സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷ ബാധാ കേസുകളും വർധിച്ചു വരുന്ന പ്രത്യേക സാഹചര്യത്തിൽ തെരുവുനായ നിയന്ത്രണവും പേവിഷ രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും നടപ്പിലാക്കി വരികയാണ് .തെരുവുനായ്ക്കളിലെ പേവിഷബാധാ നിയന്ത്രണത്തിന് വേണ്ടി സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തിരുവനന്തപുരം ജില്ലാപഞ്ചായത്തും ജില്ലാ മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിച്ചു.പേവിഷബാധയുടെ പേരിൽ നായ്ക്കളെ കെട്ടിത്തൂക്കി കൊല്ലുന്നത് പ്രാകൃതവും ഹിംസയുമാണെന്നും അത് ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.തെരുവ് നായ്ക്കളിലെ എബിസി പ്രോഗ്രാം നിയമതടസ്സം മാറി കുടുംബശ്രീ യിൽ തിരിച്ചു വന്നാലേ പദ്ധതിയ്ക്ക് വേഗം കൈവരിക്കാനാകൂ എന്നും മന്ത്രി എം. ബി രാജേഷ് പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ക്ക് പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ നായ്ക്കളിൽ നിന്നും ആക്രമണം ഉണ്ടാകുന്നത് പതിവ് സംഭവങ്ങളാകുന്ന സാഹചര്യത്തിൽ അടിയന്തിര വാക്സിൻ നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഉള്ള മൃഗാശുപത്രികളും പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സുസജ്ജമായെന്നും മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു.
ഡോഗ് ക്യാച്ചേയഴ്സിനുള്ള യൂണിഫോം വിതരണവും പേവിഷ പ്രതിരോധ പ്രവർത്തങ്ങൾക്കുള്ള ആംബുലൻസ് ഫ്ലാഗ് ഓഫും മന്ത്രി എം. ബി രാജേഷ് നിർവ്വഹിച്ചു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫിസിന് മുൻപിൽ വെച്ചു തെരുവ് നായ്ക്കളിലെ വാക്‌സിനേഷൻ പരിപാടിക്കും ഇരു മന്ത്രിമാരുടെ സാന്നിധ്യത്തിൽ തുടക്കമായി.വർക്കല എം എൽ എ വി. ജോയ്
,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാർ, വൈസ് പ്രസിഡന്റ് ശൈലജ ബീഗം,മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ സിന്ധു,ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ടി. എം ബീനാ ബീവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Leave a Reply