Tuesday, 29th April 2025

നിലവിലെ തെങ്ങിന്‍ തോട്ടങ്ങളിലും പുതുതായി സ്ഥാപിച്ചിട്ടുള്ള തോപ്പുകളിലും സംയോജിത സസ്യസംരക്ഷണ – പരിപാലനമുറകള്‍ നടപ്പിലാക്കി തെങ്ങിന്റെ ആരോഗ്യസംരക്ഷണത്തിനായി കൃഷി വകുപ്പ് സംസ്ഥാനത്തുടനീളം കേര രക്ഷാവാരം ക്യാമ്പയിന്‍ ഒക്ടോബര്‍ മാസം നടപ്പിലാക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ള പഞ്ചായത്തുകളിലും ഈവര്‍ഷം നടപ്പിലാക്കുന്ന പഞ്ചായത്തുകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പയിന്‍ നടത്തുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, തെങ്ങിന്‍ തടങ്ങളില്‍ പച്ചില വളപ്രയോഗം, പച്ചില വള ലഭ്യതയ്ക്കായി ശീമക്കൊന്ന നടീല്‍, കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി തുടങ്ങിയ കീടങ്ങളുടെ നിയന്ത്രണമാര്‍ക്ഷങ്ങളെക്കുറിച്ചുള്ള ബോധവത്കരണം എന്നിവയാണ് ക്യാമ്പയിന്‍ അടിസ്ഥാനത്തില്‍ നടപ്പിലാക്കുവാനുദ്ദേശിക്കുന്നത്. തെങ്ങിന്‍ തോപ്പുകളില്‍ പച്ചിലവള ലഭ്യതയ്ക്കായി 1960-കളില്‍ സംസ്ഥാനവ്യാപകമായി നടത്തിയിരുന്ന ശീമക്കൊന്ന വാരാചരണത്തിന്റെ പുനരാവിഷ്‌കരണം എന്ന നിലക്ക് കൂടി ഈ കാമ്പയിനെ കൃഷിവകുപ്പ് കാണുന്നു. 50 ലക്ഷം ശീമക്കൊന്ന കമ്പുകള്‍ സംസ്ഥാനവ്യാപകമായി നട്ടുപിടിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കമ്പ് ഒന്നിന് 2 രൂപ നിരക്കില്‍ കര്‍ഷകന് നല്‍കിക്കൊണ്ട് MNREGA, അഗ്രോ സര്‍വീസ് സെന്ററുകള്‍, കര്‍മസേന, കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ ക്യാമ്പയിന്‍ നടപ്പിലാക്കും. പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള പച്ചില ചെടികളുടെ വിത്തുകള്‍ തെങ്ങിന്‍ തടങ്ങളില്‍ നട്ടുപിടിപ്പിക്കുന്നതിന് തടം ഒന്നിന് 6.25 രൂപ സബ്‌സിഡിയും നല്‍കുന്നുണ്ട്. കേരഗ്രാമം, കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ പദ്ധതി ഘടകങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടായിരിക്കും സംസ്ഥാനതല ക്യാംപെയിന്‍ നടപ്പിലാക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *