Saturday, 13th April 2024

ഗോത്രചെപ്പിലെ ഔഷധങ്ങള്‍
കര്‍ക്കടകത്തിലെ രോഗപീഢകള്‍ മാറ്റാനും ആരോഗ്യപരിചരണം നടത്താനും പ്രകൃതിയില്‍ തന്നെ ഔഷധക്കൂട്ടുകളുണ്ട്.വയനാടിന്റെ നാട്ടുവഴികളില്‍ നിന്നും കണ്ടെടുത്ത അനേകം ഔഷധപച്ചകളെ പരിചയപ്പെടുത്തുകയാണ് എം.എസ്.സാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനു കീഴിലെ സീഡ് കെയര്‍ യൂണിറ്റുകള്‍.വിവിധ ആദിവാസി വിഭാഗത്തിലുള്ളവര്‍ അവരുടെ സമുദായത്തിന്റെ പാരമ്പര്യ അറിവുകളില്‍ നിന്നും സ്വാംശീകരിച്ച ഔഷധപച്ചകളെ ഇവരില്‍ നിന്നും നേരിട്ടറിയാം. പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണത്തിന്റെ ലഭ്യത സമൂഹത്തിന്റെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നു. നമുക്കുചുറ്റും ഉണ്ടായിരുന്ന നാടന്‍ ഭക്ഷണശീലങ്ങളുടെയും അതാതുകാലത്തെ ആരോഗ്യ പരിരക്ഷയുടെയും ചരിത്രം കൂടിയാണ് ഇവര്‍ പങ്കുവെക്കുന്നത്. കൃഷിചെയ്യുന്നവയും ശേഖരിക്കുന്നവയുമായി നിരവധി സസ്യങ്ങളും ചെറുജീവികളും കണ്‍മുന്നില്‍ നിന്നും മാഞ്ഞുപോകുന്നു. അന്യമായിക്കൊണ്ടിരിക്കുന്ന ഈ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാനുള്ള മുന്നേറ്റങ്ങള്‍ കൂടിയാണിതെന്ന് ആദിവാസികളും ഓര്‍മ്മിപ്പിക്കുന്നു.
കര്‍ക്കകടകമാസത്തിലെ ആരോഗ്യ പരിപാലനത്തിന് ആദിവാസികള്‍ പത്തിലകള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തിയിരുന്നു. താള്,വട്ടത്തകര,മത്തനില,എളവന്‍,ഇല,പയറില,പൊന്നാങ്കണ്ണി,തഴുതാമ, കടിത്തൂവ,കടുമുടുങ്ങ, ചേനയില എന്നിവയാണിത്. തണുപ്പിനെ പ്രതിരോധിക്കുന്ന ഉത്തമ ഭക്ഷ്യ വിഭവങ്ങളാണിത്. തുളസി, കയ്യൂന്നി, നിലംമ്പന, മുക്കുറ്റി, തിരുതാളി, ഉഴിഞ്ഞ, കറുക, വിഷ്ണുക്രാന്തി, പൂവാംകുറുന്നില, മുയല്‍ചെവി എന്നീ ദശപുഷ്പ്പങ്ങള്‍ കര്‍ക്കടകമാസത്തില്‍ ശീപോതിവയ്ക്കാനും ഉപയോഗിക്കുന്നു.ഭക്ഷ്യയോഗ്യമായ അമ്പതിലധികം ഇലവര്‍ഗ്ഗങ്ങള്‍ ഗോത്രജനതയുടെ അറിവിലുണ്ടായിരുന്നു ഇതില്‍ പകുതിയിലധികം നശിച്ചു.ഒരു കാലത്ത് ഇവരുടെ ആരോഗ്യ സംരക്ഷണത്തിന് കരുത്ത് പകര്‍ന്നിരുന്നത് ഈ ഭക്ഷ്യശീലങ്ങള്‍ തന്നെയായിരുന്നു.ഈ ശീലങ്ങളെ പുതിയ തലമുറകള്‍ ഉപേക്ഷിച്ചതോടെ രോഗവും ഇവരുടെ കൂടെപ്പിറപ്പായിമാറി.
കാലം കാത്തുവെച്ച അറിവുകള്‍
ഒട്ടനവധി നാട്ടുവൈദ്യന്‍മാരുടെയും നാട്ടറിവുകളുടെയും നാടാണ് വയനാട്. മാരി പെയ്തിറങ്ങുന്ന കാലവര്‍ഷത്തില്‍ കൊടും തണുപ്പിനെയും മലമ്പനിയെയും അതിജീവിച്ചുവന്ന ഗ്രോത്രവംശജരുടെ നാട്ടറിവുകള്‍ ഈ നാടിന്റെ പൈതൃകമാണ്.പ്രകൃതിയില്‍ നിന്നും കണ്ടെത്തിയ ഔഷധകൂട്ടുകള്‍ മാത്രമാണ് ഇവരുടെ വംശാവലിയെ ഏറെ ദൂരം മുന്നോട്ട് നടത്തിക്കൊണ്ടുവന്നത്.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പടര്‍ന്നു പിടിച്ച വസൂരിയടക്കമുള്ള രോഗത്തിന് കടിഞ്ഞാണിടാന്‍ ആദിവാസി വംശീയ വൈദ്യത്തിന് കഴിഞ്ഞതായി മുന്‍ തലമുറകള്‍ അടയാളപ്പെടുത്തുന്നു.കാട്ടിനുള്ളില്‍ നിന്നും ശേഖരിക്കുന്ന അപൂര്‍വ്വമായ ഔഷധക്കൂട്ടുകള്‍ ഓരോ രോഗത്തിനും പ്രത്യേകമായി തയ്യാറാക്കുന്നതില്‍ ആദിവാസി സമൂഹത്തിനെല്ലാം നിപുണതയുണ്ടായിരുന്നു.പലതും കാലങ്ങളോളം ഉണക്കി സൂക്ഷിച്ചുവെക്കാന്‍ കഴിയുന്നതായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം നാമ്പുകള്‍ നീട്ടുന്ന കാടിനുള്ള അമൂല്യ ഔഷധചെടികളെക്കുറിച്ച് പോലും ഗോത്ര വൈദ്യന്‍മാര്‍ക്ക് നല്ല ധാരണയുണ്ടായിരുന്നു.ഓരോ ഗോത്ര വിഭാഗത്തിനും വൈദ്യസിദ്ധിയുള്ള കുടുംബം ഉണ്ടായിരുന്നു.ഈ കുടുംബാംഗങ്ങള്‍ തലമുറകളായി കൈമാറ്റം ചെയ്താണ് ചികിത്സാ മുറകള്‍ നടത്തിയിരുന്നത്.ഈ അറിവുകള്‍ പരക്കെ പ്രചരിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി അലിഖിത ഗോത്ര നിയമമുണ്ട്. തലമുതിര്‍ന്ന വൈദ്യന്‍ ജീവിതത്തിന്റെ അവസാനപാദത്തില്‍ തന്റെ തലമുറയിലെ വിശ്വസ്തരായിട്ടുള്ള ഒരാളിലേക്കാണ് ഈ അറിവിനെ കൈമാറുക. കറുത്തിരുണ്ട വരുന്ന കര്‍ക്കടമാസം ഇവര്‍ക്കും കരുതലിന്റെ മാസമാണ്. ശരീരം ഇളമയ്ക്കുമ്പോള്‍ രോഗം എളുപ്പം കടന്നുകൂടും. ഇതിനായി തകര്‍ത്ത് പെയ്യുന്ന വയനാടന്‍ മഴയില്‍ ഇറതാണ ചെറിയ കുടിലുകളിലിരുന്ന് തീകൂട്ടി ആദിവാസികള്‍ ശരീരത്തെ ചൂടുപിടിപ്പിക്കും. കുറുന്തോട്ടിയുടെയും കാട്ടിനുള്ളില്‍ നിന്നും വേനല്‍ക്കാലത്ത് ശേഖരിക്കുന്ന ഔഷധചെടികളുടെ വേരുകളും കുടിലിന്റെ അകത്തളത്തിന് നടുക്കായി ഒരുക്കിയ അടുപ്പിലിട്ട് ഇവര്‍ പുകച്ചുകൊണ്ടിരിക്കും.മഴക്കാലത്ത് ശരീരമാസകലം പുകകൊണ്ട് വാടിയ ആദിവാസികളെ വയനാടിന്റെ നാട്ടുവഴികളെല്ലാം ഒരു കാലത്ത് പതിവായി കാണാമായിരുന്നു.രോഗത്തില്‍ നിന്നുമുള്ള മോചനത്തിനായിരുന്നു ഇവരുടെ ഈ പരിരക്ഷയെല്ലാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *