സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ നായ്ക്കളെ വന്ധ്യംകരിക്കും. എ.ബി.സി(ANIMAL BIRTH CONTROL) പദ്ധതിയുടെ ഭാഗമായി വന്ധ്യംകരണപ്രവര്‍ത്തനങ്ങൾ നടത്താൻ 2017 മുതൽ കുടുംബശ്രീയ്ക്ക് ഉണ്ടായിരുന്ന അനുമതി 2021 ൽ ആനിമൽ വെൽഫയര്‍ ബോര്‍ഡിന്റെ അംഗീകാരം ഇല്ലാത്തതിനാൽ, ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ നിറുത്തിവെച്ചിരുന്നു. സംസ്ഥാനത്ത് നിലവിൽ എ.ബി.സി പദ്ധതി നടപ്പിലാക്കാൻ ആവശ്യത്തിന് അംഗീകൃത സംഘടനകൾ ഇല്ലാത്തതിനാൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വന്ധ്യംകരണ പദ്ധതി നടപ്പിലാക്കാൻ സംയുക്ത ഉത്തരവായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണി അറിയിച്ചു. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളുടെ അടിസ്ഥാന സൗകര്യം ഉപയോഗിക്കാൻ ധാരണയായി. ഇതിനായി കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടര്‍മാര്‍, മൃഗപരിപാലകര്‍, നായപിടുത്തക്കാര്‍, തുടങ്ങിയവരെ കരാടിസ്ഥാനത്തിൽ നിയമിച്ച് പദ്ധതി എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്ന് പഞ്ചായത്തുകൾക്ക് നിര്‍ദ്ദേശം നൽകിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.വി.ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. നിലവിൽ കൊല്ലം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പ് തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങളുടെ തുക വിനിയോഗിച്ചാണ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ മാതൃക മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇപ്രകാരം 2021 വര്‍ഷത്തിൽ 18550 നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എബിസി ചെയ്യുന്നതിനായി 340 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആറ് കോടിയോളം രൂപ മാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രൊജക്റ്റ് തയ്യാറാക്കി പദ്ധതി ഒരു വര്‍ഷത്തിനുള്ളിൽ നടപ്പിലാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Thursday, 12th December 2024
Leave a Reply