ഇന്ത്യ കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച്, കൊല്ലം ജില്ലയില്‍ ജൂലൈ 02 വരെ നേരിയതും സാമാന്യം ഭേദപ്പെട്ടതുമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഞാറ് പറിച്ചുനട്ട് 30, 50 ദിവസങ്ങളില്‍ നെല്ലില്‍ അടിക്കുന്ന സമ്പൂര്‍ണ കെഎയൂ മള്‍ട്ടിമിക്‌സ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ച് കൊടുക്കുക.
മഴക്കാലമായതിനാല്‍ കൃഷിയിടങ്ങളില്‍ ഒച്ചിന്റെ ശല്യം രൂക്ഷമായി കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിസരശുചിത്വവും മാലിന്യനിര്‍മ്മാര്‍ജ്ജനവും അനിവാര്യമാണ്. വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകര്‍ഷിക്കുന്ന പപ്പായ ഇലയോ പഴമോ / കാബേജില / ചോറ് /പുളിച്ച പഞ്ചസാര ലായനി തുടങ്ങിയവ നിരത്തുക. ഇങ്ങനെ ആകര്‍ഷിച്ച് കൂട്ടം കൂടുന്ന ഒച്ചുകളെ തോട് പൊട്ടിച്ചോ പുകയിലകഷായം – തുരിശ്മിശ്രിതം തളിച്ചോ നശിപ്പിക്കാവുന്നതാണ് പുകയിലകഷായം – തുരിശ്മിശ്രിതം തയ്യാറാക്കുന്ന വിധം ഇനി പറയുന്നു. 25 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരു ലിറ്റര്‍ ആക്കി തണുപ്പിച്ച ശേഷം ലായനി അരിച്ചു മാറ്റുക. 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ശേഷം രണ്ടുലായനികളും കൂട്ടിചേര്‍ത്ത് (2 ലിറ്റര്‍ ) കൂട്ടം കൂടുന്ന ഒച്ചുകളുടെ മേല്‍തളിക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം ഉപ്പ് കലക്കിയ ലായനി തളിച്ചും ഒച്ചുകളെ നശിപ്പിക്കാവുന്നതാണ്. ഇവയുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെറ്റാല്‍ഡിഹൈഡ് പെല്ലറ്റ് കെണി (സ്‌നെയില്‍ കില്‍) 2.5% വീര്യത്തില്‍ 2 കിലോ ഒരു ഏക്കറിന് എന്ന തോതില്‍ ഉപയോഗിക്കാവുന്നതാണ്. പല സ്ഥലങ്ങളിലായി 2 – 3 പെല്ലറ്റ് എന്ന തോതില്‍ വെച്ച് കൊടുക്കണം. വിഷക്കെണി ഉപയോഗിക്കുമ്പോള്‍ കുട്ടികളും വളര്‍ത്തുമൃഗങ്ങളും വളര്‍ത്തു പക്ഷികളും ഇതുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ഒച്ചുകളെ ശേഖരിക്കുമ്പോള്‍ ഗ്ലൗസോ, പ്ലാസ്റ്റിക്ക് കവറുകളോ കയ്യില്‍ ഉപയോഗിക്കേണ്ടതാണ്.
മഴക്കാലത്ത് ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളില്‍ മൂട്ചീയല്‍ രോഗം വരാതെ തടയുന്നതിനായി ചാലുകള്‍ കീറി നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കുക. ഒരു ലിറ്റര്‍ വെള്ളത്തിലേക്ക് 20 ഗ്രാം പച്ചച്ചാണകം എന്ന തോതില്‍ കലക്കി തെളിയെടുത്ത് അതിലേക്ക് 20ഗ്രാം സ്യുഡോമോണാസ് ചേര്‍ത്ത് തടത്തില്‍ ഒഴിച്ച് കൊടുക്കുന്നത് വഴി രോഗം പ്രതിരോധിക്കാവുന്നതാണ്.
കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബനാന സ്ട്രീക് വൈറസ് രോഗം കൂടുതലായി കണ്ടു വരുന്ന സാഹചര്യത്തില്‍ വാഴ കര്‍ഷകര്‍ ജാഗ്രത പാലിക്കുക. തുടക്കത്തില്‍ മഞ്ഞ നിറത്തിലുള്ള ചെറിയ പാടുകള്‍ ഇലകളില്‍ പ്രത്യക്ഷപ്പെടുകയും തുടര്‍ന്ന് ഈ പാടുകള്‍ നീളത്തിലുള്ള മഞ്ഞ വരകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നതാണ് രോഗ ലക്ഷണം. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രോഗം മറ്റു വാഴകളിലേക്ക് പടരാതിരിക്കുന്നതിനായി രോഗം ബാധിച്ച വാഴകള്‍ പിഴുതു മാറ്റി നശിപ്പിച്ചു കളയേണ്ടതാണ്. രോഗ ബാധയുള്ള പ്രദേശങ്ങളില്‍നിന്നും കന്നുകള്‍ തിരഞ്ഞെടുക്കാതിരിക്കുക. വൈറസ് രോഗ വാഹകരായ മീലി മുട്ടകളെ നിയന്ത്രിക്കുകയും ചെയ്യുക.
Leave a Reply