Thursday, 12th December 2024

നാടന്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണത്തിനും വില്‍പ്പനയ്ക്കുമായി പുതിയ ആയിരം ഹോര്‍ട്ടി സ്‌റ്റോറുകളുമായി ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്തു പ്രവര്‍ത്തനമാരംഭിക്കും. നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന നിലയില്‍ വിപുലമായ ഹോര്‍ട്ടി ബസാര്‍ ആരംഭിക്കുവാനും തീരുമാനം. സെക്രട്ടറിയേറ്റ് അനക്‌സ് 2 ശ്രുതി ഹാളില്‍ ചേര്‍ന്ന ഔട്ട്‌ലുക്ക് – ഹോര്‍ട്ടികോര്‍പ്പ് എന്ന പരിപാടി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ അഡ്വ.എസ് വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷികരംഗത്ത് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കുമ്പോള്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വില്പന നടത്തി കര്‍ഷകരെ സഹായിക്കുവാന്‍ സജ്ജമാകണമെന്ന് മന്ത്രി സൂചിപ്പിച്ചു. ഹോര്‍ട്ടി ബസാര്‍, ഹോര്‍ട്ടി സ്‌റ്റോറുകള്‍ എന്നിവയ്ക്കുപുറമേ ഗുണനിലവാരമുള്ള ഫലവൃക്ഷതൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതില്‍ അഗ്രി ഫാമുകള്‍ ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ആരംഭിക്കുവാനും തേന്‍ വില്‍പ്പനയ്ക്കായി ഹണി ബങ്കുകള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു. കാര്‍ഷിക സമൃദ്ധി – ആരോഗ്യ ഭക്ഷണം എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ പുതിയ ലോഗോ ചടങ്ങില്‍ വച്ച് മന്ത്രി പ്രകാശനം ചെയ്തു. കൃഷിവകുപ്പ് സെക്രട്ടറി അലി അസ്ഗര്‍ പാഷ ഐഎഎസ്, ഹോര്‍ട്ടി കോര്‍പ്പ് എം. ഡി. ജെ. സജീവ് എന്നിവരും ഹോര്‍ട്ടികോര്‍പ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *