ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥ പ്രവചനമനുസരിച്ച്, കൊല്ലം ജില്ലയില്‍ നേരിയതും സാമാന്യം ഭേദപ്പെട്ടതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കൊല്ലം ജില്ല കൃഷി വിജ്ഞാനകേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കുന്ന പരിപാലന നിര്‍ദ്ദേശങ്ങള്‍:-
കാലവര്‍ഷ ആരംഭം ആയതിനാല്‍ കൃഷിയിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ചാലുകള്‍ കീറി നീര്‍വാര്‍ച്ച സൗകര്യം ഉറപ്പാക്കുക. താങ്ങ് നല്‍കി നിര്‍ത്തേണ്ട വിളകള്‍ക്ക് ആവശ്യമായ താങ്ങുകള്‍ നല്‍കുക. മഴക്കാലം കൊതുകള്‍ക്കു മുട്ടയിട്ട് പെരുകാന്‍ അനുയോജ്യമായ സമയമായതിനാല്‍ തൊഴുത്തും അതിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
വിരിപ്പ് നെല്‍കൃഷിയ്ക്കായി കുമ്മായവും അടിവളവും ചെയ്ത് നിലമൊരുക്കല്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ഞാറ്റടിയില്‍ നിന്നും മൂപ്പെത്തിയ ഞാറുകള്‍ ജൂണ്‍ ആദ്യവാരത്തോടെ പറിച്ചു നടാവുന്നതാണ്. ഞാറുകള്‍ പറിച്ചു നടുന്നതിനു മുന്‍പായി വേരുകള്‍ സ്യുഡോമോണാസ് (20 ഗ്രാം /ഒരു ലിറ്റര്‍ വെള്ളം ) ലായനിയില്‍ അര മണിക്കൂര്‍ മുക്കി വെച്ച ശേഷം നടുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. ഒരു നുരിയില്‍ രണ്ടോ മൂന്നോ ഞാറു വീതം 3 മുതല്‍ 4 സെ മി ആഴത്തില്‍ നടുന്നതാണ് നല്ലത്. കൂടുതല്‍ ആഴത്തിലുള്ള ഞാറ് നടീല്‍ ഒഴിവാക്കണം. നടീല്‍ സമയത്ത് വയലില്‍ 1.5 സെ.മി അളവില്‍ വെള്ളം നിലനിര്‍ത്താനും ശ്രദ്ധിക്കണം. ജല ലഭ്യത ഉറപ്പുള്ളതും അമ്ലത്വം കൂടുതലുള്ളതുമായ നിലങ്ങളില്‍ 15 ദിവസം കൂടുമ്പോള്‍ വെള്ളം കയറ്റി ഇറക്കുന്നത് നല്ലതാണ്.
നെല്ലില്‍ പറിച്ചു നടീല്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ കളകള്‍ മുളച്ചു പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കളകള്‍ പറിച്ചു കളഞ്ഞു നശിപ്പിക്കുകയോ അനുയോജ്യമായ കളനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയോ ചെയ്യുക. പറിച്ചു നടീല്‍ കഴിഞ്ഞ പാടങ്ങളില്‍ കളകള്‍ മുളച്ചു പൊങ്ങുന്നതിന് മുന്‍പ് എല്ലാത്തരം കളകളെയും നിയന്ത്രിക്കുന്നതിനായി പ്രെട്ടിലാക്ലോര്‍ + ബെന്‍സള്‍ഫ്യുറോണ്‍ മീതൈല്‍ (ലോണ്ടക്‌സ് പവര്‍ ) 10 കിലോ ഒരു ഹെക്ടറിലേക്ക് എന്ന തോതില്‍ നട്ട് അല്ലെങ്കില്‍ വിതച്ച് 6 ദിവസത്തിനുള്ളില്‍ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ പെനോക്‌സുലം 104 മില്ലി ഒരു ഹെക്ടറിലേക്ക് എന്ന തോതില്‍ നട്ട് അല്ലെങ്കില്‍ വിതച്ച് 15 മുതല്‍ 20 ദിവസത്തിനകം ഉപയോഗിക്കാവുന്നതാണ്.
മഴക്കാലമായതിനാല്‍ കൃഷിയിടങ്ങളില്‍ ഒച്ചിന്റെ ശല്യം രൂക്ഷമായി കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിസരശുചിത്വവും മാലിന്യനിര്‍മ്മാര്‍ജ്ജനവും അനിവാര്യമാണ്. വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകര്‍ഷിക്കുന്ന പപ്പായ ഇലയോ പഴമോ / കാബേജില / ചോറ് /പുളിച്ച പഞ്ചസാര ലായനി തുടങ്ങിയവ നിരത്തുക. ഇങ്ങനെ ആകര്‍ഷിച്ച് കൂട്ടം കൂടുന്ന ഒച്ചുകളെ തോട് പൊട്ടിച്ചോ പുകയില കഷായം – തുരിശ്മിശ്രിതം തളിച്ചോ നശിപ്പിക്കാവുന്നതാണ് (25 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരു ലിറ്റര്‍ ആക്കുക. തണുത്ത ശേഷം ലായനി അരിച്ചു മാറ്റുക. 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ശേഷം രണ്ടുലായനികളും കൂട്ടിചേര്‍ത്ത് (2 ലിറ്റര്‍ ) കൂട്ടം കൂടുന്ന ഒച്ചുകളുടെ മേല്‍തളിക്കുക.) അല്ലെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം ഉപ്പ് കലക്കിയ ലായനി ശേഖരിച്ച ഒച്ചുകളുടെ മേല്‍ തളിച്ചും നശിപ്പിക്കാം. ഇവയുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെറ്റാല്‍ഡിഹൈഡ് പെല്ലറ്റ് കെണി (സ്‌നെയില്‍ കില്‍ ) 2.5 % വീര്യത്തില്‍ 2 കിലോ ഒരു ഏക്കറിന് എന്ന തോതില്‍ ഉപയോഗിക്കാവുന്നതാണ്. പല സ്ഥലങ്ങളിലായി 2 മുതല്‍ 3 പെല്ലറ്റ് എന്ന തോതില്‍ വെച്ച് കൊടുക്കണം. വിഷക്കെണി ഉപയോഗിക്കുമ്പോള്‍ കുട്ടികളും വളര്‍ത്തുമൃഗങ്ങളും പക്ഷികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ഒച്ചുകളെ ശേഖരിക്കുമ്പോള്‍ ഗ്ലൗസോ പ്ലാസ്റ്റിക്ക് കവറുകളോ കയ്യില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.കാര്‍ഷിക കാലാവസ്ഥാനുബന്ധ വിവരങ്ങള്‍ക്ക് 9446093329, 9778764946, 8089392833 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply