തെങ്ങിന്‍ തോട്ടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ഉണ്ടാവുന്ന ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയാണ് തെങ്ങിന്റെ മണ്ട ചീയലിന് കാരണമാകുന്ന കുമിളിന് വളരാന്‍ സഹായിക്കുന്നത്.
ലക്ഷണങ്ങള്‍
രോഗം ബാധിച്ച തെങ്ങിന്റെ നാമ്പോലക്കു ചുറ്റുമുള്ള ഒന്നോ രണ്ടോ ഓല മഞ്ഞളിക്കുന്നു. നാമ്പോലകളിലും ഒന്നോ രണ്ടോ ഓലകളിലും ഇളം കറുപ്പുനിറത്തിലുള്ള നനഞ്ഞ പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. നാമ്പോലകളില്‍ പാടുകള്‍ ബാധിച്ച ഭാഗങ്ങള്‍ അഴുകുന്നതോടെ അവ വാടി ഉണങ്ങി ഒടിയുന്നു. അഴുകല്‍ തെങ്ങിന്റെ കണ്ണാടി മുതല്‍ മണ്ടവരെ എത്തുമ്പോഴേയ്ക്കും അസുഖം മൂര്‍ച്ഛിക്കുന്നു. ഈ അവസ്ഥകളില്‍ കേടു ബാധിച്ച നാമ്പോല വലിച്ചാല്‍ എളുപ്പത്തില്‍ ഊരിവരുന്നതായും കാണാം. രോഗം ബാധിച്ച തെങ്ങുകളുടെ മണ്ട മറിഞ്ഞുവീഴുന്നത് കാണാം. മണ്ട ചീയല്‍ ഉണ്ടാക്കുന്ന കുമിള്‍, മച്ചിങ്ങ പൊഴിച്ചിലിനും കാരണമാകുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
തെങ്ങിന്റെ മണ്ട വൃത്തിയാക്കണം, താഴ്ന്ന പ്രദേശങ്ങളില്‍ മതിയായ നീര്‍വാര്‍ച്ചാ സൗകര്യം ഒരുക്കണം, നാമ്പോലയില്‍ കേടു ബാധിച്ചു കാണുന്ന ഭാഗങ്ങള്‍ മൂര്‍ച്ഛയുള്ള കത്തികൊണ്ട്് ചെത്തിമാറ്റണം. ചെത്തി മാറ്റിയ ഭാഗങ്ങള്‍ കത്തിച്ചു കളയണം. മുറിപ്പാടിന് ചുറ്റും ബോര്‍ഡോ കുഴമ്പ് പുരട്ടുകയും പോളിത്തീന്‍ കവര്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുകയും വേണം. മാങ്കോസെബ് സാഷേ അല്ലെങ്കില്‍ ട്രൈക്കോഡെര്‍മ കേക്ക് ഒരു തെങ്ങിന് രണ്ടെണ്ണം വീതം കൂമ്പോല കവിളില്‍ വെച്ചുകൊടുക്കുക. കൂടാതെ രോഗം ബാധിച്ച തെങ്ങിലും ചുറ്റുമുള്ള തെങ്ങിലും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം. ട്രൈക്കോഡെര്‍മ കേക്ക് ഓലയുടെ കവിളില്‍ വയ്ക്കുക. രണ്ട്് മാസത്തെ ഇടവേളകളില്‍ ഇവ തുടരാം.
Friday, 29th September 2023
Leave a Reply