വരും ദിവസങ്ങളില്‍ ജില്ലയില്‍ മഴ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കീടനാശിനികളോ വളപ്രയോഗങ്ങളോ കഴിവതും തെളിഞ്ഞ കാലാവസ്ഥയില്‍ മാത്രം അനുവര്‍ത്തിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മഴക്കാലത്ത് മരുന്ന് തളിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മരുന്നിനൊപ്പം ഏതെങ്കിലും തരത്തിലുള്ള പശ (റോസിന്‍, സാന്‍ഡോ വിറ്റ് തുടങ്ങിയവ) ചേര്‍ക്കാവുന്നതാണ്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ചാലുകള്‍ കീറി നീര്‍വാര്‍ച്ച സൗകര്യം ഉറപ്പാക്കുകയും താങ്ങു നല്‍കേണ്ട വിളകള്‍ക്ക് താങ്ങു നല്‍കി സംരക്ഷിക്കുകയും വിളവെടുക്കാന്‍ പാകമായവ വിളവെടുപ്പ് നടത്തുകയും ചെയ്യുക.
ചീരയില്‍ കണ്ടു വരുന്ന ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കുന്നതിനായി സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. 40 ഗ്രാം പാല്‍ക്കായം 8 ഗ്രാം അപ്പക്കാരം 32 ഗ്രാം മഞ്ഞള്‍ പൊടി എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ച് കൊടുക്കുന്നതും രോഗ പ്രതിരോധ ശേഷിയ്ക്ക് ഉപകരിക്കും. രോഗം നിയന്ത്രിക്കുന്നതിനായി പുതിയ ചാണകത്തിന്റെ തെളിഞ്ഞ ലായനിയില്‍ 20 ഗ്രാം സുഡോമോണാസ് ഒരു ലിറ്ററിന് എന്ന തോതില്‍ ഇലകളില്‍ തളിച്ച് കൊടുക്കുക. ജലസേചനം നടത്തുമ്പോള്‍ ഇലകളുടെ മുകളില്‍ വെള്ളം വീഴ്ത്താതെ ചെടിയുടെ ചുവട്ടിലായി നനയ്ക്കാന്‍ ശ്രദ്ധിക്കുക.
Friday, 29th September 2023
Leave a Reply