പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷി വകുപ്പ് സംഘടിപ്പിച്ച ഒരുതൈനടാം പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര തലക്കോട് എത്തിച്ചേര്‍ന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി നാട്ടുകാര്‍ക്ക് ആവേശവും ഒപ്പം നര്‍മ്മ രസങ്ങളും പകരുന്ന നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്. ഫലവൃക്ഷങ്ങള്‍ നടുന്നതിന് വേണ്ടി കര്‍ഷകന്‍ വര്‍ഗീസ് മഞ്ഞിലാസിന്റെ കൃഷിയിടത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഫീല്‍ഡില്‍ മൂവാണ്ടന്‍ മാവിന്റെ ഗ്രാഫ്റ്റ് തൈ നട്ടു കൊണ്ടാണ് മെഗാസ്റ്റാര്‍ ‘ഒരുകോടി ഫലവൃക്ഷതൈകള്‍ വിതരണം ഒരുതൈനടാം പദ്ധതിയുടെ’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. കൃഷി മന്ത്രി പി. പ്രസാദ് ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടിക്കൊപ്പം ടെലിവിഷന്‍ താരം രമേശ് പിഷാരടിയും ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിവരുന്ന ഒരു കോടി ഫലവൃക്ഷതൈകള്‍ വിതരണം എന്നത് പുതുമയാര്‍ന്ന സംഭവമാണെന്നും ഇത് നമ്മുടെ നഷ്ടപ്പെട്ട സാംസ്‌കാരിക മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള അവസരമാണെന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടു. നമ്മള്‍ വയ്ക്കാത്ത മരത്തിന്റെ തണലാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്നത്. അതുപോലെ വരുംതലമുറയ്ക്കായി നമ്മള്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും സംരക്ഷിക്കുകയും വേണം. കൃഷി എന്നത് മാനസികവും ശാരീരികവുമായ ആനന്ദം ലഭ്യമാക്കുന്ന പ്രക്രിയയാണ്. ആദ്യ സംസ്‌കാരമായ കൃഷിയെ സംരക്ഷിക്കേണ്ടത് ഈ തലമുറയുടെ കര്‍ത്തവ്യമാണെന്നും മെഗാസ്റ്റാര്‍ ഓര്‍മിപ്പിച്ചു. പദ്ധതിയുടെ ഭാഗമായുള്ള സമ്മേളനം എം എല്‍ എ അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ കൃഷിമന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. നാം കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്നത് ഗൗരവകരമായ ഇടപെടലുകളാണെന്നും ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ പദ്ധതി ഇതിന് ഉത്തമ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. കൃഷിചെയ്യുന്നതിന് മണ്ണുണ്ടായാല്‍ മാത്രം പോരാ മനസ്സു കൂടി വേണം മനസ്സില്‍ തൈ നട്ടാല്‍ മണ്ണിലേക്ക് യാഥാര്‍ഥ്യമാകും. വാത്സല്യത്തിലെ രാഘവന്‍ നായരെ പോലെ പച്ചയായ കാര്‍ഷിക പാരമ്പര്യം വിളിച്ചോതുന്ന ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ സാന്നിധ്യം ചടങ്ങിനെ ധന്യമാക്കിയതായും മന്ത്രി അഭിപ്രായപ്പെട്ടു.
Thursday, 12th December 2024
Leave a Reply