂപയും പ്രശസ്തി പത്രവും ഫലകവും

   മാത്തുക്കുട്ടി ടോം,    തെങ്ങുംതോട്ടത്തിൽ,   മരങ്ങാട്ടുപ്പിള്ളി, കോട്ടയം

മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 35 വയസ്സില്‍ താഴെയുള്ള യുവതി / യുവാക്കളെയാണ് ഈ വിഭാഗത്തില്‍ പരിഗണിക്കുന്നത് . യുവജനങ്ങളെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് അവാര്‍ഡ്‌ ലക്ഷ്യമാക്കുന്നത്. കറവപ്പശുക്കള്‍, എരുമ, ആട്, പന്നി, മുട്ടക്കോഴി, ബ്രോയിലര്‍ എന്നിവയെ പരിപാലിച്ചുവരുന്നു. പന്നി, കോഴി എന്നിവയുടെ മാംസം വിപണനം നടത്തുന്നു. 12 പ്രോസിസ്സിംഗ് യുണിറ്റ്കളും, 5 സെയില്‍സ് ഔട്ട്‌ലെറ്റ്കളും ടി. ജെ. ടി ഫാമിന് കീഴില്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു.

എല്ലാ ജില്ലകളിൽ നിന്നും മൃഗസംരക്ഷണ ഓഫീസ് മുഖേന ലഭിച്ച പുരസ്ക്കാര നാമനിർദ്ദേശങ്ങൾ ഉദ്യോഗസ്ഥ സംഘം നേരിൽ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം വീഡിയോ റിപ്പോർട്ട് തയ്യാറാക്കി പുരസ്ക്കാര നിർണ്ണയ സമിതിയ്ക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങളിൽ കർഷകർ നടത്തിയ മുന്നേറ്റങ്ങളാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി സമിതി വിലയിരുത്തിയത്. മൃഗസംരക്ഷണ വകുപ്പ് ‍ഡയറക്ടർ ചെയർമാനും , അഡീഷണൽ ‍ഡയറക്ടർ കൺവീനറും ( A.H)  മൃഗസംരക്ഷണ വകുപ്പ് പി.ആർ.ഓ, ക്ഷീര വികസന വകുപ്പ് ‍ഡയറക്ടർ, കെ.എൽ.ഡി.ബി മാനേജിംഗ് ഡയറക്ടർ, മിൽമ  മാനേജിംഗ് ഡയറക്ടർ എന്നീ ആറ് പേരടങ്ങുന്ന പുരസ്ക്കാര നിർണ്ണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *