Thursday, 12th December 2024

ക്ഷീരകർഷകരെ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും ഏറ്റവും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ക്ഷീരവികസനവകുപ്പ് ക്ഷീരശ്രീ പോർട്ടൽ രൂപകല്പന ചെയ്തിട്ടുള്ളത്. എല്ലാ ക്ഷീരകർഷകരെയും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കുക വഴി ക്ഷീര കർഷകരുടെ സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കപ്പെടുകയും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ക്ഷീര കർഷകരുടെ ക്ഷേമം മുൻനിർത്തി വകുപ്പ് മന്ത്രി വാഗ്ദാനം നല്കിയിട്ടുള്ള ഉൽപ്പാദന ബോണസ് പദ്ധതി സാക്ഷാത്കരിക്കുന്നതിനാണ് ദ്രുതഗതിയിൽ ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവ് പൂർത്തിയാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ 20 വരെ 6 ദിവസമാണ് രജിസ്ട്രേഷൻ ഡ്രൈവ് നടപ്പിലാക്കുക. നിലവിൽ രണ്ട് ലക്ഷത്തോളം കർഷകരാണ് 3600 ഓളം ക്ഷീര സംഘങ്ങൾ മുഖേന പാൽ നൽകി വരുന്നത്. ഈ കർഷകരെ രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ് ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവിന്റെ പ്രാഥമിക ലക്ഷ്യം. തുടർന്ന് ക്ഷീര സഹകരണ മേഖലയ്ക്ക് പുറത്തുള്ള സംഘങ്ങളിൽ പാലൊഴിക്കാത്ത ക്ഷീരകർഷകരെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതാണ്. കേരളത്തിൽ ഉടനീളമുള്ള അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് ഈ രജിസ്ട്രേഷൻ ഡ്രൈവ് പൂർത്തിയാക്കുവാൻ ഉദ്ദേശിക്കുന്നത്. അക്ഷയ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഒരു സ്റ്റാഫ് ക്ഷീര സഹകരണ സംഘങ്ങൾ സന്ദർശിക്കുകയും പാലൊഴിക്കാൻ എത്തുന്ന ക്ഷീരകർഷകരുടെ രജിസ്ട്രേഷൻ അവിടെ വെച്ച് തന്നെ പൂർത്തിയാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ ആധാർ രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നതിന് ഗണ്യമായ പങ്കുവഹിച്ച 2700 ഓളം അക്ഷയ കേന്ദ്രങ്ങൾ മുഖേനയും 3600 ഓളം ക്ഷീര സംഘങ്ങൾ മുഖേനയും ഈ ക്ഷീരകർഷക രജിസ്ട്രേഷൻ ഡ്രൈവ് ത്വരിതഗതിയിൽ പൂർത്തീകരിക്കാവുന്നതാണ്.

ക്ഷീരകർഷകർക്ക് സമീപത്തുള്ള അക്ഷയകേന്ദ്രങ്ങൾ മുഖേനയും ക്ഷീര സഹകരണ സംഘങ്ങൾ മുഖേനയും ക്ഷീര വികസന ഓഫീസുകൾ മുഖേനയും സ്വന്തം മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റ് ഉപയോഗിച്ച് ksheerasree.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കും. എല്ലാ ക്ഷീരകർഷകരും ഈ അവസരം ഉപയോഗിച്ച് നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ അതായത് ഓഗസ്റ്റ് 20നുള്ളിൽ തന്നെ തങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐഡി കരസ്ഥമാക്കേണ്ടതാണെന്നും വകുപ്പ് ഡയറക്ടർ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *