Tuesday, 21st March 2023

പക്ഷിപ്പനി

എച്ച് 5 എൻ 1 ഇൻഫ്ലൂവൻസ ഇനത്തിൽപ്പെട്ട വൈറസാണ് പക്ഷിപ്പനിയ്ക്ക് കാരണം. ദേശാടനപ്പക്ഷികളുടെ കാഷ്ഠത്തിലൂടെയും സ്രവങ്ങളിലും കാണപ്പെടുന്ന ഇൻഫ്ലൂവൻസ രോഗാണുക്കൾ ജലാശയങ്ങളിലൂടെയും മറ്റും രോഗസ്രോതസ്സുകളാകുന്നു.അവിടെ നിന്നും രോഗം താറാവുകളിലേക്കും കോഴികളിലേക്കും മറ്റ് പക്ഷികളിലേക്കും പടരുന്നു. പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് വളരെ വേഗം വ്യാപിക്കുന്ന അതീവമാരക വൈറസാണിത്.എന്നാൽ മനുഷ്യരിലേക്ക് ഇത് പടരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. രോഗാണു അതിവേഗത്തിൽ പടർന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രോഗം പൊട്ടിപ്പുുറപ്പെട്ട ഉടൻ തന്നെ നമ്മുടെ പക്ഷിസമ്പത്ത് സംരക്ഷിക്കുന്നതിനും രോഗത്തിന് ജനിതക മാറ്റം വരാതിരിക്കാനും പ്രദേശത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളേയും കൊന്നൊടുക്കുന്നത്. കൂടാതെ  പ്രദേശത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യപിച്ച് അവിടെ മുട്ട,മാംസം തുടങ്ങിയവയുടെ ഉൽപ്പാദനവും വിപണനവും കർശന നിരീക്ഷണത്തിലാക്കും.മൂന്ന് മാസത്തോളം നിരീക്ഷണം തുടർന്നതിന് ശേഷം പുതുതായി രോഗം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ മാത്രമേ പക്ഷികളെ പുന:സ്ഥാപിക്കുകയുള്ളൂ.

കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.പക്ഷികളിൽ അസാധാരണ മരണനിരക്ക് കണ്ടാൽ അടുത്തുള്ള മൃഗാശുപത്രിയെ അറിയിക്കേണ്ടതാണ്.

  1. പക്ഷിപ്പനിയുടെ വൈറസുകൾ അറുപത് ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോൾ തന്നെ നശിക്കും.അതിനാൽ ഇറച്ചി,മുട്ട നന്നായി വേവിച്ചു കഴിഞ്ഞാൽ യാതൊരു അപകടവുമില്ല.
  2. ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാൽ കൈകൾ വൃത്തിയായി കഴുകണം
  3. രോഗാണുബാധയുള്ള പ്രദേശങ്ങളിലെ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ വ്യക്തി സുരക്ഷാ ഉപാധികളായ മാസ്കും കൈയുറയും ധരിക്കണം.
  4. ശുചീകരണത്തിനായി രണ്ട് ശതമാനം സോഡിയം ഹൈ‍ഡ്രോക്സൈഡ് ലായനി,പോട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.
  5. പക്ഷികളുടെ ശവശരീരങ്ങൾ കിടന്നയിടങ്ങളിൽ കുമ്മായം വിതറാവുന്നതാണ്.

കർഷകർ പരിഭ്രാന്തി ഒഴിവാക്കി ജാഗ്രതയോടെ പ്രവർത്തിക്കുകയാണ് വേണ്ടത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *