- കശുമാവ് തളിരിട്ട് തുടങ്ങുന്ന സമയമാണിപ്പോള്‍. ഈ സമയത്താണ് തേയിലക്കൊതുകിന്റെ ഉപദ്രവം ആരംഭിക്കുന്നത്. ആന്ത്രാക്‌നോസ് എന്ന രോഗം കൂടി ബാധിച്ചാല്‍ ഇളം തണ്ടുകളും തളിരിലകളും, പൂങ്കുലയും കരിഞ്ഞ് പോകുന്നതായി കാണാം. ഈ കുമിളിന്റെ വിത്തുകള്‍ തണ്ടില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ ഭാഗത്ത് കടും തവിട്ടു നിറത്തില്‍ പാടുകള്‍ ഉണ്ടാകും. ഈ പാടില്‍ നിന്നും ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നു. പിന്നീടത് ഉണങ്ങി തിളങ്ങുന്ന കട്ടയാകുന്നു. ക്രമേണ തണ്ട് ഉണങ്ങും. കശുമാവ് തളിരിടുന്ന സെപ്തംബര്‍ – ഒക്‌ടോബര്‍ മാസങ്ങളില്‍ തേയിലക്കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ മിശ്രിതം തളിക്കുക. ആന്ത്രാക്‌നോസ് രോഗം നിയന്ത്രിക്കാന്‍ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കേണ്ടതാണ്.
- തെങ്ങില്‍ ചെമ്പന്‍ ചെല്ലിയുടെ ഉപദ്രവം കൂടുതലായി കണ്ടു വരുന്നു. തെങ്ങിന്‍ തടിയില്‍ ദ്വാരങ്ങളും, അതിലൂടെ തവിട്ടു നിറത്തിലുള്ള ദ്രാവകവും, ചെല്ലി ചവച്ച നാരുകളും ചണ്ടിയും മറ്റും പുറത്തേയ്ക്ക് വരുന്നത് കണ്ടാല്‍ ശ്രദ്ധിക്കണം. ഓലയുടെ കടഭാഗം നെടുകെ പിളരുക, നടുനാമ്പ് വാടിപ്പോവുക എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. തോട്ടം വൃത്തിയായി സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. തെങ്ങില്‍ ഏെതങ്കിലും വിധത്തില്‍ മുറിവുണ്ടാകുന്നത് തടയണം. ആക്രമണമുള്ള തെങ്ങിന്റെ ദ്വാരങ്ങള്‍ കണ്ടു പിടിച്ച് ഏറ്റവും മുകളിലത്തെ ദ്വാരമൊഴികെ ബാക്കിയെല്ലാം അടച്ച ശേഷം മുകളിലെ ദ്വാരത്തില്‍ കൂടി ചോര്‍പ്പുപയോഗിച്ച് ഇമിഡാക്ലോപ്രിഡ് 1 മില്ലി 1 ലിറ്റര്‍ എന്ന തോതില്‍ ഒഴിച്ചു കൊടുക്കണം. ഫെറമോണ്‍ കെണി ഉപയോഗിച്ചും ചെമ്പന്‍ ചെല്ലിയെ നിയന്ത്രിക്കാം. വിദഗ്ധരുടെ ഉപദേശമനുസരിച്ച് വേണം ഫെറമോണ്‍ കെണി ഉപയോഗിക്കുവാന്‍.






Leave a Reply