Tuesday, 3rd December 2024

സംസ്ഥാനത്തെ തെരുവുനായ നിയന്ത്രണപ്രവർത്തനങ്ങൾ  വേഗത്തിലാക്കുന്നതിനായുള്ള നടപടികൾ വിശദീകരിച്ച്  തദ്ദേശസ്വയംഭരണ വകുപ്പ് പുതുക്കിയ ഉത്തരവിറക്കി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും ചേർന്ന യോഗത്തിലാണ് തെരുവുനായ നിയന്ത്രണത്തിനായി അധിക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായത്.

നായ്ക്കളുടെ പ്രതിരോധ കുത്തിവെയ്പ്പുുകൾക്കാവശ്യമായ വാക്സിൻ സംഭരണം, വിതരണം, ക്യാമ്പുകൾ സംഘടിപ്പിക്കൽ,മോണിറ്ററിംഗ് സമിതി രൂപീകരിക്കൽ ,ഡോഗ് ക്യാച്ചേഴ്സ്, മൃഗപരിപാലക‍ർ എന്നിവരെ ജില്ലാടിസ്ഥാനത്തിൽ  നിയമിക്കൽ,കുടുംബശ്രീയും സന്നദ്ധ സംഘടനകളും വഴി ലഭ്യമാക്കുന്ന ഡോഗ് ക്യാച്ചേഴ്സിനാവശ്യമായ  പരിശീലനം നൽകി നിയമിക്കൽ തുടങ്ങിയവയുടെ ഏകോപനവും നടത്തിപ്പുും മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ ചുമതലയാണ്.

പുതുതായി ആരംഭിക്കുന്ന എ ബി സി കേന്ദ്രത്തിനാവശ്യമായ സ്ഥലം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ  ജില്ലാതല ഉദ്യോഗസ്ഥരുടെയും കൂടി സഹായത്തോടെ  കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപന സമിതി നടപടി സ്വീകരിച്ചതിന്  ശേഷമുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ഏകോപിപ്പിക്കണം.മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും സാങ്കേതിക നിർദ്ദേശങ്ങളും അനുസരിച്ചായിരിക്കും  എ ബി സി സെന്ററുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുക.അനിമൽ ഷെൽട്ടറുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ ജനകീയ സമിതിയുടെ മേൽനോട്ടത്തിൽ ഏറ്റെടുക്കും.

തെരുവുനായ്ക്കളെ പിടിച്ച് വാക്സിനേഷനും വന്ധ്യംകരണത്തിനുമായി എ ബി സി കേന്ദ്രങ്ങളിൽ എത്തിക്കുന്ന വ്യക്തികൾക്ക് 500 രൂപ പ്രതിഫലമായി നൽകും.

മാത്രമല്ല നിലവിൽ വളർത്തുമൃഗങ്ങളുടെ ലൈസൻസ് ഫീസായി പത്ത്  രൂപയാണ്  നഗരസഭകളുടെ ബൈലോ ,പഞ്ചായത്തുകളുടെ 1998 ലെ പന്നികൾക്കും പട്ടികൾക്കും ലൈസൻസ് നൽകൽ ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നത്.ഇത് ഒക്ടോബർ 15 മുതൽ അൻപത് രൂപയായി വർദ്ധിപ്പിച്ചും ഉത്തരവായി.

കൂടാതെ വളർത്തുമൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും സാർവത്രിക വാക്സിനേഷൻ നടപ്പിലാക്കുന്നതിനായി വിരമിച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുെട സേവനം ദിവസവേതനാടിസ്ഥാനത്തിൽ ലഭ്യമാക്കാനും  മന്ത്രിമാരായ ജെ.ചിഞ്ചുറാണിയും  എം.ബി രാജേഷും   22.9.2022  വ്യാഴാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായി.ഓരോ പഞ്ചായത്ത് പരിധിയിലും ലഭ്യമായ ഇത്തരം ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറും.

മൃഗാശുപത്രികളിൽ വെച്ച് നടത്തുന്ന വളർത്തുനായ്ക്കളിലെ വാക്സിനേഷൻ ഫീ(15 രൂപ ), വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഫീ (15 രൂപ) യും ചേർത്ത് 30 രൂപ മാത്രമാണ് ഈടാക്കുന്നത്.വാക്സിൻ ചാർജ് ഈടാക്കുന്നില്ല.

വാക്സിനെടുത്ത നായകളുടെ ഉടമസ്ഥർ നിർബന്ധമായും ലൈസൻസ് എടുത്തിരിക്കണം.ഇതിനായി ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ല. citizen.lsgkerala.gov.in എന്ന വെബ് സൈറ്റ് വഴിയും വിവരങ്ങൾ നൽകി ഫീസടച്ചാൽ ലൈസൻസ് തപാലിലും ലഭിക്കും.പേവിഷ പ്രതിരോധ പ്രവ‍‍ർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവരും നിർബന്ധമായും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *